സ്ട്രീറ്റ് ലൈറ്റ്

സ്ട്രീറ്റ് ലൈറ്റ്

ചീറിപ്പായുന്ന വാഹനങ്ങള്‍ അവളുടെ ഉറക്കത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. തുരുമ്പിച്ച സ്ട്രീറ്റ് ലൈറ്റിന്‍റെ പഴകിയ ബള്‍ബുകള്‍ വെളിച്ചം തരുന്നതായി തോന്നിച്ചു. ബള്‍ബിനു ചുറ്റും 'ഹാപ്പി ബര്‍ത്ത് ഡേ' ആഘോഷിക്കുന്ന പ്രാണികള്‍ ചാലിട്ടൊഴുകുന്ന കണ്ണുനീരിനു കൂട്ടായി റോഡില്‍ വീണു ചിതറി. ആ ഒമ്പതു വയസ്സുകാരിയുടെ കണ്ണുകള്‍ ആരെയൊക്കെയോ ഭയപ്പെടുന്ന പോലെ. എവിടെയോ തിമിര്‍ക്കുന്ന മഴയുടെ നനുത്ത വര്‍ത്തമാനങ്ങള്‍ കാറ്റ് തെളിച്ചു കൊണ്ടുവന്നപ്പോള്‍ അതു തണുപ്പായി പരിണമിച്ചു. വിശക്കുന്ന ആ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിയാന്‍ സമയമെടുക്കുന്നുണ്ടായിരുന്നു. തണുപ്പകറ്റാന്‍ കൈകാലുകളെ അവള്‍ ഉടുവസ്ത്രത്തിലൊളിപ്പിച്ചു. ജീവനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ഒന്നുമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കടന്നു പോകുന്ന ഓരോരുത്തരുടെയും മുഖത്തേക്കവള്‍ ദയനീയമായി നോക്കി. തന്‍റെ അച്ഛന്‍റെ മുഖഛായ അവരിലില്ലാതിരുന്നെങ്കില്‍.......!

****            *****                   ****

അമ്മയുടെ വേര്‍പാടിന്‍റെ രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മയുടെ ലാളനകളും വിളികളും വീടിന്‍റെ ചുമരുകളില്‍ പതിയിരിക്കുന്ന പോലെ അവള്‍ക്കു തോന്നി. നനവു പടര്‍ത്തുന്ന ഓര്‍മ്മകള്‍ ഹൃദയത്തെ പിടിച്ചുലക്കിയപ്പോള്‍ പഠിക്കാന്‍ കഴിയാതെ പുസ്തകം മടക്കിവെച്ചു. അച്ഛന്‍ ഇതുവരെയും വന്നിട്ടില്ല. അമ്മയുടെ വേര്‍പാടിനു ശേഷം പാചകവും സ്വായത്തമാക്കി. അവള്‍ അച്ഛനു ചോറു വിളമ്പി മേശപ്പുറത്തു കൊണ്ടുവെച്ചു. പടിക്കല്‍ നിന്നും അച്ഛന്‍റെ കുര കേട്ടു ചാരിയ കതകു തുറന്നു. ചുവന്ന കണ്ണുകളും കാലിലെ വിറയലും കണ്ടപ്പഴേ അവള്‍ മനസ്സിലാക്കി, അച്ഛന്‍ ഇന്നും കുടിച്ചിട്ടുണ്ട്. രൂക്ഷമായി ഒരു നോട്ടം നോക്കിയ ശേഷം അയാള്‍ അകത്തേക്കു കയറി, ഭക്ഷണം വാരിവലിച്ചു തിന്നു. 

മൂകമായ അന്തരീക്ഷത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് ഇരുട്ടില്‍ ഒരു തുളയിട്ടു. അര്‍ധരാത്രിയായിക്കാണും. ഉറക്കത്തില്‍ ശരീരത്തിലെ സ്പര്‍ശനങ്ങളേറ്റ് അവള്‍ ഞെട്ടിയെഴുന്നേറ്റു. ഭീതിയോടെ അവള്‍ തിരച്ചറിഞ്ഞു, താന്‍ അച്ഛന്‍റെ കരവലയത്തിലാണെന്ന്........

ഓര്‍മകള്‍ കണ്ണീരായി കവിളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. ഒരു നിശ്ചയവുമില്ല, രാവിലെ എങ്ങോട്ടു പോകണമെന്ന്. ഇങ്ങനെ എത്ര നേരം കിടക്കാന്‍ കഴിയും....അച്ഛനില്‍ നിന്നും കുതറിയോടുമ്പോള്‍ അറിയില്ലായിരുന്നു എവിടെ പോകണമെന്ന്. വാഹനങ്ങള്‍ വളരെ അപൂര്‍വമായേ ഇപ്പോള്‍ കടന്നു പോകുന്നുള്ളൂ. എങ്കിലും ദയനീയതയോടെ സഹായഹസ്തം നീട്ടുമ്പോള്‍ പേടിയോടെ അറിയുന്നുണ്ടായിരുന്നു അവരിലെ തീക്ഷ്ണമായ കാമദാഹങ്ങള്‍. സുന്ദരമായ റൂമിലെ ബെഡില്‍ അമ്മയെ കെട്ടിപ്പുണര്‍ന്നു കിടക്കുന്ന മകളുടെ ചിത്രം മനസ്സിനെ വ്രണപ്പെടുത്തി. അപ്പോള്‍ പഴകിയ സ്ട്രീറ്റ് ലൈറ്റിനും അവളുടെ മുഖത്തിനും കാര്‍മേഘം മൂടിയ അന്തരീക്ഷത്തിന്‍റെ പ്രകാശമായിരുന്നു...

Post a Comment