ഉമ്മയൊരു നോവാണ്


ഉമ്മയൊരു നോവാണ്

വൈകുന്നേരമായിരുന്നു. അന്തരീക്ഷമാകെ മഞ്ഞയും ചുവപ്പും കലര്‍ത്തിയിരിക്കുകയാണ് സൂര്യന്‍. പണി കഴിഞ്ഞ് ആളുകള്‍ പുഴയില്‍ കുളിക്കുന്നുണ്ട്. അപ്പുറത്ത് കുട്ടികള്‍ വെള്ളം കലക്കിമറിക്കുകയാണ്. കൂട്ടിലെത്താന്‍ ധൃതിപിടിച്ച് കലപില കൂട്ടുന്ന കിളികളുടെ ആരവം ചെവിയെ അലോസരപ്പെടുത്തുന്നു. ഫുട്ബോള്‍ കളിയുടെ ആരവത്തിലാണ് കൂട്ടുകാരെല്ലാം. മണല്‍ പുറത്തിരുന്നു കളി കണ്ടുകെണ്ടിരിക്കുകയാണ് അന്‍വര്‍. കളിക്കാനാഗ്രഹമുണ്ടവന്. പക്ഷേ, പനി കാരണം ഉമ്മയുടെ വിലക്കുണ്ട്. കളിച്ചാല്‍ ചിലപ്പോള്‍ നല്ല ചുട്ട അടി കിട്ടും. 
ബാങ്കു കൊടുക്കാന്‍ സമയമായി. അന്‍വര്‍ എണീറ്റ് വീട്ടിലേക്ക് നടന്നു. അന്തരീക്ഷം മുഴുക്കെ അലയടിച്ചു നാഥന്‍റെ തിരുസവിധത്തിലേക്കുള്ള വിളി. ബാങ്കിന്‍റെ വചനങ്ങള്‍ പള്ളി മിനാരങ്ങളില്‍ നിന്നു ഒഴുകാന്‍ തുടങ്ങി. മറുപടി പറയാനാളില്ലാഞ്ഞിട്ടായിരിക്കാം, പ്രകൃതിയുടെ മറുപടി; പുഴയുടെ അക്കരെ നിന്നും പ്രത്യേക ഈണമുള്ള മറുപടിയായി പ്രതിധ്വനി മുഴങ്ങുന്നതു കേള്‍ക്കാം.
ഉമ്മ നബീസത്താത്ത വീട്ടില്‍ ഒറ്റക്കാണ്. ഉപ്പ ഉമ്മര്‍ക്ക രാത്രി വൈകിയേ വീട്ടില്‍ വരാറുള്ളൂ. അതും ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍. ബാപ്പാനെ കാണുന്നതു തന്നെ അന്‍വറിനു പേടിയാണ്. കള്ളു കുടിച്ചാണ് അധികവും വീട്ടില്‍ വരാറ്. വരുമ്പോള്‍ ആ ചുവന്ന കണ്ണുകള്‍ കണ്ടാല്‍ മതി "ഹാവൂ !" അവന്‍ നെടുവീര്‍പ്പിട്ടു. വന്നാല്‍ പാവം ഉമ്മയെ തല്ലാനും ശകാരിക്കാനും തുടങ്ങുന്ന ഉപ്പയോട് അവനു ദേഷ്യമാണു തോന്നുക. കിടന്നു കരയുന്ന ഉമ്മയുടെ ചാരെ അവനും കിടന്നു കരയാന്‍ തുടങ്ങും. പക്ഷേ, അപ്പോള്‍ ഉമ്മ പറഞ്ഞ വാക്കുകള്‍ പലപ്പോഴും അവനെ അത്ഭുതപ്പെടുത്തും.
'മോനെ... ഉപ്പാന്‍റെ സ്വഭാവം മാറാന്‍ എപ്പോഴും പടച്ചോനോട് ദുആര്ക്കണം". "പാവം! ഉമ്മ. ഞാന്‍ വലുതാകുമ്പോള്‍ ഉമ്മാനെ നല്ലോണം സ്നേഹിക്കും, എല്ലാം വാങ്ങിക്കൊടുക്കും". അവന്‍ ഉള്ളില്‍ പറഞ്ഞു. 
അന്‍വര്‍ ഇപ്പോള്‍ എട്ടാം ക്ലാസിലാണ്. പുഴയുടെ അക്കരെയുള്ള സ്കൂളിലാണവന്‍ പഠിക്കുന്നത്. 
"മോനെ.. എടാ നീയെന്താ എഴുന്നേല്‍ക്കാത്തെ, സ്കൂളില്ലേ നിനക്ക് ?" 
ഉമ്മ അവനെ തട്ടി വിളിച്ചു. ഹോ! അവന്‍ പുതപ്പ് മാറ്റി ദേഷ്യത്തോടെ എഴുന്നേറ്റു.ഉപ്പ ഇപ്പോഴും എ
ഴുന്നേറ്റിട്ടില്ല. നിസ്കരിക്കാന്‍ പള്ളിയിലേക്ക് നടന്നു. വരുമ്പോഴേക്കും ഉമ്മ ചായയും കടിയും റെഡിയാക്കിയിട്ടുണ്ടായിരിക്കും.  
സ്കൂളിലേക്ക് പോകുമ്പോള്‍ അവനോട് പറഞ്ഞു:
"മോനെ..! തോണിയില്‍ പോകണ്ട.. ബസില്‍ പോയാല്‍ മതി".
തോണിയപകടം നടന്ന ശേഷം, ഇപ്പോള്‍ തോണിയില്‍ പോകാന്‍ ഉമ്മ സമ്മതിക്കാറേയില്ല.
അവന്‍ ബാഗുമെടുത്തു ബസിനടുത്തേക്ക് നടന്നു. പലരും മുമ്പേ എത്തിയിട്ടുണ്ട്. കടകള്‍ തുറക്കാനാരംഭിച്ചിരിക്കുന്നു. കാക്കകള്‍ ചീനി മരത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. റോഡിലെത്തിയാലും ഉമ്മ നോക്കിയിരിക്കുകയായിരിക്കും. 'ഹോ..! ഞാന്‍ വലുതായില്ലേ...! ഈ ഉമ്മയെക്കൊണ്ട് തോറ്റു.' 
കുറേ പേരുണ്ടിപ്പോള്‍ ബസ്സില്‍. നാടിനെ കണ്ണീരിലാഴ്ത്തിയ തോണി ദുരന്തം എല്ലാവരിലും ആഘാതമേല്‍പിച്ചിട്ടുണ്ട്. പക്ഷേ, പുഴ ഒന്നുമറിയാത്ത മട്ടില്‍ ഒഴുകുക തന്നെയാണ്. 
അന്‍വര്‍ ക്ലാസില്‍ ഒന്നാമനാണ്. അതു നബീസത്താത്തയോടു ക്ലാസ് ടീച്ചര്‍ കഴിഞ്ഞ രക്ഷിതാക്കളുടെ മീറ്റിംഗില്‍ പറഞ്ഞിട്ടുണ്ട്. 
"റബ്ബേ... നീയെന്‍റെ കുട്ടിയെ നന്നാക്കണേ..!"
ആ ഉമ്മയുടെ നയനങ്ങള്‍ കേണു. പക്ഷേ, ഉമ്മര്‍ക്കയുടെ സ്ഥിതി ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി. അദ്ദേഹം ഇനിയും ഉണര്‍ന്നിട്ടില്ല. നിസ്കരിക്കാന്‍ പറയണമെന്നുണ്ട്. പക്ഷേ, നബീസത്താത്ത വേഗം പണികളില്‍ മുഴുകി. എഴുന്നേറ്റാല്‍ ചായ നിര്‍ബന്ധമാണ്. കിട്ടിയില്ലെങ്കില്‍ രാവിലെത്തന്നെ വഴക്കുണ്ടാക്കും. നബീസത്താത്ത തട്ടം കൊണ്ട് കണ്ണീര്‍ ഒപ്പിയെടുത്തു. പാത്രങ്ങളൊക്കെ കാലിയാണ്. സാധനങ്ങളെല്ലാം തീര്‍ന്നു പോയിട്ട് രണ്ടു ദിവസമായി. പറയണമെന്നുണ്ട്. പക്ഷേ, ചീത്ത പറയും. അതുകൊണ്ട് പിശുക്കിയാണ് സാധനങ്ങളെല്ലാം അവര്‍ കൈകാര്യം ചെയ്യുന്നത്. 
"എവിടെടീ ചായ?" ഉമ്മറാക്കയാണ്. നബീസത്താത്ത വേഗം ഗ്ലാസിലേക്ക് ചായയൊഴിച്ചു കൊടുത്തു. മരമില്ലിലെ ജോലിക്കാരനാണ് ഉമ്മര്‍ക്ക. എന്നും ജോലിയുണ്ടാകും. പക്ഷേ, പൈസ ചോദിച്ചാല്‍ ആ സ്വഭാവം പാടെ മാറുകയാണ് പതിവ്. 
ഉമ്മറാക്ക ഷര്‍ട്ടിട്ട് പോകാന്‍ ഒരുങ്ങുകയാണ്. നബീസത്താത്ത വാതില്‍ക്കല്‍നിന്നു- പിന്നെ പതുക്കെ ചോദിച്ചു. 
"പഞ്ചസാരയും അരിയുമൊന്നുമില്ല കുട്ടി ഇന്ന് ഫീസും ചോദിച്ചിരുന്നു".
"എന്താ നിങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ക്കാണോ?. കഴിഞ്ഞ വ്യാഴാഴ്ചയല്ലേ മേടിച്ചത്?". ഉമ്മറാക്ക മുരണ്ടു. പിന്നെ തോര്‍ത്തുമെടുത്ത് ഒറ്റപ്പോക്ക്. നബീസത്താത്ത നോക്കി നിന്നു. അയല്‍വാസികളോട് ചോദിച്ചു മടുത്തിരിക്കുന്നു. കൊണ്ടുവന്നതൊന്നും തിരച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലിതുവരെയും. അത്കൊണ്ട് ഇനിയും ചോദിക്കാന്‍ എന്തോ നല്ല മടി.
അന്‍വര്‍ ബസ്സിറങ്ങി സ്കൂളിലേക്ക് നടന്നു. ഇന്നു ബുധനാഴ്ചയാണ്. പലരും പുത്തന്‍ ഡ്രസ്സണിഞ്ഞു വരുന്നു. അന്‍വര്‍ മോന്‍ തന്‍റെ ഡ്രസ്സിലേക്കുനോക്കി, ആകെയുള്ള നല്ലഡ്രസ്സ്. അതും എല്ലാ ആഴ്ചയിലും ഇതുതന്നെയായിരിക്കും സ്കൂളടുക്കുംതോറും അവന്‍റെ ഹൃദയ മിടിപ്പ് കൂടി. ബെല്ലടിച്ചിട്ടുവേണം ക്ലാസില്‍ കയറാന്‍ കാരണം നേരത്തെചെന്നാല്‍ ഡ്രസ്സിന്‍റെ ഫാഷനെക്കുറിച്ചായിരിക്കും സംസാരം. അതിനിടയിലേക്കാണ് കഴിഞ്ഞയാഴ്ച കയറിവന്നതും. അന്നുതന്നെ ഫാസില്‍ കളിയാക്കിയതാണ്. അതുകേട്ട് പെണ്‍കുട്ടികളടക്കം ചിരിക്കാന്‍ തുടങ്ങും. അന്ന് ഡസ്കില്‍തലവെച്ച് കുറേ കരഞ്ഞുപോയിട്ടുണ്ട് പാവം അന്‍വര്‍.
"എനിക്ക് ഉപ്പ കാശുതരും പിന്നെ എനിക്ക് ഇഷ്ടമുള്ളത് വാങ്ങാനാണ് പറയുക" ശമീര്‍
 വലിയ വായില്‍ പറയുകയാണ്. അത്കേട്ട് ചിലരും ഏറ്റ് പിടിച്ചു. 
അന്‍വര്‍ പോക്കറ്റ് തപ്പി റബ്ബേ ഫീസ് ഇന്നും കൊണ്ടുവന്നിട്ടില്ല. ഇന്നലെയും ടീച്ചര്‍ ചോദിച്ചതാണ്, നാളെ കൊണ്ട് വരാമെന്ന് പറഞ്ഞതുമാണ്. ഇന്നെന്തു പറയും? അന്‍വര്‍ ചിന്താമഗ്നനായി. അപ്പുറത്ത് കുട്ടികള്‍ കൂട്ടം കൂടി മൊബൈലിലെന്തോ കണ്ട് രസിക്കുകയാണ്. ചിലര്‍ ബീഡി വലിക്കുന്നതും അവന്‍ കണ്ടു. അവരുടെ കൂടെക്കൂടെരുതെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. അപ്പോഴുണ്ട് പ്യൂണ്‍ നീട്ടി ബെല്ലടിക്കുന്നു. അന്‍വര്‍ മനമില്ലാ മനസ്സോടെ ക്ലാസിലേക്ക് നടന്നു. 
മണലിന് ചെറുതായ ചൂട് ഇപ്പോഴും ഉണ്ട്. സ്ത്രീകള്‍ കുളിക്കുന്നു. വലിയ വായില്‍ ഗീബത്തും നമീമത്തും തുടങ്ങിയിരിക്കുന്നു. മോല്യേര് കുട്ടികള്‍ കുളികഴിഞ്ഞ് മടങ്ങിപ്പോകുന്നു. അണ്ണന്മാര്‍ പുഴയെ കലക്കുന്നുമുണ്ട്. ഉമ്മറാക്ക പണികഴിഞ്ഞുവന്ന് മണല്‍പുറത്തിരിക്കുകയാണ്. കൂട്ടുകാരനായ അബുക്കാക്കയും മറ്റും കൂട്ടിനുണ്ട്. അടുത്തകൂട്ടുകാരാണ് എല്ലാവരും. ഉമ്മറാക്കയെ കള്ളുകുടിയലെത്തിച്ചതും അവരാണ്. പലതും അവരില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. കൂട്ടത്തില്‍ മോല്യേരെക്കുറിച്ച് അബുക്കാക്കയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. സ്വലാത്തുകളും വഅളുകളും അവരെ ഏറെ ബാധിച്ചിരിക്കുന്നത് തന്നെയാണ് പ്രധാനകാരണം. അവരെ പറഞ്ഞയക്കാന്‍ പല പണികളും പയറ്റിയതാണ്. പക്ഷേ നാട്ടുകാരുടെ പിടുത്തം അവരുടെ പാരകളെ ഒന്നുമല്ലാതാക്കി. പള്ളിയല്‍നിന്നും മധുരമായ ബാങ്കൊലി ഉയരാന്‍ തുടങ്ങി. പലരും പള്ളിയിലേക്ക് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. അവരെ പുച്ഛത്തോടെ നോക്കി അബുക്കാക്കയാണ് ആദ്യമെണീറ്റത്. എന്നിട്ട് പറഞ്ഞു:
"വാ നമുക്കു പോകാം കടയില്‍ തിരക്കാകും"
ബാറിലേക്കാണ്, ഉമ്മറാക്ക പോക്കറ്റ് തപ്പിനോക്കി. ശൂന്യമാണ്. അതുകണ്ട് അബുക്കാക്ക- 
"എടോ നിന്‍റെ വീട്ടില്‍ പണമൊന്നുമില്ലേ ഇല്ലെങ്കില്‍പെണ്ണുങ്ങളുടെ പണ്ടെമെടുത്തോണ്ട് വാ"
"ങും.. കഴിഞ്ഞയാഴ്ചയാ അവളുടെ അവസാന വളയുമെടുത്തത്. ഇന്ന് ഞാനില്ല, നിങ്ങള്‍ പൊയ്ക്കോ"
"അങ്ങിനെപ്പറഞ്ഞാലെങ്ങിനാ, ഇന്നു ഞാന്‍ നിന്‍റെ കാശെടുക്കാം നീ പിന്നെ തന്നാല്‍ മതി."
അവര്‍ ഉമ്മറാക്കയെ പിടിച്ചെഴുന്നേല്‍പിച്ചു. അവര്‍ പള്ളിക്കെതിരായ റോഡിലൂടെ നടന്നകന്നു.
**           **          **
അന്‍വര്‍ സ്കൂളിലേക്കുള്ള ഹോം വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കുകയാണ്. നബീസത്താത്ത അപ്പുറത്തിരുന്ന് ഖുര്‍ആന്‍ ഓതുന്നുണ്ട്. നാഥന്‍റെ വചനങ്ങള്‍ ശബ്ദമിടറിക്കൊണ്ട് പുറത്ത് വന്നു. അപ്പോഴാണ് ഉമ്മറാക്ക കയറിവന്നത്. കൂടെയുള്ളവര്‍ പടികടന്ന് പോകുന്നതും കാണാം. ഇന്നും കുടിച്ചിട്ടുണ്ട്. നബീസത്താത്ത മുസ്ഹഫ് പൂട്ടിവെച്ച് അടുക്കളയിലേക്കോടി. ഒരു വിധം ചുമരില്‍ പിടിച്ച് കട്ടിലില്‍ മലര്‍ന്നു കിടന്നു. കള്ളിന്‍റെ ഗന്ധം അവിടെമാകെ പരന്നു. അന്‍വര്‍ പുസ്തകം മടക്കി ഉമ്മയുടെ അടുത്തേക്കോടി. ഉമ്മ അവനെ മാറോട് ചേര്‍ത്ത് പിടിച്ച് കരഞ്ഞു. ചോറു വെച്ചിട്ടുണ്ട് പക്ഷേ, കൂട്ടാനൊന്നുമില്ല. കറി തന്നെ കഞ്ഞിവെള്ളം കൊണ്ടുണ്ടാക്കിയതാണ.് ചോറു ഇറങ്ങുന്നില്ല. നബീസത്താത്ത പാത്രം കഴുകി കിടക്കാന്‍ ചെന്നു. 
അന്‍വര്‍ ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ട് നബീസത്താത്ത ഉറങ്ങിയട്ടില്ല. ക്ലോക്കില്‍ 12 മണി അടിക്കുന്നു. കവിളിലൂടെ കണ്ണുനീര്‍ നിലക്കാതെ ഒലിക്കുന്നുണ്ട്. 
അന്‍വര്‍ സുബ്ഹിക്ക് പള്ളിയില്‍ പോയിരിക്കുകയാണ്. നിസ്കാരശേഷം കുറച്ച് ഖുര്‍ആനോതി, ഏകാന്തനായിരുന്ന് ദുആ ചെയ്തു. സ്കൂളില്‍ പോകാന്‍ തോന്നുന്നില്ല. സ്കൂളില്‍ പോകാന്‍ നേരം നൂറ് രൂപ കൊടുത്തശേഷം ഉമ്മ പറഞ്ഞു: 
"ഇതാ മോനേ ഫീസ് ഇന്നലെ അമ്മാവന്‍ വന്നിരുന്നു. നിനക്കുവേണ്ടി തന്നതാണ്"
അന്‍വര്‍ കാശ് പോക്കറ്റിലിട്ട് ബാഗെടുത്തു നടന്നു. നേരെ ചെന്നു പെട്ടത് ഉപ്പാന്‍റെ മുന്നില്‍. ഇന്നു നേരത്തെ എണീറ്റിട്ടുണ്ടായിരുന്നു ഉമ്മര്‍ക്ക. അയാള്‍ അവന്‍റെ പോക്കറ്റില്‍നിന്നും കാശെടുത്തു നടന്നു. അവന്‍ നിസ്സഹായനായി നോക്കിനിന്നു. അതുകണ്ട് നബീസത്താത്ത ഏങ്ങലടിച്ചു. കിടക്കയില്‍ വീണു കരഞ്ഞു.
അന്‍വര്‍ സ്കൂള്‍ നിര്‍ത്തി വീട്ടിലിരിക്കുകയാണിപ്പോള്‍. ടീച്ചര്‍മാര്‍ പലപ്രാവശ്യം വന്നന്വേഷിക്കുകയും ചെയ്തിരുന്നു. ഉപ്പയെ കണ്ടവര്‍ സംസാരിച്ചു.പക്ഷേ നിരാശയായിരുന്നു ഫലം. നബീസത്താത്തക്ക് എന്ത് ചെയ്യണമെന്നു നിശ്ചയമില്ല. ഒടുവില്‍ പള്ളി ദര്‍സിലേക്കയക്കാന്‍തന്നെ അവര്‍ തീരുമാനിച്ചു. അതിനായി ഉസ്താദുമാരെക്കണ്ട് കാര്യം ഉണര്‍ത്തുകയും അടുത്ത പള്ളിദര്‍സില്‍ കൊണ്ടാക്കുകയും ചെയതു. ഉമ്മര്‍ക്കയോട് ഒന്നും പറഞ്ഞിട്ടില്ല. നല്ലൊരു സമയം നോക്കി പറയാമെന്ന് വിചാരിച്ചതാണ്. പക്ഷേ എങ്ങനെ? ഇനിയും പഠിക്കാന്‍ വിടാന്‍ സമ്മതിക്കില്ല അദ്ധേഹമെന്ന് നബീസത്താത്താക്ക് അറിയാം. കഴിഞ്ഞ രാത്രിയില്‍ പറഞ്ഞത് നന്നായി ഓര്‍മ്മയുണ്ട്. 
"ഇഞ്ഞി ഓന് പഠിക്കാനൊന്നും പോണ്ട. ഓന്‍റെ പ്രായത്തിലുള്ള കുട്ട്യോളാ ആ പുഴയില്‍ മണല്‍ വാരി പൈസണ്ടാക്കണത്"
അന്‍വര്‍ ഇപ്പോള്‍ പള്ളിയില്‍ ഒരു മൂലയില്‍ പുറത്തേക്കും നോക്കിയിരിക്കുകയാണ്. റോഡിലൂടെ കുട്ടികള്‍ സ്കൂളിലേക്കു പോകുന്നതുകാണാം. പക്ഷെ അവന് ഏറെ വേദന ഉമ്മയെ പിരിഞ്ഞപ്പോഴാണ്. വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ തോന്നിയതാണ്. പക്ഷേ ഉമ്മാന്‍റെ മുഖമാലോചിച്ചപ്പോള്‍ വേണ്ടെന്നുതോന്നി. അമ്മാവന്‍ ഇവിടെ കൊണ്ടാക്കിയതിന് ശേഷം വീട്ടിലേക്ക് പോയിട്ടില്ല. ഇപ്പോള്‍ ക്ലാസില്ലാത്ത സമയമാണ്. 10-15 പേര്‍  ഇപ്പോള്‍ ദര്‍സിലുണ്ട്. കിതാബ് അവന് നന്നായി ബോധിച്ചിട്ടുണ്ട്. മീസാന്‍ അവന് നന്നായി അറിയാം ഉസ്താദ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അവന്‍ ശരിയായ ഉത്തരം പറയുന്നത് ഉസ്താദിന് അവനോടുള്ള മതിപ്പ് കൂട്ടി.
നബീസത്താത്ത വളരേ ക്ഷീണിതയായിട്ടുണ്ട്. ഇപ്പോള്‍ വീട്ടില്‍ എന്നും പട്ടിണിതന്നെയാണ്. ഉമ്മറാക്കക്ക് ഒരു മാറ്റവും വന്നിട്ടില്ല, പക്ഷേ രോഗങ്ങള്‍ അദ്ധേഹത്തെ അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. മരമില്ലിലെ ജോലി കാരണമായി ഹൃദയാഘാതം ഇടക്കിടെ ഉണ്ടാകുന്നുണ്ട്. ഇടക്കിടെ ചുമച്ച് കാര്‍ക്കിച്ച് തുപ്പുന്നുണ്ട്. നബീസത്താത്ത അടുക്കളയിലെ ജനലിലൂടെ പുഴഭാഗത്തേക്ക് നോക്കി ഒരേയിരിപ്പാണ്. മകനെകാണാനുള്ള ആശയും ദുഃഖവും ഒരുഭാഗത്ത് കൂടിക്കിടക്കുന്നു. പുഴയില്‍ ഈ ഉച്ചക്കും ആളുണ്ട്, പുഴയുലെ അവസാന ഒരു തരിമണല്‍ ഊറ്റിയെടുക്കുന്ന മണല്‍തൊഴിലാളികളുടെ ഒച്ചപ്പാടും ചിരിയും അവ്യക്തമായി കേള്‍ക്കാം. പുറത്തെ ആളനക്കം കേട്ടാണ് നബീസത്താത്ത തിരിഞ്ഞ് നോക്കിയത് . ഖദീജത്താത്തയാണ്, അയല്‍ക്കാരിയും കൂട്ടുകാരിയുമാണവര്‍. ഇവരുടെ സ്ഥിതികണ്ട് വളരേ സങ്കടമുണ്ട് അവര്‍ക്ക്. അതുകൊണ്ടുതന്നെയാണിപ്പോള്‍ വന്നതും. പലതും ചോദിച്ചു, മറുപടിമാത്രം പറയുന്നുണ്ട് നബീസത്താത്ത. 
"ജ്ജ് ഇങ്ങനെക്കുത്തിര്ന്നാ എന്താ കാട്ട്വാ അനക്ക് ചോറൊന്നും തിന്നണ്ടേ? പിന്നെ ഞാനൊരുകാര്യം പറയാനാണ് വന്നത്.നമ്മുടെ വടക്കേലെ ഹമീദ് മുതലാളീടെ പെണ്ണുങ്ങളെ രാവിലെ ഞാന്‍കണ്ടിരുന്നു. അവരുടെ മക്കളൊന്നും അവിടെയില്ല. ഓല്‍ക്ക് ഒരു ജോലിക്കാരിയെ വേണമെന്ന് പറഞ്ഞിരുന്നു. ദിവസം നൂറ് രൂപതരുംന്നും പറഞ്ഞു. അനക്ക് പൊയ്ക്കുടേ? അല്ലാതെ ഇജ്ജ്ങ്ങനെകുത്തിര്ന്നാല്‍ മനസ്സിനെന്താ ഒരു സൊകം?"
നബീസത്താത്ത മറുപടിയൊന്നും പറഞ്ഞില്ല. കണ്ണുനീര്‍ പെട്ടന്ന് ചാലിട്ടൊഴുകി. കുറേ ഇരുന്നു ചിന്തിച്ചു. പിന്നെ നാളെ മുതല്‍ വരുമെന്ന് പറയാനും ഖദീജത്താത്തയോട് പറഞ്ഞു. അവര്‍ നേരെ വടക്കോട്ട് പോയി. ഉമ്മര്‍ക്ക അപ്പോഴും നിലക്കാതെ കുരക്കുകയാണ്. പോയി നോക്കണമെന്നുണ്ട് പക്ഷേ, എന്തോ ഒന്ന് പിന്തിരിപ്പിക്കുന്നു..
രാവിലെ എട്ട് മണിയായിക്കാണും. സ്കൂള്‍ കുട്ടികള്‍ നിരയായി പോകുന്നുണ്ട്. ഉമ്മര്‍ക്ക എണീറ്റു ചായ കുടിക്കുകയാണ്. നബീസത്താത്ത ഒരു വിധം ജോലിക്കു പോകുന്ന കാര്യം പറഞ്ഞൊപ്പിച്ചു. ഒരു നോട്ടം നോക്കി. പിന്നെ മറുത്തൊന്നും പറയാതെ നടന്നു. 
ഇപ്പോള്‍ ഒരാഴ്ചയായി നബീസത്താത്ത വന്നിട്ട്. ഹമീദ് മുതലാളിക്കും ഭാര്യക്കും നന്നേ ബോധിച്ചിട്ടുണ്ടവരെ. ജോലി വളരെ കുറവാണ്. രാവിലെ വന്നാല്‍ അടിച്ചുവാരലും പിന്നെ പാത്രം കഴുകലും ഉച്ച ഭക്ഷണവും ചായയും രാത്രിയിലേക്കെന്തെങ്കിലും ഉണ്ടാക്കി തിരിച്ചുപോരാം. രാവിലെ ഭക്ഷണം അവര്‍ തന്നെ ഉണ്ടാക്കും. വലിയ വീടാണ്. മുകളില്‍ കയറാനും തുടക്കാനും വളരെ പ്രയാസപ്പെടുന്നുണ്ട്. ഭക്ഷണമെക്കെ അവിടുന്നാണ്. എല്ലാ തരത്തിലുള്ള കൂട്ടാനും ചോറും തിന്നുമ്പോള്‍ ഉമ്മര്‍ക്കയെയും അന്‍വറിനെയും ഓര്‍മ്മവരും. പിന്നെ ചോറിറങ്ങാറില്ല. ഹമീദിക്കക്കും ഭാര്യക്കും നബീസത്താത്തയുടെ എല്ലാ കാര്യങ്ങളുമറിയാം. അതുകൊണ്ട് തന്നെ ഡ്രസ്സും പണവും ഇടക്കൊക്കെ കൊടുക്കാറുണ്ട്. ഹമീദിക്കയുടെ മക്കള്‍ക്കും നബീസത്താത്തയെ നല്ല ഇഷ്ടമാണ്. 
(തുടരും)


മഗ്രിബിന് സമയമാവുമ്പോഴേക്കും നബീസത്താത്ത വീട്ടില്‍ മടങ്ങിയെത്താറാണ് പതിവ്. വരുമ്പോള്‍ കടയില്‍ കയറി വീട്ടാവശ്യങ്ങള്‍ക്കുള്ളതും കൈയില്‍ കരുതിയിരിക്കും. ഉമ്മര്‍ക്ക ജോലി കഴിഞ്ഞ് മടങ്ങിയെത്താന്‍ വൈകും. കള്ളു കുടിച്ചിട്ടുണ്ടെങ്കില്‍ ഓരോന്ന് പറഞ്ഞ് ബഹളം വെക്കാനും തുടങ്ങും. മാസ ശമ്പളം കിട്ടിയ ദിവസം മകന് കുറേ പണം അവര്‍ കരുതി വെച്ചു. ഒരാഴ്ച മുമ്പ് വന്ന അവന്‍ ഇനി അടുത്താഴ്ചയേ വരാറുള്ളൂ. പോകാന്‍ വളരെ മടിയുണ്ടായിരുന്നു അവന്. പള്ളിദര്‍സിലേക്കു മടങ്ങി പോകുമ്പോള്‍ ഇരുവരും കരഞ്ഞു. ഉമ്മറാക്ക വന്നു കയറി. എങ്ങനെയോ കാശ് കിട്ടിയതറിഞ്ഞിട്ടുണ്ട്. നബീസത്താത്ത കാശ് ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തട്ടിത്തെറിപ്പിച്ച് കാശും എടുത്തു പോയി. പാവം നബീസത്താത്ത. ചുണ്ടില്‍ നിന്നും ചോര വരുന്നുണ്ട്. മുറിവില്‍ മരുന്ന് പുരട്ടി. നല്ല നീറ്റലുണ്ട്. എങ്കിലും ആ മനസ്സില്‍ നിന്നും നാഥനോട് കേഴാനുണ്ടായിരുന്നത് ഒന്ന് മാത്രം. "നാഥാ നല്ല സ്വഭാവം നല്‍കണേ"- എന്ന്. 
പുഴയില്‍ കുറേയാളുകളുണ്ട്. വാഹനങ്ങള്‍ പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. പതിവു പോലെ ഉമ്മറാക്കയും കൂട്ടുകാരും സംസാരിച്ചിരിപ്പുണ്ട്. ഇന്നലത്തെ മഴയില്‍ പുഴയിലെ വെള്ളം കൂടിയിട്ടുണ്ട്. ചപ്പുചവറുകളും മറ്റും വെള്ളം കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. ഉമ്മറാക്ക മുകളിലേക്കി നോക്കി കിടപ്പാണ്. മൗനത്തെ ഭ്രമിച്ച് അബുകാക്കയാണ് ചോദിച്ചത്- "എടാ ഉമ്മറേ, നീ നിന്‍റെ മകനെ പള്ളീല് കൊണ്ടാക്കിയെന്നു കേട്ടു.." 
"ങ്ഹാ... ഞാനല്ല, ഓളാ അയച്ചത്- ഞാനൊന്നും മിണ്ടാന്‍ പോയില്ല. ഓന്‍ ബ്ടെ നിന്നാല്‍ പിന്നെ പൈസക്കും ചെലവാ"
"എടാ, നീ എന്തു പണിയാ കാണിച്ചത്- അവനെങ്ങാനും മോല്യേരായാല്‍ പിന്നെ നിന്‍റെ കഥ പറയാനുണ്ടോ... നിന്നെയവന്‍ ഉപദേശിച്ചു മാറ്റാന്‍ നിക്കും- മക്കളുടെ ഉപദേശം കേള്‍ക്കാന്‍ നാണമില്ലേ അതുമല്ല, വെറും ആയിരവും രണ്ടായിരവും മാത്രം ശമ്പളം കിട്ടുന്ന അവന് പിന്നെ നിന്നെയും ഓളെയും നോക്കാന്‍ കഴിയുമോ... ജ്ജ് ഒന്ന് ചിന്തിച്ചോക്ക്" 
ഉമ്മറാക്കയുടെ ചെവിയിലേക്ക് അവര്‍ ഓരോന്ന് തള്ളിക്കയറ്റാന്‍ തുടങ്ങി. ഉമ്മറാക്കയുടെ മനസ്സ് ദേഷ്യം കൊണ്ട് കലങ്ങി
എന്നിട്ട് എങ്ങോട്ടെന്നില്ലാതെ വേഗത്തില്‍ നടന്നു. അതു കണ്ട് ഒരു ത്യാഗം ചെയ്ത മാത്രയില്‍ അബുക്കയും മറ്റും ആശ്വാസത്തോടെ ഒന്നു ചിരിച്ചു.
ഇശാ നമസ്കാരം കഴിഞ്ഞ് നിസ്കാരപ്പായയിലാണ് നബീസത്താത്ത. ദിക്റുകളാല്‍ ആ ചുണ്ട് ചലിക്കുന്നുണ്ട്. ഇടക്കിടെ നിസ്കാരക്കുപ്പായത്തിലേക്ക് കണ്ണീര്‍ തുള്ളി ഇറ്റിവീഴുന്നുമുണ്ട്. അപ്പോള്‍ പുറത്ത് നിന്നും ഒച്ചപ്പാട് കേട്ടു-ഉമ്മറാക്കയാണ്. ഇന്നും കുടിച്ചിട്ടുണ്ട്. കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു. തെറിയും അശ്ലീലവും കലര്‍ന്ന വാചകത്തില്‍ കുറേ നിന്ന് ചൂടായി.
"നീ ന്‍റെ മോനെ എങ്ങോട്ടാടീ അയച്ചത് ഓനെ മോ ല്യാര്വാക്ക്വാലേ..." പാവം, നബീസത്താത്ത ഒന്നും മിണ്ടിയില്ല. പതിവു പോലെ അന്നും കുറേ കരഞ്ഞു.
രാവിലെ സൂര്യനും നബീസത്താത്താന്‍റെ ദുഃഖം പോലെ മങ്ങിയായിരുന്നു ഉദിച്ചു വന്നത്.കാക്കകള്‍ പുഴ വക്കില്‍ വെയിസ്റ്റുകളില്‍ നിന്ന് ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. ചെറുതും വലുതുമായി ആകെക്കൂടെ ഒരു കല്യാണത്തിന്‍റെ പ്രതീതിയുളവാക്കുന്നു. ഉമ്മറാക്ക അന്‍വറിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയിരിക്കുകയാണ്. അന്‍വറിന്‍റെ ഉസ്താദിന്‍റെ ഉപദേശ നിര്‍ദേശങ്ങളൊന്നും ഉമ്മറാക്കാന്‍റെ പരുത്ത ചെവിയില്‍ കയറുന്നില്ല. അന്‍വര്‍ പെട്ടികളുമെടുത്ത് ഒന്നും മിണ്ടാതെ പള്ളിയുടെ പടികളിറങ്ങി വീട്ടിലേക്ക് തിരിച്ചു. 
***       ***     ***
സന്ധ്യാ പുഷ്പങ്ങള്‍ തളര്‍ന്നു വാടാറായി. കൂടയണയാന്‍ പോകുന്ന സൂര്യ കിരണങ്ങള്‍ മുറ്റത്തു വേര്‍പാടിന്‍റെ നരച്ച ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്തു. വിഷാദ മുഖവുമായി വാതില്‍ പടിയും ചാരി നില്‍ക്കുകയാണു നബീസത്താത്ത. വീട്ടു ജോലിയുടെ ക്ഷീ ണം ആ മുഖത്തു പ്രകടമാണ്. പിന്നെയും മറ്റെന്തൊക്കെയോ കരിഞ്ഞ സങ്കല്‍പങ്ങള്‍  വെണ്ണീര്‍പൊടിയായി ചിതറി മാറുന്നുണ്ട്. അന്‍വറിനെ പള്ളി ദര്‍സില്‍ നിന്നും കൊണ്ടു വന്നിട്ടിന്നേക്ക് രണ്ടു ദിവസമായി. പഴയ കി താബുകളും പെട്ടിയും കരിമ്പനയടിച്ചു തുടങ്ങിയ മുണ്ടും ഷര്‍ട്ടും കൊണ്ടു വന്ന അതേ പടി കട്ടിലിന്മേല്‍ കൂട്ടിയിട്ടിരിക്കുന്നു. ഉമ്മറാക്ക പല ജോലികളും അന്വേഷിക്കുന്നുണ്ടവന്. മഗ്രിബ് നിസ്ക്കാര ശേഷം നബീസത്താത്ത ഖുര്‍ആന്‍ തുറന്നു. സാവധാനം യാസീന്‍റെ മധുര സൂക്തങ്ങള്‍ പാരായണം ചെയ്യാന്‍ തുടങ്ങി. അന്‍വര്‍ പള്ളിയില്‍ നിന്നും തിരിച്ചെത്തി. ഉമ്മറാക്ക വരാന്‍ സമയമായിട്ടില്ല. യാസീനും തബാറകയും ഓതി നബീസത്താത്ത ഖുര്‍ആന്‍ മടക്കി വെച്ചു. 
"മോനേ, ഉപ്പ നിന്നോട് നാളെ അങ്ങാടിയിലേക്കു ചെല്ലാന്‍ പറഞ്ഞിരുന്നു. അവടെ അന്നെ ഒരു കടയില്‍ നിര്‍ത്താനാണ്".
"ആ ഉമ്മാ, ഞാനറിഞ്ഞു".
"ആ... എന്താ ചെയ്യാ, അന്‍റെപ്പാന്‍റെ  സ്വഭാവം നിനക്കറിഞ്ഞു കൂടെ, ന്‍റെ കുട്ടിനെ പഠിക്കാനും സമ്മതിച്ചില്ല... റബ്ബേ, നീ കാത്തോളണേ.."
അന്‍വര്‍ കുളിച്ചു റെഡിയായി നേരത്തേ തന്നെ സ്റ്റാന്‍ഡിലെത്തി. ഉമ്മറാക്കയും അബുക്കാക്കയും അവനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കനപ്പിച്ച് ഒന്നു നോക്കിയ ശേഷം  അവനെയും കൂട്ടി തൊട്ടടുത്ത മൊബൈല്‍ ഷോപ്പിലേക്കു കയറി. 'നോക്കിയ മൊബൈല്‍ ഷോപ്പ്' എന്നു കടയുടെ മുമ്പില്‍ വലിയൊരു ബോര്‍ഡ് തൂക്കിയിട്ടിട്ടുണ്ട്. 
(തുടരും)


പ്രഭാത സൂര്യന്‍ വളരെ വിസ്മയത്തോടെ കാണപ്പെട്ടു. ആകാശത്തിന് പ്രത്യേക തെളിച്ചവുമുണ്ടിന്ന്. ഒന്നാം നോമ്പിന്‍റെ നിര്‍വൃതിയിലാണ് എല്ലാവരും. കുട്ടികള്‍ അരനോമ്പിന്‍റെ ഉത്സാഹത്തിലാണ്. അന്‍വര്‍ കടയിലേക്കു പോകാന്‍ എണീറ്റു. അത്താഴ ശേഷം നിസ്ക്കാരവും ഓത്തും കഴിഞ്ഞ് കിടന്നതാണ്. നബീസത്താത്ത ജനാലക്കരികില്‍ ഖുര്‍ആനില്‍ കര്‍മ്മനിരതയാണ്. ഖുര്‍ആന്‍ കാല്‍ഭാഗം ഇപ്പോള്‍ തന്നെ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. റമളാന്‍ ആയാല്‍ അവരങ്ങനിയാണ്. അധിക സമയവും ദിക്റും ദുആയും കൊണ്ട് ചുണ്ട് ചലിച്ചു കൊണ്ടേയിരിക്കും. അടുക്കളയില്‍ പണിയിലായിരിക്കുമ്പോഴും ദിക്ര്‍ ഉരുവിടുന്നുണ്ടായിരിക്കും. ഗീബത്തിനും നമീമത്തിനും അവര്‍ വഴിയൊരുക്കാറില്ല. അപ്പുറത്ത് അയല്‍ക്കാരികള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാല്‍ തന്നെ അവരങ്ങോട്ടു പോകാറില്ല. പള്ളികളിലെ വഅളുകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും ചെറുപ്പത്തിലേ പഠിച്ച ശീലങ്ങള്‍ ഇന്നും തുടര്‍ന്നു പോരുകയാണവര്‍. പത്തിരിപ്പണിക്കിടയില്‍ ദിക്ര്‍ ചൊല്ലുന്നതു കൊണ്ട് പണി തീര്‍ന്നതേ അവരറിയാറില്ല. ഈ സ്വഭാവങ്ങളൊക്കെ നബീസത്താത്തയില്‍ നിന്നും മറ്റു അയല്‍വാസികളും പഠിച്ചിട്ടുണ്ട്. അത്താഴത്തിനു നേരത്തെ എണീറ്റു തഹജ്ജുദും ദുആയും ചെയ്താണ് അടുക്കളയില്‍ കയറുക. പിന്നെ നിസ്കാര ശേഷം രാവിലെ വരെ ഓത്തായിരിക്കും. തറാവീഹിന് ചിലപ്പോള്‍ അയല്‍ക്കാരികളും വരാറുണ്ട്. ചുരുങ്ങിയത് മൂന്ന് ഖത്തം തീര്‍ക്കണമെന്ന് അവര്‍ തീരുമാനമെടുക്കുകയും ചെയ്യും. നോമ്പായതിനാല്‍ പല കടകളും അടഞ്ഞ് കിടപ്പാണ്. കടയില്‍ തിരക്കേയില്ല. ഉമ്മറാക്ക റമളാനായതിനാല്‍ പള്ളിയില്‍ പോകാറുണ്ട്. 'തെമ്മാടി, കള്ളുകുടിയന്‍...' എന്നൊക്കെ ആളുകള്‍ ഉമ്മറാക്കയെ അടക്കം പറഞ്ഞു. അതല്ലേ നമ്മുടെ നാട്ടിലെ പതിവും! ഒരാളെയും നന്നാകാന്‍ സമ്മതിക്കാറില്ലല്ലോ! എന്നും റമളാനായെങ്കിലെന്ന് അവനാശിച്ചു പോയി. തന്‍റെ ഉപ്പാക്ക് ഈ സ്വഭാവം നിലനിര്‍ത്തണേയെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. ളുഹ്ര്‍ നിസ്കാരത്തിനുള്ള ബാങ്ക് പള്ളിയില്‍ നിന്നും അലയടിച്ചു. ശിഹാബ് കടയിലുണ്ടായിരുന്നതിനാല്‍ അന്‍വര്‍ പള്ളിയിലേക്ക് നടന്നു.നോമ്പിന്‍റെ ക്ഷീണമൊന്നും ഇപ്പോഴും തോന്നിയിട്ടില്ലവന്. 
നിസ്ക്കാര ശേഷം ഉസ്താദ് എണീറ്റു നിന്നു. പള്ളിയില്‍ നിറയെ ആളുകളുണ്ട്. അവന്‍ അതിശയിച്ചു, വല്ലാത്തൊരു മാറ്റം! നോമ്പിന്‍റെ ശ്രേഷ്ഠതകള്‍ ഉസ്താദ് പറയാന്‍ തുടങ്ങി. അന്‍വര്‍ ഇഅ്തികാഫിന്‍റെ നിയ്യത്ത് വെച്ച് സാകൂതം വാക്കുകളെ ശ്രദ്ധിച്ചു. 
"...പരിശുദ്ധ റമളാന്‍ റഹ്മത്തിന്‍റെയും പാപമോചനത്തിന്‍റെയും നരകമോചനത്തിന്‍റെയും മാസമാണ്.  ഒരു സുന്നത്തിന് ഒരു ഫര്‍ളിന്‍റെയും ഒരു ഫര്‍ളിന് 70 ഫര്‍ളിന്‍റെയും പ്രതിഫലം ലഭിക്കുന്നതാണ്. റമളാനിലെ പ്രത്യേക നിസ്ക്കാരമായ തറാവീഹിനെ പതിവാക്കണം. പ്രിയപ്പെട്ടവരേ, അല്ലാഹു പറയുന്നുന്നുനോമ്പിന് പ്രതിഫലം നല്‍കുന്നവന്‍ ഞാനാണ്, മറ്റേതൊരു ഇബാദത്തിനെക്കാളും നോമ്പിനുള്ള പ്രതിഫലം മികച്ചതാണെന്നു ഇതു വ്യക്തമാക്കുന്നു. നിങ്ങളെ ആക്രമിച്ചാലും ചീത്ത പറഞ്ഞാലും അവരോടെതിര്‍ക്കാതെ ഞാന്‍ നോമ്പുകാരനാണെന്ന് പറയണമെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. നോമ്പുകാരന്‍റെ വായക്ക് അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ മണമുണ്ട്. ഒന്നു ചിന്തിച്ചു നോക്കുക സുഹൃത്തുക്കളേ, നമ്മേ ഈ വിധം പടച്ച തമ്പുരാന് നാം വഴിപ്പെട്ടില്ലെങ്കില്‍ നാം നാളെ റബ്ബിന്‍റെ അടുക്കല്‍ അനുഭവിക്കേണ്ട ശിക്ഷകള്‍... പട്ടിണി കിടന്ന് സഹിക്കുന്ന നോമ്പുകാരന് നോമ്പു തുറക്കുമ്പോഴും അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും ഉള്ള രണ്ട് സന്തോഷങ്ങളെ കുറിച്ച് പറഞ്ഞുതന്ന പ്രവാചകന്‍ നോമ്പുകാര്‍ക്ക് മാത്രം പ്രവേശനമുള്ള 'റയ്യാന്‍' എന്ന കവാടം, റമളാനില്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുകയും ശൈത്വാനെ ബന്ധിക്കപ്പെടുമെന്നും ഓര്‍മിപ്പിച്ചത് റമളാന്‍റെ ശ്രേഷ്ഠത എത്രത്തോളമുണ്ടെന്ന് നമുക്ക് ചിന്തിക്കാനാണ്. നോമ്പു നോറ്റാല്‍ മാത്രം പോരാ, മറിച്ച് ചീത്തവാക്കുകളും പ്രവര്‍ത്തികളും ഒഴിവാക്കുകയും വേണം. അങ്ങനെയുള്ളവന്‍റെ നോമ്പ് ആവശ്യമില്ലെന്നാണ് അല്ലാഹു പറഞ്ഞതെങ്കില്‍ റഹ്മത്ത് കിട്ടിയാലേ മഗ്ഫിറത്ത് ലഭിക്കൂ, മഗ്ഫിറത്ത് കിട്ടിയാലേ നരകമോചനം ലഭിക്കുകയുള്ളൂ. അതു കൊണ്ട് റമളാനില്‍ മാത്രമല്ല, ശേഷവും ജീവിതം അല്ലാഹുവിന് വഴിപ്പെട്ട രീതിയിലാക്കാന്‍ നാം ശ്രദ്ധിക്കണം..."
വലിയൊരു പേമാരി പെയ്തു തോര്‍ന്ന പോലെയായിരുന്നു പ്രഭാഷണം കഴിഞ്ഞപ്പോള്‍. അന്‍വര്‍ എണീറ്റു നടന്നു. മനസ്സ് നിറയെ ഉസ്താദിന്‍റെ വാക്കുകളായിരുന്നു. സുന്നത്തുകളും മറ്റു ദിക്റുകളും അധികരിപ്പിക്കാന്‍.... ചീത്ത പ്രവര്‍ത്തികള്‍ ഒഴിവാക്കല്‍... അങ്ങനെ നിരവധി തീരുമാനങ്ങള്‍ അവന് മുന്നില്‍ കുമിഞ്ഞ് കൂടി. അങ്ങാടിയില്‍ അപ്പോഴും നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ വാങ്ങുന്നവരുടെ തിരക്കിനാല്‍ കടകള്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. 

ബസിനരികെ തിക്കും തിരക്കും കൂട്ടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ നോക്കി ഒരു നിമിഷം  അന്‍വറും ഒരു വിദ്യാര്‍ത്ഥിയായി. ഓര്‍മയുടെ ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന ചവറുകള്‍ക്കിടയില്‍ നിന്നും കലാലയത്തിന്‍റെ ചെറുവിത്തുകള്‍ മുളച്ചു വന്നു. പക്ഷേ, ആ വിത്തുകള്‍ക്ക് ജീവനുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അതിന്‍റെ നാമ്പുകളെ മുളയിലേ നുള്ളിക്കളഞ്ഞ ജീവിതാനുഭവമാണ് അന്‍വറിന്‍റേത്. പല സംഘടനകളും ബാലവേലക്കെതിരെ ശക്തമായി പ്രതിഷേധിക്കാറുണ്ടെങ്കിലും ബാലന്മാര്‍ വേലക്കാരായതിന്‍റെ പിന്നാമ്പുറങ്ങള്‍ ശ്രദ്ധിക്കാറില്ല. വിദ്യാഭ്യാസത്തിന്‍റെ മാധുര്യം നുകരും മുമ്പേ പ്രാരാബ്ധത്തിനിടയില്‍ പെടുകയാണ് പലരും.
അന്‍വര്‍ കടയിലിരുന്ന് പുറത്തേക്കു നോക്കിയിരുന്നു. അബുക്കാക്കയുടെ മകനായ ശിഹാബിന്‍റെ മൊബൈല്‍ കടയിലെ ജോലിക്കാരനാണവന്‍. ദിവസങ്ങള്‍ കഴിഞ്ഞതോടെ അന്‍വര്‍ സര്‍വീസിംഗില്‍ നല്ല കഴിവു നേടി. കട സ്റ്റാന്‍ഡില്‍ തന്നെയായതു കൊണ്ട് തിരക്കൊഴിഞ്ഞ നേരമില്ല. പലപ്പോഴും ജോലിയുപേക്ഷിക്കാന്‍ തോന്നിയെങ്കിലും ഉപ്പയുടെ സ്വഭാവമോര്‍ത്തപ്പോള്‍ ഒരുവിധം പൊരുത്തപ്പെടുകയാണുണ്ടായത്. കടയിലെ പലകാര്യങ്ങളും അവനെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സര്‍വീസിംഗിനായി പ്രത്യേകം തയ്യാറാക്കിയ റൂമില്‍ മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നെഴുതിയ കുപ്പികള്‍ കണ്ട് ആദ്യം അതിശയിച്ചെങ്കിലും പിന്നീടതു പതിവു കാണിക്കയായി മാറി. കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്ത നീലച്ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ചും ഒമ്പത്- പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്  അധികവും വരാറ്. ശിഹാബാണ് അത്തരം പ്രോഗ്രാമുകള്‍ ചെയ്തു കൊടുക്കുന്നത്. അന്‍വറിന്‍റെ നല്ല മനസ്സ് അതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചു. 
*** *** ***                                      
ഉച്ചവെയില്‍ മെല്ലെ അരിച്ചിറങ്ങി. മഴവര്‍ഷത്തില്‍ പുഴ ഒരു സ്ട്രോങ് ചായയെപ്പോലെയായിട്ടുണ്ട്. പുഴവക്കത്തെ ചപ്പുചവറുകള്‍ ആദ്യം പെയ്ത മഴയില്‍ കുത്തിയൊലിച്ചു പോയതു കൊണ്ട് കാക്കകളുടെ ആരവങ്ങള്‍ പുഴക്കന്യമാണിന്ന്. തുടരെ പെയ്ത മഴ തെങ്ങിന്‍ ചുവട്ടിലും മുറ്റത്തും കെട്ടി നില്‍ക്കുന്നുണ്ട്. നബീസത്താത്ത നിലം തുടച്ചു കൊണ്ടിരിക്കുകയാണ്. രാവിലെ ചായയുണ്ടാക്കി പോന്നതാണ്. അന്‍വര്‍ കടയിലും ഉമ്മറാക്ക മരമില്ലിലും ആയതിനാല്‍ പകലില്‍ വീട്  ശൂന്യമായിരിക്കും. അതുകൊണ്ട് ഉച്ചക്കഞ്ഞി വെക്കുകയൊന്നും വേണ്ട. ഹമീദ്ക്കയുടെ വലിയ വീട്ടിലെ പ്രയാസമുള്ള പണി നിലം തുടക്കല്‍ മാത്രമാണ്. മുകളിലേക്കു കയറാന്‍ വളരെ പ്രയാസപ്പെട്ടു. കാല്‍മുട്ടിന്‍റെ വേദന അവരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. പലതവണയും ഹമീദ്ക്കയുടെ ഭാര്യ വിലക്കിയതാണ്, ഇത്ര ബുദ്ധിമുട്ടേണ്ടതില്ല എന്ന്. പക്ഷേ, ചെയ്യുന്ന ജോലിയോടുള്ള കൂറ് നബീസത്താത്തയെ ജോലിയെടുപ്പിക്കുകയാണ്.
അപ്പോള്‍ ജനാലയിലൂടെ ദൂരെ പാടവരമ്പിലൂടെ ഖദീജത്താത്ത ധൃതിയില്‍ നടന്നു വരുന്നതു കണ്ടു. ചെളിയില്‍ വഴുക്കാതിരിക്കാന്‍ ചെരുപ്പ് കൈയിലാണു പിടിച്ചിരിക്കുന്നത്. മുഖത്തിന് ഇരുണ്ട ആകാശത്തിന്‍റെ പ്രതിഛായയാണ്. നബീസാ... ദൂരെ നിന്നു തന്നെ അവര്‍ വിളിച്ചു. വിളിയിലെന്തോ പന്തികേട് തോന്നി നബീസത്താത്ത ഓടിവന്നു. ജ്ജ് വേഗം വാ, ഉമ്മറാക്കക്ക് മില്ലില്‍ നിന്നും പെട്ടെന്നൊരു നെഞ്ചുവേദന, ആള്‍ക്കാരെല്ലാം എടുത്തോണ്ട് ആശുപത്രിയിലെത്തിച്ചു. 'പേടിക്കാനൊന്നുല്യ. ജ്ജ് വേഗം മാറ്റി വാ, നമുക്ക് പോകാം.' ഓട്ടത്തിന്‍റെ കിതപ്പിനിടയില്‍ അവര്‍ ഒരു വിധം പറഞ്ഞു തീര്‍ത്തു. ശബ്ദം കേട്ട് ഹമീദ്ക്കയും ഭാര്യയും ഇറങ്ങി വന്നു. കുറച്ചു കാശും ഭക്ഷണവും നബീസത്താത്തയുടെ കൈയില്‍ കൊടുത്തു. അപ്പോഴേക്കും ഇളം വെയിലിനു മേല്‍ ആകാശത്ത് മഴക്കാര്‍ തണല്‍ വിരിച്ചു തുടങ്ങിയിരുന്നു. 
*** *** ***                                      
രണ്ടാം നിലയിലെ നൂറ്റിപ്പതിനാലാം റൂമില്‍ ഉമ്മറാക്ക മയങ്ങിക്കിടന്നു. മുഖമാകെ വിളറി തുടുത്തിട്ടുണ്ട്. വിയര്‍പ്പുകണങ്ങള്‍ താടിരോമങ്ങളെ നനച്ചു കൊണ്ടിരിക്കുന്നു. നബീസത്താത്ത അരികെ തളര്‍ന്നു നില്‍ക്കുകയാണ്. 
'പേടിക്കാനൊന്നുമില്ല, എന്നാലും സംസാരിക്കുകയൊന്നും വേണ്ട.' മരുന്ന് വാങ്ങാനുള്ള ലിസ്റ്റ് കുറിച്ചു കൊടുത്ത് ഡോക്ടര്‍ പുറത്തു പോയി. അപ്പോഴേക്കും അന്‍വറും കടയില്‍ നിന്നോടിയെത്തി. ഉമ്മാന്‍റെ കൈയില്‍ നിന്നും ലിസ്റ്റും വാങ്ങി മെഡിക്കല്‍ ഷാപ്പിലേക്കു നടന്നു. മരുന്നു കഴിച്ച ശേഷം കുറച്ചു സുഖം തോന്നി. ഉമ്മറാക്കയുടെ മുഖത്ത് പൊടിഞ്ഞ ജലകണങ്ങള്‍ വിയര്‍പ്പു തന്നെയായിരുന്നോ..? അതിനൊരു കണ്ണുനീരിന്‍റെ ഛായയില്ലേ....?
രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. ആശുപത്രി നല്ല പരിചിതമായി. പലരും ഇടക്കിടെ റൂമിലേക്കു വിവരങ്ങളറിയാന്‍ വന്നുകൊണ്ടിരുന്നു. അന്‍വര്‍ കടയിലും ആശുപത്രിയിലുമായി സമയം ചിലവഴിച്ചു.
ദിവസങ്ങള്‍ കൊഴിഞ്ഞ് ഒരാഴ്ചയായി ആശുപത്രിയിലായിട്ട്. ഉമ്മറാക്കയുടെ അസുഖം ഏറെക്കുറെ സുഖപ്പെട്ടിട്ടുണ്ടിപ്പോള്‍. പലപ്പോഴും ആ മുഖം മൂകമായിരിക്കും. എന്തൊക്കെയോ ആലോചനയില്‍ മുഴുകിയ ആ കിടപ്പ് കണ്ടാല്‍ പഴയ ഉമ്മറാക്കയെ മറന്നു പോകും. നബീസത്താത്ത ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയാണ്. താഴെ ആളുകള്‍ തിരക്കുപിടിച്ച് നടന്നു നീങ്ങുന്നുണ്ട്. ചീറിപ്പായുന്ന വാഹനങ്ങളുടെ മുകള്‍ ഭാഗം വളരെ വ്യക്തമായി കാണാം. വലിയ മനുഷ്യരും ചെറിയവരായി കാണപ്പെട്ടു. താഴെ എന്തോ പരിപാടിയുണ്ടെന്നു തോന്നുന്നു, ധൃതി പിടിച്ച് ചിലര്‍ സ്റ്റേജ് തയ്യാറാക്കുന്നുണ്ട്. അവരില്‍ തലേക്കെട്ട് കെട്ടിയ മുസ്ല്യാന്മാരെ കണ്ടപ്പോള്‍ തന്നെ നബീസത്താത്ത മനസ്സിലാക്കി, വഅളായിരിക്കുമെന്ന്. ടൗണിലെ തിരക്കിനെ നിശബ്ദമാക്കി കോരിത്തരിപ്പിക്കുന്ന വഅളിന്‍റെ അനൗന്‍സ്മെന്‍റ് കടന്നുപോയി.
അപ്പുറത്തെ പള്ളിയില്‍ നിന്നും അസര്‍ബാങ്കിന്‍റെ ശബ്ദം അങ്ങകലെ ഉയര്‍ന്നു നില്‍ക്കുന്ന മലമുകളിലേക്ക് പ്രവഹിച്ചു. പ്രപഞ്ചനാഥന്‍റെ സവിധത്തിലേക്കുള്ള വിളിയാളത്തില്‍ ഉയര്‍ന്ന കൂറ്റന്‍ മരങ്ങള്‍ തലകുനിച്ചു നില്‍ക്കുന്ന പോലെ നബീസത്താത്തക്കു തോന്നി. ടൗണിലെ ഉയര്‍ന്നു പൊങ്ങുന്ന ബഹളങ്ങളും ബാങ്കില്‍ അപ്രത്യക്ഷമായി. നബീസത്താത്ത പതുക്കെ വുളുവെടുക്കാനെണീറ്റു. നിസ്ക്കരിക്കാന്‍ വീട്ടിലെ പോലെ സൗകര്യങ്ങളില്ല. അതുകൊണ്ടു തന്നെ വീട്ടിലെ നിസ്ക്കാരത്തന്‍റെ നിര്‍വൃതി ആശുപത്രിയിലെ പ്രയാസകരമായ ചുറ്റുപാടില്‍ കിട്ടാറില്ല.
മഗ്രിബ് നിസ്ക്കാര ശേഷം നബീസത്താത്ത ജനാലയ്ക്കരികിലേക്ക് നീങ്ങിയിരുന്നു. പരിപാടി തുടങ്ങാനായിട്ടുണ്ട്. സ്റ്റേജില്‍ നിന്നും പ്രവാചക പ്രകീര്‍ത്തന ഇശലുകള്‍ അന്തരീക്ഷത്തെ മദീനയാക്കിയതു പോലെ. നിരത്തിയിട്ട സ്റ്റൂളുകളില്‍ ആളുകള്‍ സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു. മുന്നിലെ കസേരിയിലിരുന്ന വലിയ ഉസ്താദ് പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. ശേഷം വഅളിനു വേണ്ടി ഒരാള്‍ എണീറ്റു. ഇസ്ലാമിന്‍റെ മഹത്തായ ആദര്‍ശ സംബോധനം കേള്‍ക്കാന്‍ നബീസത്താത്ത ആവേശപൂര്‍വം കാതുകൂര്‍പ്പിച്ചു. വലിയ പ്രഭാഷകനാണെന്നു തോന്നുന്നു, എത്ര പെട്ടെന്നാ ആളുകള്‍ തടിച്ചുകൂടിയത്. സുന്ദരമായ ശൈലിയില്‍ പ്രഭാഷണമാരംഭിച്ചു. ആധുനികതയുടെ സാംസ്കാരിക, ധാര്‍മിക മൂല്യച്യുതിയുടെ വിവിധ തലങ്ങള്‍ക്കു ശേഷം കള്ളുകുടിയെ പറ്റിയായിരുന്നു പ്രഭാഷകന്‍ പറഞ്ഞുകൊണ്ടിരുന്നത്. 
 

ഉസ്താദ് പ്രഭാഷണം തുടര്‍ന്നു.
"......പ്രവാചകന്‍ (സ്വ) പറഞ്ഞിട്ടുണ്ട്, കള്ളുകുടി സകല തിന്മകളുടെയും താക്കോലാണെന്ന്. മാത്രമല്ല,  എല്ലാ ലഹരിയും ഹറാമാണെന്നും അവിടുന്ന് പറയുന്നുണ്ട്. ഇന്ന് വിപണിയില്‍ പല നിറങ്ങളിലും പേരുകളിലും പ്രത്യക്ഷപ്പെടുന്ന കള്ളിന്‍റെ വിവിധ ഇനങ്ങളും ഹറാം തന്നെ. മിക്ക ചെറുപ്പക്കാരും ഇന്ന് കള്ളിന്‍റെ അടിമകളാണ്. കൂട്ടുകാര്‍ക്കൊപ്പം കൂടി ഇത്തരം ദോഷങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ ചിന്തിക്കേണ്ടത് കൂട്ടുകാരില്ലാത്ത, മറ്റൊരു സഹായിയുമില്ലാത്ത ഏകാന്തമായ കൂരിരുട്ടുള്ള ഖബറിലേക്ക് എത്തിപ്പെടാനുള്ളതാണെന്നാണ്.....". ഭയാനകമായ നരക, ഖബര്‍ ശിക്ഷകളുടെ ഭീതിയിലേക്ക് നയിക്കുകയാണ് പ്രഭാഷകന്‍. മൂകമായ സദസ്സ് പേടിയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ ജനാലക്കരികില്‍ നബീസത്താത്തയും  വിതുമ്പുന്നുണ്ടായിരുന്നു. കള്ളിനെപ്പറ്റിയും ശിക്ഷകളെക്കുറിച്ചും പറഞ്ഞവ ആ ഹൃദയത്തെ പിടിച്ചുലക്കിയിട്ടുണ്ട്.
രണ്ടര മണിക്കൂര്‍ നേരത്തെ ഉജ്വല പ്രഭാഷണത്തിനു ശേഷം ആളുകള്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി. നബീസത്താത്ത എണീറ്റ് ഉമ്മറാക്കക്കു ഭക്ഷണം വിളമ്പി വെച്ച് നമസ്ക്കരിക്കാന്‍ പോയി. ഉമ്മറാക്ക എണീറ്റപ്പോള്‍ തലയിണ നനഞ്ഞു കുതിര്‍ന്നിരുന്നു. കള്ളുകുടിച്ചു വന്നിരുന്ന കാലത്തെ ഭീതീതമായ കണ്ണുകളെപ്പോലെ ഇപ്പോള്‍ ആ കണ്ണുകള്‍ ചുവന്നു തുടുത്തിട്ടുണ്ട്. ആ മുഖത്തെ കണ്ണുനീര്‍ പാടുകള്‍ കണ്ടാലറിയാം, ഉമ്മറാക്ക ഉറങ്ങുകയായിരുന്നില്ല, ആ ഹൃദയം തേങ്ങുകയായിരുന്നു. കഴിഞ്ഞ കാലത്തെ  പാപങ്ങളായിരുന്നു കണ്ണുനീരായി തലയിണയെ കുതിര്‍ത്തത്. കഞ്ഞിവെള്ളം ഉള്ളിലേക്കിറങ്ങുന്നതിനേക്കാള്‍ കണ്ണീര്‍ താഴേക്കൊഴുകി.
അന്‍വര്‍ കടയില്‍ നിന്നും നേരത്തേ തന്നെ എത്തിയിരുന്നെങ്കിലും പ്രഭാഷണം കഴിഞ്ഞ ശേഷമാണ് റൂമിലേക്കു വന്നത്. കടയിലെ തുച്ഛമായ ശമ്പളം ആശുപത്രിയിലെ ഫീസിനു തന്നെ തികയുന്നില്ല. ഉമ്മ അവസാന വളയും ഊരിത്തരുമ്പോള്‍ പലതവണ വിലക്കിയെങ്കിലും നിര്‍ബന്ധിച്ചു തന്നതാണ്. അതു വിറ്റു കിട്ടിയ കാശാണ് ഇപ്പോഴത്തെ ആശ്രയം മുഴുവനും. ഉപ്പ ഒരു കള്ളുകുടിയനായതിനാല്‍ നാട്ടുകാരോടു ചോദിക്കാനും അന്‍വറിന്‍റെ മനസ്സനുവദിച്ചില്ല. 
പരിമിത സൗകര്യങ്ങളുള്ള റൂമായതിനാല്‍ അവന്‍ പള്ളിയിലാണു കിടക്കാറ്. കുറച്ചു നേരം റൂമിലിരുന്ന ശേഷം അന്‍വര്‍ പള്ളിയിലേക്കു നടന്നു.
സമയം പത്ത് മണിയായിക്കാണും, ഉമ്മറാക്കയുടെ വിളി നബീസത്താത്തയെ ചിന്തയില്‍ നിന്നുണര്‍ത്തി. അതിശയത്തോടെയും ആശങ്കയോടെയും അവര്‍ കട്ടിലിനരികിലേക്കു നീങ്ങി. ബള്‍ബിന്‍റെ പ്രകാശത്തില്‍ ഒലിച്ചിറങ്ങുന്ന കണ്ണുനീരിന്‍റെ തിളക്കം നബീസത്താത്തയെ ഭയപ്പെടുത്തി. ഉമ്മറാക്ക കരയുകയാണ്. അവരുടെ കൈ പിടിച്ച് ഉമ്മറാക്ക ചോദിച്ചു.
"ജ്ജ് ക്ക് പൊറുത്തു തരൂലേ..?"
"എന്താ ഈ പറേണത്? ഇങ്ങക്കെന്താ...?
ഉമ്മറാക്കയുടെ ചുണ്ടുകള്‍ കരച്ചിലിനൊപ്പം ഇടറുന്നുണ്ട്. ഇടറുന്ന ചുണ്ടുകളില്‍ പതിയെ ശബ്ദം പുറത്തുവന്നു. 'ഞാന്‍ കൊറേ തെറ്റുകള്‍ ചെയ്തു. പടച്ചോന്‍ ന്നെ നരകത്തിലിടും. ജ്ജ് ക്ക് പ്രാര്‍ത്ഥിക്കണം. നമ്മുടെ മകനെ നല്ലോണം നോക്കണം, ന്‍റെ കുട്ടിയെ കൊറേ ചീത്ത പറഞ്ഞിട്ടുണ്ട്. പഠിക്കാനും വിട്ടില്ല, നിന്നേം ഞാന്‍ ഉപദ്രവിച്ചു..."ഉമ്മറാക്കയുടെ വാക്കുകള്‍ക്ക് കണ്ണുനീരിന്‍റെ ചുവയായിരുന്നു. ഇപ്പുറത്ത് നബീസത്താത്തയുടെ കണ്ണില്‍ നിന്നും സന്തോഷ-ദു:ഖത്തിന്‍റെ അശ്രുകണങ്ങള്‍ പൊഴിഞ്ഞു. ഉമ്മറാക്കയുടെ മാറ്റം മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു. അന്നു രാത്രി വളരെ വൈകിയാണ് ആ റൂമിലെ ലൈറ്റുകളണഞ്ഞത്. കുടംബ ജീവിതം തുടങ്ങിയിട്ടുള്ള ആദ്യത്തെ കൂടിയിരുന്ന സംസാരം കുറേ സമയം നീണ്ടു. ഉച്ചക്ക് ഡോക്ടര്‍ വന്ന് രാവിലെ പോകാമെന്ന് പറഞ്ഞപ്പോള്‍ ഉമ്മറാക്കക്കു വളരെ സന്തോഷം തോന്നി. ഇനിയുള്ള ജീവിതം വളരെ സന്തോഷത്തോടു കൂടിയായിരിക്കണം. നബീസത്താത്ത രാവിലെ പോകാനുള്ള ഒരുക്കങ്ങളിലേര്‍പ്പെട്ടു.
വൈകിയാണു കിടന്നതെങ്കിലും സുബഹി ബാങ്കിന്‍റെ ശബ്ദം നബീസത്താത്തയെ ഉണര്‍ത്തി. എന്തെന്നില്ലാത്ത സന്തോഷം ആ മുഖത്തെ ഉറക്കച്ചടവിനെ മായ്ച്ചുകളഞ്ഞു. അന്‍വറിനോട് ഉപ്പയുടെ കാര്യം പറയാന്‍ ആ മാതൃഹൃദയം വെമ്പല്‍ കൊണ്ടു. കട്ടിലില്‍ അലക്ഷ്യമായിക്കിടക്കുന്ന ഉമ്മറാക്കയുടെ കൈകാലുകള്‍ എന്തോ ഒരപായത്തെ സൂചിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും വൈകി ഉറങ്ങിയതല്ലേ എന്നു കരുതി നബീസത്താത്ത വിളിക്കാനൊന്നും പോയില്ല.
അന്നു സൂര്യന്‍ വൈകിയാണുദിച്ചത്. സൂര്യപ്രകാശത്തിനും മങ്ങല്‍ അനുഭവപ്പെട്ട പോലെ...ജനാലയിലൂടെ ഇരച്ചുവന്ന പ്രകാശകിരണങ്ങള്‍ റൂമിനെ ഇരുട്ടില്‍ നിന്നും മോചിപ്പിച്ചു. വീട്ടിലേക്കുള്ള ഒരുക്കങ്ങളെല്ലാം തീര്‍ന്നിട്ടുണ്ട്. നബീസത്താത്ത വസ്ത്രം മാറ്റി ഉമ്മറാക്കയെ വിളിച്ചുണര്‍ത്തി. ഒരനക്കവുമില്ല. ഹൃദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഭീതിയോടെ വീണ്ടും കുലുക്കിവിളിച്ചെങ്കിലും അനക്കമില്ലാത്ത ഉമ്മറാക്കയുടെ ശരീരം പ്രതികരിക്കാതെ കിടന്നു. പിന്നെ ആശുപത്രിയുടെ രണ്ടാം നിലയിലെ 114-ാം റൂമില്‍ നിന്നും ഒരു നിലവിളിയുയര്‍ന്നു. നബീസത്താത്ത ബോധരഹിതയായി വീണു. ഉണര്‍ന്നു വരുന്ന അന്തരീക്ഷത്തിലും പ്രഭാതസംഭവത്തില്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ഓട്ടങ്ങള്‍ ആശുപത്രിയെ സജീവമാക്കി. 
പത്ത് മണിയാവുമ്പോഴേക്കും ആശുപത്രി പരിസരം ജനനിബിഢമായിരുന്നു. മരണവിവരം കേട്ട് ജീവിതസമയത്ത് മിണ്ടാത്തവരും മരണാനന്തര ചടങ്ങിലേക്ക് ഒഴുകിയെത്തി. അന്‍വര്‍ കട്ടിലിനു ചാരെ തളര്‍ന്നു മുഖം പൊത്തിയിരുന്നു. വീട്ടിലേക്കു മയ്യിത്ത് കൊണ്ടുപോവാന്‍ ആംബുലന്‍സ് താഴെ വന്നു നിന്നു. വൈകാതെ, നാടിന്‍റെ നാനാ ഭാഗങ്ങളിലേക്കും ഉമ്മറാക്കയുടെ മരണവിവരവുമായി അനൗന്‍സ്മെന്‍റ് ജീപ്പ് ഓടിക്കൊണ്ടിരുന്നു.
"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി........."
      ***             ****                   ***
ഉമ്മറാക്കയുടെ മരണശേഷം ഒരാഴ്ച കടന്നുപോയി. നബീസത്താത്ത ഇദ്ദയിലാണ്. അന്‍വര്‍ ഒരാഴ്ചയായി കടയില്‍ പോയിട്ട്. ഉപ്പയുടെ മരണം അവനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വെച്ച് തന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അവനുള്ളില്‍ ഉപ്പയോടുള്ള സ്നേഹത്തിനു ആഴം കൂട്ടി. രാത്രിയിലെ മൗലിദിന് വീട് നിറയെ ആളുകളുണ്ടാകും. അന്‍വര്‍ സുന്നി സംഘടനയില്‍ അംഗമായതു കൊണ്ടു സംഘടനാ പ്രവര്‍ത്തകര്‍ എപ്പോഴും അവനു കൂട്ടായുണ്ട്. മൗലൂദിന് നേരത്തേ തന്നെയെത്തി അവര്‍ തന്നെയാണ് ദുആക്കും മറ്റും നേതൃത്വം നല്‍കാറുള്ളത്. വളരെ സന്തോഷം തോന്നിയിട്ടുണ്ടപ്പോള്‍. ആ സംഘടനയില്‍ കൂടാനായതില്‍ അല്ലാഹുവിനോട് ഒരുപാട് നന്ദി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇറങ്ങാന്‍ പലരും പ്രേരിപ്പിച്ചെങ്കിലും അവന്‍റെ മനസ്സു വഴങ്ങാത്തതു ഈയൊരു കാര്യം കൊണ്ടു മാത്രമാണ്. നാട്ടിലെ പല രാഷ്ട്രീയ നേതാക്കളുടെയും മരണാനന്തര ചടങ്ങുകളിലെ രംഗങ്ങള്‍ അവനു സുബോധമുണ്ടാക്കിക്കൊടുത്തു. പാര്‍ട്ടിയുടെ ആചാര കര്‍മ്മങ്ങളാണവര്‍ നടത്തുക. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന പോലും നടത്താതെ പിരിഞ്ഞു പോയി വെറും 'സ്മരണ' മീറ്റിംഗുകളായി പര്യാവസാനിക്കുമ്പോള്‍ ഈ സുന്നി സംഘടനയുടെ പ്രവര്‍ത്തനഗോഥയാണു അവനെപ്പോലെ പലരെയും സംഘടനാനുഭാവികളാക്കിയത്. 
പള്ളിയില്‍ പോകുമ്പോഴെല്ലാം ഉപ്പയുടെ ഖബറിനരികില്‍ പോയ ശേഷമേ മടങ്ങാറുള്ളൂ. വെള്ളിയാഴ്ചകളില്‍ ടൗണ്‍ പള്ളിയൊഴിവാക്കി തന്‍റെ ഉപ്പ വിശ്രമിക്കുന്ന മഹല്ലു പള്ളിയിലേക്കു എത്ര തിരക്കിലും ഓടിയെത്താന്‍ അവന്‍ ശ്രമിച്ചു.
അന്‍വര്‍ ഇനിയൊരു കുടുംബനാഥനാണ്. ആ അണു കുടുംബത്തിന്‍റെ ഏക ആശ്രയം...മൊബൈല്‍ കടയിലെ ശമ്പളം പലപ്പോഴും തികയാതെ വന്നു. ചെറിയ തുകയില്‍ ആ കുടുംബ ചക്രം പതിയെ മുന്നോട്ടു നീങ്ങി.

സമയം ഉച്ചകഴിഞ്ഞിരുന്നു. ഉച്ചവെയിലിന്‍റെ ശക്തി വളരെയധികമായതു കൊണ്ട് വീടുകളെല്ലാം അടഞ്ഞു കിടപ്പാണിപ്പോള്‍, നബീസത്താത്ത ഭക്ഷണവും നിസ്കാരവും കഴിഞ്ഞ് മുസ്ഹഫെടുത്തു ജനലിനരികിലിരുന്നു ഓതുകയാണ്. തലേന്ന് വിസക്കുള്ള പണത്തിനു വേണ്ടി ഭൂമി വിറ്റതിന്‍റെ അടയാളമായി കുറ്റികള്‍ അടിച്ചതു കാണാം. അന്‍വര്‍ ടിക്കറ്റ് ശരിയാക്കാന്‍ ട്രാവല്‍സ് വരെ പോയതാണ്. പോകാനുള്ള പുതിയ ഡ്രസ്സുകള്‍ അലമാരയില്‍ ഭദ്രമായി അടുക്കിവെച്ചിട്ടുണ്ട്.
വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് നബീസത്താത്ത മുസ്ഹഫില്‍ നിന്നും തലയുയര്‍ത്തിയത്. വാര്‍ദ്ധക്യത്തിന്‍റെ അടയാളങ്ങള്‍ ആ വലിയ കണ്ണടകള്‍ക്കിടയിലൂടെ കണ്ണില്‍ പ്രതിഫലിച്ചിട്ടുണ്ട്. മുഖത്തും കൈകളിലും ചുളിവുകള്‍ വീണുതുടങ്ങിയിരുന്നു. നരച്ചു തുടങ്ങിയ മുടികള്‍ കാറ്റിന്‍റെ തലോടലില്‍ ആടുന്നുണ്ട്. വാതില്‍ക്കല്‍ പുഞ്ചിരിയുമായി അന്‍വര്‍ നില്‍ക്കുന്നു. കൈയില്‍ ചെറിയ പൊതിയുമുണ്ട്. നബീസത്താത്ത കണ്ണടയും മുസ്ഹഫും ചുംബിച്ചുകൊണ്ട് അലമാരയില്‍ വെച്ചു. ടിക്കറ്റ് ശരിയാക്കിയാണ് അന്‍വര്‍ എത്തിയിരിക്കുന്നത്. അടുത്തയാഴ്ചയെന്നു കൂടി കേട്ടപ്പോള്‍ അവര്‍ അറിയാതെ നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞുപോയി ' അല്‍ഹംദുലില്ലാഹ്...' പടച്ചോനേ... ന്‍റെ കുട്ടീനെ കാക്കണേ...!
ഗള്‍ഫിലേക്ക് പോകുന്നതിന്‍റെ തലേന്ന് വീട്ടില്‍ നല്ല തിരക്കുണ്ടായിരുന്നു. അമ്മാവന്‍ കുടുംബസമേതം ആദ്യമായി വീട്ടില്‍ വരുന്ന ദിനം കൂടിയായിരുന്നു അന്ന്. കൂട്ടുകാരോടെല്ലാം യാത്രപറഞ്ഞെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. പെട്ടിയും ഡ്രസ്സുമെല്ലാം നേരത്തെ അയല്‍വാസികളും മറ്റും റെഡിയാക്കി വെച്ചിട്ടുണ്ട്. സുബ്ഹി നേരമായി. എല്ലാ വീടുകളും നിദ്രയില്‍ മുഴികിയിരിക്കുന്നു. അന്‍വറിന്‍റെ വീട്ടിലിപ്പോള്‍ എല്ലാവരും ഉണര്‍ന്ന് വിമാനത്താവളത്തിലേക്ക് യാത്രയാക്കാന്‍ പോകാന്‍ ഒരുങ്ങുകയാണ്. ഉസ്താദെത്തി ദുആ ചെയ്തുപിരിയുമ്പോള്‍  പണ്ട് ആദ്യമായി പള്ളിദര്‍സിലേക്ക് പടികളിറങ്ങിയ ഓര്‍മകള്‍ പോലെ തോന്നി അന്‍വറിന്. അന്നത്തെ നബീസത്താത്തയെപ്പോലെ കരഞ്ഞു നില്‍ക്കുകയാണ് അവരിപ്പോഴും. പോകുന്ന വഴിയില്‍ പള്ളിക്കാടിനടുത്ത് വണ്ടിനിറുത്തി ഉപ്പയുടെ ഖബറില്‍ ദൂആ ചെയ്ത് പിരിയുമ്പോള്‍ പിരിയുമ്പോള്‍ ഇറ്റി വീണ കണ്ണീര്‍ത്തുള്ളികള്‍ മീസാന്‍ കല്ലില്‍  നനവു പടര്‍ത്തി. ടവ്വലെടുത്തു മുഖം തുടച്ചു. അന്‍വര്‍ വണ്ടിയിലേക്ക് നടന്നു. വിമാനത്താവളം  ആളുകളും വാഹനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വലിയ പെട്ടിയുമായി ചിരിച്ചെത്തുകയാണ് ചിലര്‍. എന്നാലും, മണലാരണ്യത്തിന്‍റെ ചൂടും ബുദ്ധിമുട്ടുകളും അനുഭവിച്ച ഭാവങ്ങള്‍ അവരില്‍ പ്രകടമാണ്. മറ്റു ചിലര്‍ വീണ്ടും ഒരു അറ്റ കൈ പ്രയോഗത്തിന് മുതിരാന്‍ വേണ്ടി ബന്ധുക്കളോട് വിട ചോദിക്കുകയാണ്. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നാവു നീട്ടി നായ്ക്കളും 'റ്റാ റ്റാ' പറയുന്നുണ്ട്. വിമാനത്തിന്‍റെ ഇരമ്പല്‍ റണ്‍വേയില്‍ നിന്നും വ്യക്തമായി കേള്‍ക്കാം. പോക്കറ്റും വയറും വീര്‍പ്പിച്ച് നേതാക്കന്‍മാര്‍ പരിശോധനകള്‍ക്കിടയിലൂടെ കടന്നു പോയി.
അന്‍വര്‍ വണ്ടിയില്‍ നിന്നും നെഞ്ചിടിപ്പോടെ ഇറങ്ങി ചുറ്റും നോക്കി. ആദ്യമായാണ് ഇത്തരം ഒരു സ്ഥലത്ത് കാലുകുത്തുന്നത്. വിമാനത്തിന്‍റെ സമയ ക്രമങ്ങള്‍ മോണിറ്ററില്‍ മാറിമറിയുന്നു. ദുബൈ, അബൂദാബി, എയര്‍ ഇന്ത്യന്‍ ഫ്ളൈറ്റ് ചെക്-ഇന്‍ നടത്തുന്നതിനായി മോണിറ്ററില്‍ തെളിഞ്ഞുവന്നു. അവന്‍ അവസാന യാത്രയും പറഞ്ഞു സലാം ചൊല്ലി  ബോര്‍ഡിംഗ് പാസ്-കൗണ്ടറിനടുത്തേക്കു നീങ്ങി. അപ്പോള്‍ ഒരു കുടുംബിനിയുടെ പക്കല്‍ നിന്നും ലഗേജിന്‍റെ തൂക്കം കൂടുതലാണെന്ന് പറഞ്ഞു കൗണ്ടറുകാരന്‍ തന്‍റെ 'പോക്കറ്റ് വീര്‍പ്പിക്കാന്‍' ഒരു ശ്രമം നടത്തുന്നത് അവന്‍ കണ്ടു നടുങ്ങി. അന്‍വറിന്‍റെ ലഗ്വേജും പരിശോധിച്ചു. കുഴപ്പമൊന്നുമില്ല. അല്‍ഹംദുലില്ലാഹ് അവന്‍ അല്ലാഹുവിനെ സ്തുതിച്ചു. കുഴപ്പമൊന്നുമില്ലാത്തതിനാലാവണം അയാള്‍ അന്‍വറിനെ രൂക്ഷമായൊന്നു നോക്കി. പുറത്ത് ബന്ധുക്കള്‍ പോവുകയാണെന്നു കൈ വീശികാണിച്ചു. 
*** *** ***
അബൂദാബി വിമാനത്തില്‍ അന്‍വര്‍ ഭയവിഹ്വലനായി ഇരുന്നു. ആദ്യ വിമാനയാത്രയുടെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. സീറ്റിലിരുന്ന് ചെറിയ ഗ്ലാസിലൂടെ പുറത്തെ കാഴ്ച്ചകള്‍ കാണാം. പക്ഷേ, റണ്‍വേയില്‍ നിന്നും കുതിച്ചുയര്‍ന്ന ശേഷം താഴേക്കു നോക്കാന്‍ തന്നെ പേടി തോന്നി.
ഇപ്പോള്‍ താഴെ വീടുകളൊന്നും കാണാനില്ല. ഇടക്കിടെ ചെറിയ കണിക പോലെ വലിയ കെട്ടിടങ്ങള്‍ മിന്നി മാഞ്ഞു. വനനശീകരണം മൂലം വനങ്ങള്‍ അപ്രത്യക്ഷമായെങ്കിലും പക്ഷെ, മുകളില്‍ നിന്നും നോക്കുമ്പോള്‍ മുഴുവന്‍ കാടും, മരങ്ങളുമാണെന്നവനു തോന്നി. ഹമീദ്ക്ക എയര്‍പോര്‍ട്ടില്‍ ആളെ ആക്കിയത് കുറച്ച് സമാധാനം തോന്നിച്ചെങ്കിലും ഉമ്മയോടുള്ള, നാടിനോടുള്ള അകല്‍ച്ച അവനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. അരികിലുള്ള സീറ്റില്‍ ഒരു മലയാളിയായതു കൊണ്ട് പലതും ചോദിച്ചറിയാന്‍ പറ്റി. അയാളും കുടുംബത്തിന്‍റെ ഭാരവുമേന്തി കടല്‍കടക്കുകയാണ്; സ്വപ്നങ്ങള്‍ നെയ്ത്...
*** *** ***
അബൂദാബി എയര്‍പോര്‍ട്ടില്‍ ചെക്കിംഗിനും മറ്റും ശേഷം അന്‍വര്‍ പുറത്തു വന്നു. അന്‍വര്‍ പേഴ്സില്‍ നിന്നും ഹമീദ്ക്ക തന്നയാളുടെ ഫോട്ടോ കൈയ്യിലെടുത്തു നോക്കി. 'നാസര്‍' എന്നാണയാളുടെ പേര്- ഉമ്മ തന്നയച്ച അച്ചാറുകളും, ഉണ്ണിയപ്പവും നിറച്ച ബാഗ് സൂക്ഷിച്ച് അടുത്തുകണ്ട കസേരയിലിരുന്ന് നടന്നു നീങ്ങുന്നവരില്‍ നാസറിന്‍റെ മുഖം തിരഞ്ഞു. എത്രയെത്ര ജനങ്ങളാണ് നടന്നു നീങ്ങുന്നത്!.  അനേകം ഭാഷക്കാര്‍, ദേശക്കാര്‍... 
അന്‍വര്‍ ഒരോന്നാലോചിച്ചിരിക്കുമ്പോള്‍ ആരോ, തോളില്‍ കൈവെച്ചതായി തോന്നി. തിരിഞ്ഞു നോക്കി. ഒരാള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഒത്ത തടിയും നീളവും ഒരു ഇരു നിറക്കാരന്‍. ഫോട്ടോയില്‍ കണ്ട അതേ മുഖം. അതെ, നാസര്‍.
'അസ്സലാമു അലൈക്കും'
അന്‍വര്‍ സന്തോഷത്തോടെയെണീറ്റു സലാം പറഞ്ഞു. സലാം മടക്കിയ ശേഷം അയാള്‍ ക്ഷേമമന്വേഷിച്ചു'യാത്രൊക്കെ സുഖായ്ര്ന്നോ?. ആ വിശേഷങ്ങളൊക്കെ റൂമിയിലെത്തീട്ട് ചോദിക്കാം, ആകെ ക്ഷീണിച്ചല്ലേ...വാ...' അന്‍വറിന്‍റെ ബാഗും പിടിച്ച് നാസര്‍ വണ്ടിയിലേക്കു നടന്നു. നാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ യാത്രചെയ്തു ശീലിച്ച അന്‍വറിന് ഗള്‍ഫിലെ റോഡിലെ യാത്ര പുതിയൊരു അനുഭവമായി. പോകുന്ന വഴിക്ക് അയാള്‍ പലതും പറഞ്ഞു.
'ഞാന്‍ വന്നിട്ട് ഒന്നര വര്‍ഷായി. കോഴിക്കോടാണെന്‍റെ വീട്, ഇത് ജൂലൈ ആയതോണ്ട് നല്ല ചൂടാണിവിടെ. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ശക്തമായ ചൂടാണ്. ആദ്യായി വരുന്നോര്‍ക്ക് കുറച്ചൊക്കെ പ്രയാസോണ്ടാവും, പിന്നെ ശീലായിക്കൊള്ളും.. നമ്മുടെ റൂമില്‍ ആറ് പേരാണ്ള്ളത്. പട്ടാമ്പിക്കടുത്ത മൂസാക്കയും പിന്നെ രാജനും ഇപ്പോ നാട്ടില്‍ പോയതേള്ളൂ. ആ... അതൊക്കെ അവ്ടെ വെച്ച് പരിചയപ്പെടാം...' അയാള്‍ ഗള്‍ഫിനെ, അബൂദാബിയെ  പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. അന്‍വര്‍ കണ്ണുകളെ പുറത്തേക്കയച്ചു. 
ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടില്‍ തീക്കാറ്റ് അടിച്ചു വീശുന്ന പോലെ... പൊള്ളുന്ന കാറ്റ് ശരീരത്തെ തഴുകി നീങ്ങുമ്പോള്‍ രോമങ്ങള്‍ കരിയുന്നതായി തോന്നി. ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന അംബര ചുംബികള്‍ കണ്ട് അന്‍വര്‍ അത്ഭുതം കൂറി. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന തൊഴിലാളികളും പ്രതാപത്തിന്‍റെ സൗരഭ്യതയില്‍ തിമിര്‍ക്കുന്ന അറബിപ്പയ്യന്മാരും അവന് വഴിയോരക്കാഴ്ചകളായി. 
ഒടുവില്‍ ഒരു ഇരുനിലക്കെട്ടിടത്തിന്‍റെ മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ അന്‍വറിന്‍റെ ഹൃദയം ഒന്നു കിതച്ചു . മൊത്തം ആറു പേരാണ് റൂമിലുള്ളത്. എല്ലാവരും മലയാളികള്‍ തന്നെ. ശമീര്‍, റാഷിദ്, സുരേഷ്, എന്നിവരാണ് റൂമില്‍ ഇപ്പോള്‍ ഉള്ളത്. വാര്‍ദ്ധക്യത്തിന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മൂസാക്ക. ഒന്നരമാസത്തെ ലീവിനു നാട്ടില്‍ പോയതിന്നലെയാണ്. അന്‍വറനെ കണ്ടപ്പോള്‍ തന്നെ അവരെല്ലാവരും ഓടി വന്ന് കൈപിടിച്ചു സ്വീകരിച്ചു. ക്ഷീണിതനായ അവന് കുളി അനിവാര്യമായിരുന്നു. ഉമ്മ മടക്കി വെച്ച തോര്‍ത്തും മുണ്ടുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. ഷവറിന്‍റെ ചുവട്ടിലെ കുളി അപരിചിതമാണവന്. നാട്ടിലെ സുന്ദരമായ, പ്രകൃതിവരദാനമായ പുഴയില്‍ കുളിച്ചു ശീലിച്ച അവനു വല്ലാത്ത വീര്‍പ്പുമുട്ടലും പ്രയാസവും അനുഭവപ്പെട്ടു.
കുളി കഴിഞ്ഞുവന്നപ്പോഴേക്കും ഭക്ഷണമെല്ലാം റെഡിയാക്കി അവരെല്ലാം അവനെ കാത്തിരിക്കുകയാണ്. അന്‍വര്‍ ഡ്രസ്സ് മാറി അവര്‍ക്കരികില്‍ പതുങ്ങിയിരുന്നു.
"നീ ആളു പയ്യനാണല്ലോടാ, ഈ മണലാരണ്യത്തില്‍ നീയൊക്കെ അധ്വാനിക്കാന്‍ നിന്നാല്‍ കൂമ്പ് വാടിപ്പോകും...ഹ..ഹ..ഹ..". ശമീറിന്‍റെ സംസാരം മനസ്സില്‍ തട്ടിയെങ്കിലും തമാശയായി പരിഗണിച്ച് അവനും ചിരിക്കാന്‍ ശ്രമിച്ചു.
ഉമ്മ പെട്ടിയില്‍ ഭദ്രമായി വെച്ചിരുന്ന അച്ചാറുകളും പലഹാരങ്ങുളും അവര്‍ ആര്‍ത്തിയോടെ, ഒറ്റയിരിപ്പിനു തിന്നുമുടിച്ചത് അന്‍വറിനെ വല്ലാതെ വേദനിപ്പിച്ചു. പുതിയ ജീവിതത്തിന്‍റെ തുടക്കം തന്നെ വിഷമത്തിന്‍റെ ആശീര്‍വാദത്തോടെയയത് വരാന്‍ പോകുന്ന സങ്കീര്‍ണ്ണതകള്‍ക്ക് വരവേല്‍പ്പു നല്‍കിയതാണെന്ന തോന്നല്‍. ഇറ്റി വീണ കണ്ണുനീര്‍ അവര്‍ കാണാതെ തുടയ്ക്കുമ്പോള്‍ പുറത്തുവീണ ചുടുകാറ്റിനും നനവു പടര്‍ന്ന പോലെ.
(തുടരും)

ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പരിസരവും സ്ഥലവും അവന് നന്നായി ഇണങ്ങി. മൊബൈല്‍ കടയില്‍ തന്നെയാണ് ജോലി കിട്ടിയത്. ജോലി ചെയ്യുന്ന കട 3 കിലോമീറ്ററിന്‍റെ ദൂരമേയുള്ളൂ. നാസര്‍ ആ കടയിലായിരുന്നതിനാല്‍ പോക്കും വരവും അവന്‍റെ കൂടെയാണ്. രണ്ടുദിവസം കൂടുമ്പോഴൊക്കെ ഉമ്മാന്‍റെ സുഖവിവരങ്ങളറിയാന്‍ അവന്‍ മറന്നില്ല. സര്‍വീസിംഗിലെ അവന്‍റെ കഴിവ് മറ്റുള്ളവരേയും അത്ഭുതപ്പെടുത്തി. വെള്ളിയാഴ്ച മാത്രമേ ഒഴിവു കിട്ടുന്നുള്ളൂ. ഭക്ഷണം ഓരോരുത്തരായി പാകം ചെയ്യണം. മാസത്തില്‍ മൊത്തമായി പിരിച്ചാണ് ചെലവുകള്‍ നടത്തുന്നത്. തുടക്കമായതിനാല്‍ പാകം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരോടൊപ്പം സഹായിക്കാന്‍ കൂടി.
രാത്രി കിടക്കുമ്പോള്‍ നാടും വീടും അവന്‍റെ മനസ്സിലേക്ക് തിരമാലയായി അടിച്ചുവരുമെങ്കിലും സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കും. അടുത്ത റൂമുകളില്‍ ബംഗാളികളാണ് കൂടുതല്‍. മലയാളികളെപോലെത്തന്നെ ബംഗാളികളും ഗള്‍ഫില്‍ കൂടുതലുണ്ട്. മലയാളികളേക്കാള്‍ അധ്വാനിക്കുന്നവരും ആരോഗ്യവാന്‍മാരും അവരാണ്. പക്ഷെ, കാശ് കൈകാര്യം ചെയ്യുന്നതില്‍ തീരെ ശ്രദ്ധയില്ലെന്ന് മാത്രം. 
ദിവസങ്ങളോരേന്നും അവനെ പരിഗണിക്കാതെ കടന്നു പോയികൊണ്ടിരുന്നു. ഇടക്കെല്ലാം ഉമ്മാന്‍റെ സുഖവിവരങ്ങള്‍ ആരായാന്‍ അവന്‍ സമയംകണ്ടെത്തി. 'എപ്പോഴാ നീ വരിക?, അന്നെ കാണാന്‍ കൊതിയാവുന്നു.' എന്നത് പതിവ് പല്ലവിയായപ്പോള്‍ വിളിക്കാനും മടി തോന്നി. 
***      ***      ***
ഒരു ദിവസം ജോലി കഴിഞ്ഞ് ക്ഷീണിച്ച് റൂമിലെത്തയപ്പോള്‍അവിടെ കണ്ട കാഴ്ച്ച അവനെ സ്തബ്ധ്നാക്കി. കൂടെയുള്ളവര്‍ അപ്പുറത്തെ റൂമുകാരും ചേര്‍ന്ന് നല്ല 'വീശലിലാണ്'. പലപ്പോഴും മദ്യത്തിന്‍റെ ഗന്ധമുയരുന്നത് അവനറിഞ്ഞിരുന്നെങ്കിലും ശ്രദ്ധിക്കാതെ കഴിഞ്ഞു കൂടുകയായിരുന്നു. പക്ഷേ.. ഇപ്പോള്‍! തമാശയും ചിരിയുമായി റൂം മദ്യലഹരിയിലാണ്. 
"ഹേ...ദേ നോക്യേ...ആരാ വന്നിരിക്ക്ണത്, ഇങ്ങോട്ടു വാടാ പയ്യനേ, രണ്ടെണ്ണം കയറ്റിക്കോടാ, നിന്‍റെ തടിയൊക്കെ ഉഷാറാകട്ടെ... ഹ..ഹ..." ശമീറിന്‍റെ വാക്കുകള്‍ അവനെ വേദനിപ്പിച്ചു. 
"വേണ്ട...ഇതൊന്നും കുടിക്കാന്‍ പാടില്ല, ഹറാമാണ്."
"ഹോ, ഒരു പുണ്യവാളന്‍ വന്നിരിക്ക്ണ്. ആ തല തെര്‍ച്ച മൂസാക്ക വന്നാ ഇതൊന്നും നടക്കൂല. നോക്കെടാ, നമുക്ക് ഇവനൊന്ന് രുചിപ്പിച്ചാലോ...?"
ശമീര്‍ മറ്റുള്ളവരോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവര്‍ അവനെ പിടിച്ച്വലിച്ച് അവരുടെ വലയത്തില്‍ ബന്ധിപ്പിച്ച് കഴിഞ്ഞിരുന്നു. കുറേ കരഞ്ഞു എതിര്‍ത്തെങ്കിലും അഞ്ചാറു പേരുടെ കൈകളെ തട്ടാന്‍ മാത്രം അവന്‍റെ കൈകള്‍ പര്യാപ്തമായിരുന്നില്ല. ശമീര്‍ കുപ്പി അവന്‍റെ വായിലേക്കു കമിഴ്ത്തി. കണ്ണീരില്‍ കുതിര്‍ന്ന മദ്യത്തുള്ളികള്‍ ഷര്‍ട്ടിലൂടെ ഒഴുകി ചിത്രം നെയ്തു. രണ്ടു ഗ്ലാസുകള്‍ ഒഴിച്ചപ്പോഴേക്കും അവന്‍ തളര്‍ന്നു വീണു. 
രാവിലെ, പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ ജനലിലൂടെ പ്രസരിച്ച് അവനെ തട്ടിവിളിച്ചു. ഭയങ്കര തളര്‍ച്ചയും ക്ഷീണവും, എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരെല്ലാം ജോലിക്ക് പോയിരിക്കുന്നു. രാത്രി നടന്ന സംഭവം ചെറുമിന്നലായി മനസ്സില്‍ വന്നു. സമയം നോക്കി 9.00 മണിയായിരിക്കുന്നു. കടയിലേക്കു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വേഗം എണീറ്റു കുളിമുറിയിലേക്കു നടന്നു. വയറിനുള്ളില്‍ എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെട്ടു. സുബ്ഹി നിസ്കരിക്കാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടി.
അന്നു രാത്രിയും ആ സംഭവം ആവര്‍ത്തിച്ചു. വേറെയാരേയും പരിചയമില്ലാത്തതു കൊണ്ടും മറ്റൊരിടത്ത് സ്ഥലം കിട്ടാത്തതു കൊണ്ടും റൂമിലേക്കു തന്നെ മടങ്ങേണ്ടിവന്നു. അറച്ചു അറച്ചാണു റൂമിന്‍റെ പടിവാതില്‍ കയറിയത്. പിന്നെ ഒഴിഞ്ഞുമാറാനും അവനു സമയം കിട്ടിയില്ല.
"നീ ഭാവിയില്‍ നല്ല കുടിയനാകുമല്ലോടാ...ഹ..ഹ.." റൂമില്‍ കൂട്ടച്ചിരി ഉയര്‍ന്നു.
ഉമ്മാക്കു വിളിച്ചിട്ട് ആഴ്ച്ച ഒന്നു കഴിഞ്ഞു. വിളിച്ചാല്‍ എടുക്കാന്‍ അറിയാമെന്നല്ലാതെ തിരിച്ചുവിളിക്കാനൊന്നും ആ മാതാവിന് അറിയില്ലായിരുന്നു. അതുകൊണ്ട് മകന്‍റെ വിളിയും പ്രതീക്ഷിച്ച് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കി. 
'കഴിയില്ല, വലിയ തെമ്മാടിയല്ലേ ഞാന്‍...ഇനിയെങ്ങനെ നന്മയുടെ വാകാരമായ തന്‍റുമ്മാനോടു സംസാരിക്കും?.' അവന്‍ ചിന്താകുലനായി.
തിന്മയുടെ അസുരവിത്തുകള്‍ മുളക്കാന്‍ പാകത്തിന്‍ ആ ഹൃദയഭൂമി ഫലഭൂഷ്ടമായത് പോലും അവന്‍ അറിഞ്ഞില്ല. എല്ലാം കണ്ടുകൊണ്ട് പിശാച് അവനു പിന്നിലിരുന്ന് ചിരിച്ചുകൊണ്ടേയിരുന്നു. 
ഓഫീസില്‍ നിന്നും റൂമിലെത്തി അവന്‍ കിടന്നു. പലതും മനസ്സില്‍ മിന്നി മറിഞ്ഞു. മനസ്സിനു യാതൊരു സ്വസ്ഥതയും ലഭിക്കുന്നില്ല. ഉമ്മാക്കു വിളിച്ചു, അപ്പുറത്ത് 'മോനേ' എന്നൊരു വിളി കേട്ടെന്ന് തോന്നുന്നു. ഒന്നും പറയാതെ കോള്‍ കട്ടാക്കി.
റൂമില്‍ ആരുമില്ല, കഴിഞ്ഞ ദിവസങ്ങളില്‍ മദ്യത്തിന്‍റെ ലഹരി അവന്‍റെ ശരീരത്തെ നന്നായി രുചിപ്പിച്ചിട്ടുണ്ടായിരുന്നു.
'മനസ്സിന് സ്വസ്ഥത ലഭിക്കാന്‍ പറ്റിയ മരുന്നാണ് ഇത്' ശമീറിന്‍റെ വാക്കുകള്‍ ഓര്‍മയില്‍ മിന്നിമറിഞ്ഞു.
അവനറിയാതെത്തന്നെ ശരീരം മദ്യം സൂക്ഷിച്ചിരുന്ന അലമാരയിലേക്കു നീങ്ങി. കണ്ണടച്ചു നേരെ വായിലേക്ക് കമിഴ്ത്തി. എന്തോ, ഒരു സുഖം! അവന്‍റെ മുഖം ഒന്നയഞ്ഞു. പതിയെ ചെറിയൊരു മയക്കത്തിലേക്കവന്‍ വഴുതി വീണു. 
മദ്യത്തിന്‍റെ മാദകമായ മണം കേട്ടാണു ശമീറും കൂട്ടുകാരും റൂമിലേക്കു വന്നത്. അവര്‍ക്കു കാര്യം മനസ്സിലായി. ഒരാളെ നാശത്തിലേക്ക് തള്ളിയിട്ടതിന്‍റെ സന്തോഷം അവരില്‍ ചിരി പടര്‍ത്തി. 
***      ***      ***
ഇലകള്‍ വീണു നിറഞ്ഞ മുറ്റവും നോക്കി ഉമ്മറപ്പടിയില്‍, മൊബൈല്‍ ഫോണും പിടിച്ച് നബീസത്താത്ത ചാരിയിരുന്നു. ഇടക്കുവന്ന കമ്പനി മെസേജുകളുടെ ശബ്ദം കേട്ട് പലപ്പോഴും അന്‍വറാണെന്നു കരുതി ചെവിയില്‍ വെച്ചു 'മോനേ....' 
വാര്‍ദ്ധക്യത്തിനു പുറമേ സങ്കടവും അവരുടെ ആരോഗ്യ സ്ഥിതിക്കു ബലഹീനത വരുത്തി. ഇടക്കിടെ നരച്ച മുടികള്‍ കൈകളിലൂടെ പറിഞ്ഞു പോന്നു. അന്‍വര്‍ വന്നിട്ട് കല്യാണം നടത്താന്‍ തീവ്ര ആഗ്രഹമുണ്ടവര്‍ക്ക്. പലപ്പോഴും അതേ കുറിച്ച് പലരോടും സംസാരിക്കും. ഖദീജത്താത്ത ഇടക്കിടെ വന്ന് പലതും പറഞ്ഞിരിക്കും, അന്‍വര്‍ വിളിക്കാത്തത് അവരേയും പ്രയാസപ്പെടുത്തി. കൂട്ടുകാരുടെ വലയില്‍ തന്‍റെ മകന്‍ ഒരു കള്ളുകുടിയനായതുണ്ടോ ആ പാവം അറിയുന്നു. 
ഒരു ദിവസം. ക്ഷീണം കാരണം നബീസത്താത്ത ചെറിയൊരു മയക്കത്തിലേക്കു വീണതേയുള്ളൂ ഫോണ്‍ ശബ്ദിച്ചു, അവര്‍ ആര്‍ത്തിയോടെ ഫോണെടുത്ത് ചെവിയില്‍ വെച്ചു. "മോനേ...." അന്‍വര്‍ തന്നെയായിരുന്നു അത്.
"ഉമ്മാ..." അവന്‍ പ്രതികരിച്ചു. 
"നീയെന്താ വിളിക്കാഞ്ഞത്, നിന്നെ കാണാന്‍ പൂതിയാവുന്നു."
"ങ്ങളെന്താ ഈ പറേണത്, എപ്പോഴും എനിക്കിങ്ങനെ വിളിക്കാന്‍ കഴിയോ? പോരാത്തതിന് വിളിക്കാന്‍ എത്ര കാശ് വേണംന്നാ നിങ്ങള്‍ കരുതിയത്, ആ സുഖം തന്നെല്ലേ? ഞാന്‍ തിരക്കിലാണ് പിന്നെ വിളിക്കാം" മദ്യം അവന്‍റെ ലോലഹൃദയത്തെ കാടനാക്കിയിരുന്നു.
ഫോണ്‍ കട്ടായതറിയാതെ അവര്‍ വീണ്ടും വീണ്ടും അവനെ വിളിച്ചു. അന്‍വറിന്‍റെ ദേഷ്യ സ്വരം അവരുടെ വേദനയെ ഇരട്ടിപ്പിച്ചു. " സാരല്യാ, ന്‍റെ കുട്ട്യല്ലേ... തിരക്കായിട്ടാകും ങ്ങനെയൊക്കെ പറഞ്ഞത്. കൊറച്ച് കഴിഞ്ഞ് വിളിച്ചോളും". അവര്‍ ആശ്വസിച്ചു.
ഇടക്കു അനുഭവപ്പെടാറുള്ള നെഞ്ചുവേദന പെട്ടന്നു വന്നപ്പോള്‍ അറിയാതെ അവര്‍ കരഞ്ഞുപോയി. കൈ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച് പതിയെ കട്ടിലിനരികിലേക്കു നടന്നു.
കഴിഞ്ഞയാഴ്ച്ച നെഞ്ചുവേദന വന്നപ്പോള്‍ ഖദീജത്താത്തയേയും കൂട്ടിയാണു ആശുപത്രിയിലേക്കു പോയത്. അന്‍വര്‍ വിളിക്കുമ്പോള്‍ പറയാമെന്നു വിചാരിച്ചെങ്കിലും ദേഷ്യപ്പെട്ട സംസാരം കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ച് ഒന്നും മിണ്ടാന്‍ കഴിയില്ല.
***      ***      ***
ദിവസങ്ങള്‍ ഇടമുറിയാതെ കൊഴിഞ്ഞുകൊണ്ടിരുന്നു. അന്‍വര്‍ ഗള്‍ഫിലായിട്ട് വര്‍ഷം രണ്ട് തികയാനായി. നാലു മാസം കൂടി കഴിഞ്ഞാല്‍ നാട്ടിലേക്കു പോകാം. കള്ളുകുടിക്കാതെ അവനു ജീവിക്കാന്‍ കഴിയാതായിട്ടുണ്ടിപ്പോള്‍. നിസ്കാരവും മറ്റും തോന്നിയെങ്കില്‍ ചെയ്തു. അത്രമാത്രം.
മൂസാക്ക ഒരു നല്ല മനുഷ്യനാണ്. അന്‍പതിനോടടുത്തു പ്രായമുണ്ട്. അദ്ദേഹം നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മദ്യം റൂമിലേക്ക് കയറ്റാന്‍ ശമീറിനടക്കം പേടിയാണ്. എങ്കിലും അവര്‍ പുറത്തു നിന്നും കഴിക്കാന്‍ സമയം കണ്ടെത്തി. 
രാത്രിയുടെ നന്നേ ഇരുട്ടിയിരുന്നെങ്കിലും കടകളിലെ ലൈറ്റുകള്‍ക്ക് നല്ല ഭംഗിയുണ്ട്. പരസ്യബോര്‍ഡുകള്‍ വിവിധ വര്‍ണ ലൈറ്റുകളില്‍ മുങ്ങിക്കുളിച്ചു കിടക്കുന്നു. അന്‍വര്‍ മദ്യവും വാങ്ങി റോഡരികിലൂടെ നടന്നു. പെട്ടെന്ന്, പിന്നിലൂടെ വന്ന ഒരു കാര്‍ അവനെ തട്ടിത്തെറിപ്പിച്ചു. ഭൂമിക്കും പോലും വേണ്ടെന്നു തോന്നുന്നു, മനുഷ്യന്‍ ആര്‍ത്തി കാണിക്കുന്ന ഈ സാധനത്തോട്, റോഡില്‍ വീണ് മദ്യക്കുപ്പി പോട്ടിച്ചിതറി റോഡിലൂടെ ഒഴുകി. 
***      ***      ***
ആശുപത്രിയില്‍ ചുറ്റും കൂടി നില്‍ക്കുന്ന നഴ്സുമാര്‍ക്കും ഡോക്ടര്‍ക്കുമിടയില്‍ അന്‍വര്‍ ബോധരഹിതനായി കിടന്നു. വിവരമറിഞ്ഞ് മൂസാക്കയും ശമീറും മറ്റുള്ളവരും ഓടിയെത്തി. 
'ഭാഗ്യത്തിന് ഗുരുതരമായി ഒന്നും പറ്റിയിട്ടില്ല. ശരീരത്തിലങ്ങിങ്ങായി മുറിവുകളുണ്ട്, ഇടതു കയ്യിനു ചെറിയ പൊട്ടുമുണ്ട് ഒരു മാസത്തെ റസ്റ്റ് അത്യാവശ്യമാണ്'. ഡോക്ടര്‍ മൂസാക്കയോടു പറഞ്ഞു. അവന്‍ പതിയെ കണ്ണു തുറന്നു. മൂസാക്ക അവന്‍റെ കൈപിടിച്ച് എന്തെങ്കിലും വേണോ എന്നന്വേഷിച്ചു. അറിയാതെ അവന്‍റെ കണ്ണു നിറഞ്ഞു. മൂസാക്ക അവനെ സമാധാനിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം എല്ലാം നോര്‍മലായി. മൂസാക്കയും മറ്റുള്ളവരും പകല്‍ സമയത്ത് ജോലിക്ക് പോകുകയും രാത്രിയില്‍ അവനരികില്‍ മടങ്ങിയെത്തുകയും ചെയ്തു. വീട്ടില്‍ അറിയിക്കരുതെന്ന് അന്‍വര്‍ മൂസാക്കയോടു പറഞ്ഞു. 
അടുത്ത മാസം നാട്ടിലേക്കു തിരിക്കാം. അന്‍വര്‍ മനസ്സില്‍ വിചാരിച്ചു. അന്നു രാത്രി എല്ലാവരെയും  ചുറ്റുമിരുത്തി, മൂസാക്ക പറഞ്ഞുതുടങ്ങി. കള്ളിനെ കുറിച്ചും വീട്ടുകാര്‍ക്ക് ചെയ്യേണ്ട കടമകളെ കുറിച്ചും... ഉപദേശ നിര്‍ദേശങ്ങള്‍ അന്‍വറിന്‍റെ ഹൃദയത്തില്‍ കുളിര്‍മഴ പെയ്യിച്ചു. ഒപ്പം ശമീറിന്‍റേയും കൂട്ടുകാരുടെയും മനസ്സില്‍ കുറ്റബോധം അലതല്ലുകയായിരുന്നു. അന്‍വര്‍ അറിയാതെ കരഞ്ഞു പോയി. അന്‍വര്‍ ഒരു നിമിഷത്തേക്ക് പിറകോട്ടു പോയി. ഉമ്മ, ഉപ്പ, നാട്ടിലെ സര്‍വീസിംഗ് കട, പള്ളിയിലെ ഉസ്താദുമാര്‍...
രാത്രിയുടെ ഭീമാകരമായ നിശബ്ദതയില്‍ നിദ്രയിലാണ്ട അനേകായിരം കണ്ണുകളില്‍ അന്‍വറിന്‍റെ കണ്ണുകള്‍ മാത്രം ഉണര്‍ന്നിരിക്കുന്നു, കരഞ്ഞു കലങ്ങിയിരുന്നു ആ കണ്ണുകള്‍.
ആശുപത്രിവാസം കഴിഞ്ഞപ്പോഴേക്കും നാട്ടിലേക്കു തിരിക്കാനുള്ള എല്ലാതയ്യാറെടുപ്പുകളും നടത്തി. ഉമ്മയുടെ മുഖം അവനില്‍ സന്തോഷം നിറച്ചെങ്കിലും കൂട്ടുകാരോടു പിരിയാനുള്ള സങ്കടവും ഒപ്പം അഭിരമിച്ചു. നാട്ടിലേക്കു തിരിക്കുന്നതിന്‍റെ തലേന്ന് ആര്‍ക്കും ഉറക്കമില്ലായിരുന്നു. പെട്ടി കെട്ടിയും തമാശ പറഞ്ഞിരുന്നും സമയം നീക്കി.
പക്ഷെ, അന്‍വറിന്‍റെ മനസ്സ് അസ്വസ്ഥതയിലാണ്. ആശുപത്രിയിലാകുന്നതിന് മുമ്പാണ് വീട്ടിലേക്കു വിളിച്ചത്. ആശുപത്രിയിലാണെന്നറിഞ്ഞാല്‍ ഉമ്മ പിന്നെ ആകെ കരച്ചിലാകും. അതുകൊണ്ട് വിളിച്ചില്ല. പക്ഷെ ഇന്നലെ മുതല്‍ 'ട്രൈ' ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വിച്ച് ഓഫ് എന്നാണ് മറുപടി. വേറെയാരുടേയും നമ്പര്‍ കൈവശമില്ലാത്തതിനാല്‍ അറിയാനും മാര്‍ഗമില്ലാതായി. 
'ചിലപ്പോള്‍ സിമ്മിന്‍റെ വാലിഡിറ്റി കഴിഞ്ഞിട്ടുണ്ടാവും, പാവം! ഉമ്മക്കു അതൊന്നുമറിയില്ലല്ലോ...?!' അവന്‍ സമാധാനിച്ചു.
ഉച്ചവെയില്‍ ചൂടേറ്റു പൊള്ളുന്ന കരിപ്പൂര്‍ റണ്‍വേയില്‍ അബൂദാബി ഫ്ലൈറ്റ് ലാന്‍റ് ചെയ്തു. അന്‍വര്‍ പെട്ടികളുമായി പുറത്തിറങ്ങി. പലരേയും സ്വീകരിക്കാന്‍ വന്ന ആളുകളെ കൊണ്ട് എയര്‍പോര്‍ട്ട് നിറഞ്ഞത് കണ്ടപ്പോള്‍ അവനു സങ്കടം തോന്നി, തന്നെ കൂട്ടികൊണ്ടുപോകാന്‍ ആരും വന്നില്ലല്ലോയെന്നോര്‍ത്ത്. വരുന്ന വിവരം പോലും അറിയിക്കാന്‍ കഴിയാത്തത് കൊണ്ട് ടാക്സി പിടിച്ച് വീട്ടിലേക്ക് തിരിച്ചു. 
നാടും വീടുകളും ആകെ മാറിപ്പോയിട്ടുണ്ട്. അപരിചിത മുഖങ്ങളും വഴികളും ആശ്ചര്യപ്പെടുത്തുന്ന കാഴ്ച്ചയായി.
വീട്ടുമുറ്റത്തിറങ്ങിയപ്പോള്‍ അയല്‍വാസികളില്‍, ചിലര്‍ ദേഷ്യത്തോടെയും ചിലര്‍ സങ്കടത്തോടെയും അവന്‍റെ അരികിലേക്കു വന്നു. അടഞ്ഞു കിടക്കുന്ന വീടും പ്ലാവില വീണു നിറഞ്ഞ മുറ്റവും അവനില്‍ ഭീതിതമായ ചിന്തകള്‍ നിറച്ചു.
'ഉമ്മാ....' എന്നു വിളിച്ചപ്പോഴേക്കും ആരോ അവന്‍റെ കൈപിടിച്ച് പള്ളിക്കാട്ടിലേക്കു നടന്നു. ആരും അടുക്കാതെ കാടുമൂടിയ ഉമ്മറാക്കയുടെ ചാരെയുള്ള മറ്റൊരു ഖബര്‍...! 
'നഫീസ' മീസാന്‍ കല്ലില്‍ കൊത്തി വെച്ച പേര് കണ്ടതും അവന്‍റെ കണ്ണില്‍ ഇരുട്ട് കയറി, 
ഉമ്മാ...
അവനാ ഖബറില്‍ വീണ് പൊട്ടിക്കരഞ്ഞു. ചുറ്റും കൂടി നിന്നവരുടെ കണ്ണുകളില്‍ നിന്നും അറിയാതെ കണ്ണുനീര്‍ ചാലിട്ടൊഴുകി.
(അവസാനിച്ചു.)

Post a Comment