ചൈനയിലെ എച്ച്എംപിവിയില്‍ ഇന്ത്യ പേടിക്കേണ്ടതുണ്ടോ? ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ

hmpv-virus-spreading-in-chinaചൈനയിലെ എച്ച്എംപിവിയില്‍ ഇന്ത്യ പേടിക്കേണ്ടതുണ്ടോ? ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ
 

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്. 

ഇന്ത്യ പേടിക്കേണ്ടതുണ്ടോ?

ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യ. വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) ഉദ്യോഗസ്ഥന്‍ ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു. അതേസമയം എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും പൊതുവായ മുന്‍കരുതലുകള്‍ എടുക്കണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇപ്പോഴത്തെ അവസ്ഥയില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും എന്നാല്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ ചികിത്സയൊന്നുമില്ലാത്തതിനാല്‍ അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണ് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 'ചൈനയില്‍ മെറ്റാപ്ന്യൂമോവൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്', ഡോ ഗോയല്‍ പറഞ്ഞു.

ഇന്ത്യയിസെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ഡാറ്റ തങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട് എന്നും 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് ഗുരുതരമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഇല്ല,' അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ സ്വാഭാവികമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാല്‍ തന്നെ ആശുപത്രികള്‍ സജ്ജമാണ് എന്നും ഗോയല്‍ പറഞ്ഞു. 'എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും പൊതുവായ മുന്‍കരുതലുകള്‍ എടുക്കുക. അതായത് ആര്‍ക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കില്‍ നിങ്ങള്‍ ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. ഇത് പടരാന്‍ അനുവദിക്കരുത്,' അദ്ദേഹം വ്യക്തമാക്കി.

ചുമയ്ക്കും തുമ്മലിനും ഒരു പ്രത്യേക തൂവാലയോ തുണിയോ ഉപയോഗിക്കുക. ജലദോഷത്തിനോ പനിക്കോ ആവശ്യമായ മരുന്നുകള്‍ കഴിക്കുക. അല്ലാത്തപക്ഷം നിലവിലെ അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ശ്വാസകോശ, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ കേസുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ചൈനയില്‍ പുതിയ ശ്വാസകോശ സംബന്ധമായ അസുഖം പടരുന്നത് ലോകമെമ്പാടും മറ്റൊരു കൊവിഡിന് സമാനമായ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 2020 ഡിസംബറില്‍ മധ്യ ചൈനീസ് നഗരമായ വുഹാനില്‍ ആണ്‌കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു. അതേസമയം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് സംബന്ധിച്ച കാര്യങ്ങളില്‍ ചൈനയില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Post a Comment

Previous Post Next Post

News

Breaking Posts