ചൂട് കഠിനമാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

What are the precautions we take in summer season,ചൂട് കഠിനമാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വേനൽക്കാലം  (Summer) തുടങ്ങി കഴിഞ്ഞു. ദിനംപ്രതി  ചൂട് വർധിച്ച് വരികയുമാണ്. ചൂടിൽ നിന്നും സ്വയം രക്ഷനേടേണ്ടത് അത്യാവശ്യമാണ്. അമിതമായി ചൂട് ഏൽക്കുന്നത് നിർജ്ജലീകരണത്തിനും, സൂര്യതാപത്തിനും, സൂര്യഘാതത്തിനും ഒക്കെ കാരണമാകും. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. ചിക്കന്‍പോക്‌സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം രോഗബാധക്ക് ഇടയാക്കും. അതികഠിനമായ വേനലിൽ നമ്മുടെ ആരോഗ്യവും കരുതലോടെ പരിപാലിക്കണം. 

വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍, വഴിവക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വെള്ളം ഒഴിവാക്കണം. ശുദ്ധമായ ജലമല്ലെങ്കില്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാം. മഞ്ഞപ്പിത്തം, അതിസാരം എന്നിവയും ജലത്തില്‍ കൂടി പകരാം. വഴിവക്കില്‍ മുറിച്ച് വച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കരുത്. 24 മണിക്കൂറില്‍ കൂടുതല്‍ കടുത്തപനിയും തലവേദനയും നീണ്ട് നില്‍ക്കുകയാണെങ്കില്‍ അധികം താമസിയാതെ ഡോക്ടറുടെ സേവനം തേടണം.

ചൂട് കാലത്ത് വിയർക്കുന്നതിന്റെ അളവ് വളരെ കൂടുതലാണ്. അതിനാൽ തന്നെ നിർജ്ജലീകരണം (Dehydration) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരുപാട് വെള്ളം കുടിയ്ക്കാനും ജലത്തിന്റെ അളവ് ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കാനും ജ്യൂസ് കുടിയ്ക്കാനും ശ്രദ്ധിക്കണം. അത്പോലെ കാപ്പിയും ചായയും ഒഴിവാക്കുന്നത് ഉത്തമമാണ്.

ചൂടും വെയിലുമുള്ള ദിവസങ്ങളിൽ നേർത്ത ഇളം നിറത്തിലുള്ള ലൂസ് വസ്ത്രങ്ങൾ (Dress) ധരിക്കാൻ ശ്രമിക്കുക. കടുത്ത നിറങ്ങൾ ചൂട് കൂടുതൽ ആഗിരണം ചെയ്യുകയും  ഇത് വഴി ശരീരത്തിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വർധിക്കുകയും ചെയ്യും. മാത്രമല്ല ഇറുകിയ  വസ്ത്രങ്ങൾ വിയർക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും (Fruits) പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും.ചൂട് ഉച്ചസ്ഥയിയിൽ ആയിരിക്കുന്ന സമയങ്ങളിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രമിക്കുക.

വെയിൽ കൊള്ളുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദ്ദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുതൽ പൊള്ളുന്നതനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിൽ എത്തിക്കുക. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ട് ഭക്ഷണത്തിൽ അണുബാധ ഉണ്ടാകുന്നു. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്നു തന്നെ ചീത്തയായി പോകാനും സാധ്യതയുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുക. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ ശ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.

Post a Comment

Previous Post Next Post

News

Breaking Posts