ഷാര്‍ലി ഹെബ്ദോ... കേട്ടുകേള്‍വി പോലുമില്ലാതിരുന്ന
ഒരു മാസിക ഇന്ന് സാധാരണക്കാരനു പോലും സുപരിചിതമാണ്. വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത
ലോകത്ത് വിവാദം വരുമാന മാര്‍ഗമായി കണക്കാക്കപ്പെടുകയാണിന്ന്. 130 കോടി മുസ്ലിംകള്‍
ആദരിക്കുകയും ബഹുമാനിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന പ്രവാചകനെ വിവാദ പുരുഷനായി
ചിത്രീകരിക്കുക വഴി ലാഭം കൊയ്യാമെന്ന പാശ്ചാത്യന്‍റെ അതിമോഹമാണ് ഇവിടെയും പ്രതിഫലിക്കുന്നത്.
തൊട്ടടുത്ത ലക്കത്തിന്‍റെ എണ്ണം 50 ലക്ഷത്തില്‍ കവിഞ്ഞു എന്നാണു വാര്‍ത്ത. ഇന്ത്യയില്‍
ഈയിടെ പുറത്തിറങ്ങിയ സിനിമ വന്‍നേട്ടമുണ്ടാക്കിയതും വിവാദം വരുമാന മാര്‍ഗമായി പരിഗണിക്കുന്നതിന്‍റെ
ഉദാഹരണമായി നമുക്ക് കൂട്ടിവായിക്കാം.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എന്തും ചെയ്യാമെന്ന് വാദിക്കുന്ന ചിലര്‍ മുത്തുനബിയെയും കാര്‍ട്ടൂണ്‍ ചിത്രമാക്കുന്നതില്‍ വിരോധമില്ല എന്നഭിപ്രായപ്പെടുന്പോള്‍ മുത്തുനബിയെ അതിരറ്റു സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന കാര്യമാണിത്. മുത്തുനബിയെ ഇകഴ്ത്തിയാലും പുകഴ്ത്തിയാലും ശ്രദ്ധിക്കപ്പെടുമെന്നത് പരമ യാഥാര്‍ത്ഥ്യമാണ്. മുത്തുനബി ജനിച്ച മാസത്തില്‍ തന്നെയാകുന്പോള്‍ വിശേഷിച്ചും. റോമന്‍ കത്തോലിക്കാസഭയുടെ പരമോന്നത ആത്മീയ പിതാവായ മാര്‍പ്പാപ്പ പോലും ഈയൊരു ചിത്രീകരണത്തെ വിമര്‍ശിച്ച് രംഗത്തു വരികയുണ്ടായി. ഒരു മതനേതാവിനെ മോശമായി ചിത്രീകരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ പെടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതുപോലെത്തന്നെ തങ്ങളുടെ വിശ്വാസത്തെ ആര് എങ്ങനെ
അവമതിച്ചാലും അവര്‍ക്കെതിരെ ബലപ്രയോഗത്തിനും ഹത്യക്കും തങ്ങള്‍ക്കവകാശമുണ്ടെന്നു വാദിക്കുന്ന മറ്റൊരു വിഭാഗത്തെയും നമുക്കു കാണാനാകും. ഷാര്‍ലി എബ്ദോയുടെ എഡിറ്ററടക്കം 12പേരെ കൊല ചെയ്ത നടപടിക്കെതിരായി ലോക രാജ്യങ്ങള്‍ മുന്നോട്ട് വരികയുണ്ടായി. ഹിംസാപരമായ നീക്കങ്ങള്‍ ഇസ്ലാമിന്‍റെയും കാഴ്ചപ്പാടല്ല.
ലോകാവസാനം കൊണ്ട് വിശ്വസിക്കുന്നവനാണ് ഒരു മുസ്ലിം. അവസാന കാലത്ത് ഇസ്ലാമിനെതിരെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വരുമെന്ന ബോധം അവനുണ്ടാകേണ്ടതുണ്ട്. ഒരു കാര്‍ട്ടൂണില്‍ ഉള്‍പെടുത്തിയെന്ന പേരില്‍ മുത്തുനബിക്ക് ഒന്നും സംഭവിക്കാനില്ല. റസൂലിന്‍റെ കാലം മുതലേ നിരവധി ശത്രുക്കള്‍ കൊല്ലാനും ഉപദ്രവിക്കാനും മുന്നോട്ടു വന്നിട്ടുണ്ട്. ആരെയും എതിര്‍ത്ത് സംസാരിക്കുകയോ തിരിച്ച് പ്രതികാരം ചെയ്യാനോ മുത്തുനബി തുനിഞ്ഞിട്ടില്ല. ആ ജീവിതം തന്നെയാണ് നമുക്കും മാതൃക. പുതിയ കാലത്ത് വിശേഷിച്ചും തിരിച്ചാക്രമണം വലിയ പ്രശ്നങ്ങള്‍ വരുത്തിത്തീര്‍ക്കും. അത് ലോകസമാധാനത്തിന് മങ്ങലേല്പിക്കും. ലോകത്തിന്‍റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രയത്നിച്ച പ്രവാചകരുടെ പരിശ്രമങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനമാണ് തിരിച്ചാക്രമിക്കുക എന്നത്.

പെണ്‍കുട്ടി ജനിച്ചാല്‍ കുഴിച്ചു മൂടുകയും ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെ മക്കള്‍ വിവാഹം ചെയ്തും ശീലിച്ച ഒരു ജനതയെ നേര്‍വഴിയിലേക്ക് നയിച്ച പുണ്യനബി, ശത്രുക്കളുടെ ഇരയായ സമയത്ത്, പ്രത്യേകിച്ചും അമുസ്ലിംകളോട് പെരുമാറിയ രൂപം വളരെ ആശ്ചര്യകരമാണ്. മുസ്ലിംകളെ മാത്രമല്ല, അമുസ്ലിംകളെയും തിരുനബി സ്നേഹിച്ചു. അവരോട് വളരെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും പരുമാറി. കാരണം മുത്തുനബി കാരുണ്യവാനാണ്. പരിശുദ്ധ ഖുര്‍ആന്‍ തിരുനബിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോകത്തിനു കാരുണ്യമായാണു നബിയേ നാം അങ്ങയെ അയച്ചത് എന്ന്.
നജ്റാന്‍ പ്രദേശത്തെ ക്രിസ്ത്യാനികളെ ഇസ്ലാമിലേക്കു ക്ഷണിച്ചു നബി കത്തെഴുതി. പ്രധാന പുരോഹിതന്‍റെ നേതൃത്വത്തില്‍ 60 പാതിരിമാര്‍ മദീനയിലെത്തി. മദീന പള്ളിയില്‍ താമസ സൗകര്യം ചെയ്തു കൊടുത്തുവെന്നു മാത്രമല്ല, അവര്‍ക്ക് അവരുടെ ആചാര പ്രകാരം പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു തിരുനബി. ജൂതന്മാരുമായും ക്രിസ്ത്യാനികളുമായും നിരവധി ഉടന്പടികള്‍ ചെയ്തിട്ടുണ്ട് നബി. ഈ ഉടന്പടികളത്രയും നബിയുടെ വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും വിശേഷണങ്ങള്‍ വിളിച്ചറിയിക്കുന്നതായിരുന്നു.
മദീനയില്‍ ജൂതന്മാരുമായി കരാര്‍ ചെയ്തപ്പോള്‍ സമാധാനക്കരാര്‍ ലംഘിച്ചത് ജൂതന്മാരായിരുന്നു. പ്രശസ്തമായ ഹുദൈബിയ്യ ഉടന്പടിയിലെ ഒരു കരാര്‍ ഇങ്ങനെയാണ്. ഖുറൈശികളില്‍ ആരെങ്കിലും മുസ്ലിംപക്ഷത്തേക്കു ചെന്നാല്‍ അയാളെ തിരിച്ചയക്കണം, എന്നാല്‍ മുസ്ലിംകളില്‍ നിന്ന് ആരു ചെന്നാലും തിരിച്ചയക്കുകയില്ല. അബൂ സന്തല്‍ മുസ്ലിമാകാന്‍ കൊതിച്ച് നബിതങ്ങള്‍ക്കരികെ വിതുന്പി വന്നപ്പോഴും കരാര്‍ പാലിച്ച് മടക്കി അയക്കുകയായിരുന്നു തിരുനബി.
മുത്തുനബി പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. ശത്രുക്കള്‍ക്കു പോലും അറിയാവുന്ന സത്യാണത്. എന്നാലും ഈ സൗഭാഗ്യം ദുരുപയോഗം ചെയ്യാന്‍, ശത്രുക്കള്‍ക്കെതിരായി പോലും മുത്തുനബി താലപര്യം കാണിച്ചില്ല. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന വിഭാഗത്തെ ശപിക്കാന്‍ സ്വഹാബത്ത് പറഞ്ഞപ്പോള്‍ നബി തങ്ങള്‍ പറഞ്ഞത് ,എന്നെ കാരുണ്യവാനായാണ് നിയോഗിക്കപ്പെട്ടത്. ശപിക്കുന്നവനായല്ല. നുബുവ്വതിന്‍റെ പത്താം വര്‍ഷം ത്വാഇഫില്‍ ചെന്നു പ്രബോധനം നടത്തിയപ്പോള്‍ ഏറ്റു വാങ്ങേണ്ടി വന്നത് കല്ലേറും ഉപദ്രവങ്ങളുമായിരുന്നു. ചോരയിറ്റുന്ന കാല്പാദവുമായി മടങ്ങുന്പോഴും ശപിക്കാതെ അവരുടെ സന്താനങ്ങള്‍ മുസ്ലിംകളാകുമെന്ന പ്രതീക്ഷയായിരുന്നു നബി പ്രകടിപ്പിച്ചത്. സമൂഹത്തിനു വേണ്ടി ഒറ്റക്കു വേദനിച്ച മറ്റൊരു നേതാവിനെ നമുക്ക് ഏതു ചരിത്രത്താളില്‍ കണ്ടെത്താനാകും?
ബന്ധികളായി പിടിക്കപ്പെട്ടവരെ പീഡിപ്പിക്കുകയും പട്ടിണിക്കിടലും ലോകത്തിന്‍റെ പതിവു കഥകളാണ്. എന്നാല്‍ പട്ടിണിക്കിട്ടില്ല, മാത്രമല്ല ഉറക്കത്തിനു തടസ്സമാകുമെന്നു കണ്ടു ബന്ധനങ്ങളില്‍ നിന്നും മോചനം നല്‍കി സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കുകയായിരുന്നു തിരുനബി. നജ്ദ് യുദ്ധ ശേഷം മടങ്ങുന്ന വഴിയില്‍ വിശ്രമിക്കുന്ന നബിയുടെ വാളെടുത്ത് ഒരു കാട്ടറബി ചോദിക്കുകയുണ്ടായി. മുഹമ്മദേ, ആരാണു നിന്നെ ഇപ്പോള്‍ രക്ഷിക്കുക? നബി സൗമ്യമായി മറുപടി പറഞ്ഞു. അല്ലാഹു. ഉടനെ നിലത്തുവീണ വാളെടുത്ത് മുത്തുനബി തിരിച്ചയാളോട് ചോദിച്ചു. അയാള്‍ കൈമലര്‍ത്തി. അയാളെ വെറുതെ വിടുകയാണ് നബി ചെയ്തത്.
സ്വന്തം പുത്രിയെ അക്രമിച്ചവനു പോലും മാപ്പു നല്‍കുകയായിരുന്നു തിരുനബി. ഗര്‍ഭവതിയായ സൈനബ്(റ)യെ ഒട്ടകപ്പുറത്തു നിന്നും ഹബ്ബാറുബ്നു അസ്വദ് എന്ന ഖുറൈശി തള്ളിയിട്ടു. ഗര്‍ഭം അലസിപ്പോയി. കഠിനമായ പരിക്കിനെ തുടര്‍ന്ന് മഹതി മരണപ്പെടുകയും ചെയ്തു. പുത്രിയുടെ മരണത്തിനു കാരണമായവനു പോലും മാപ്പു ചോദിച്ചപ്പോള്‍ പൊറുത്തുകൊടുത്ത ആ തിരുമനസ്സിന്‍റെ ക്ഷമയും സഹനവും എത്രയാണ്. ചെറിയ നോട്ടങ്ങള്‍ പോലും ശത്രുതക്കു വഴിവെക്കുന്ന പുതിയ കാലത്തെ ജനതക്കു വലിയ പാഠമുണ്ടിവിടെ.
\"\"നബിയേ, ഇത്രയും കാലം ഞാനേറ്റവും വെറുത്തത് അങ്ങയുടെ മുഖമായിരുന്നു. എന്നാല്‍ ഇന്നു മുതല്‍ ഞാനിത്രയും ഇഷ്ടപ്പെടുന്ന മറ്റൊരു മുഖമില്ല. മറ്റെല്ലാ മതങ്ങളെക്കാളുപരി ഇസ്ലാമിനെ ഞാനിഷ്ടപ്പെടുന്നു. മറ്റെല്ലാ നഗരങ്ങളെക്കാളും ഞാന്‍ മദീനയെ ഇഷടം വെക്കുന്നുന്നു. നബിയെ കൊലപ്പെടുത്തണമെന്ന ഒറ്റ ചിന്തയില്‍ നടന്നിരുന്ന യമാമയിലെ ഭരണാധികാരി തമാമയുടെ വാക്കുകളാണിത്. തമാമ മുസ്ലമായതിനു ശേഷം മക്കയിലേക്കുള്ള ചരക്കുകള്‍ നിറുത്തിവെച്ചു. കാരണം നബിയുടെ ശത്രക്കള്‍ മക്കയിലാണല്ലോ. അക്കാലത്ത് മക്കയിലേക്ക് ചരക്കുകള്‍ യമാമയില്‍ നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. എന്നാല്‍ നബിതിരുമേനി ചരക്ക് തടയേണ്ടതില്ല എന്നു കത്തെഴുതി തമാമക്കയച്ചു. ആ സ്വഭാവ മഹിമക്കു മുന്നില്‍ സ്വമേധയാ ശത്രുക്കള്‍ മുഴുവന്‍ കീഴടങ്ങുകയായിരുന്നു.
വിമര്‍ശനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നടുവിലായിരുന്നു മുത്തുനബിയുടെ ജീവിതം. കാര്‍ട്ടൂണ്‍ വിവാദങ്ങള്‍ പോലെയുള്ള പ്രശ്നങ്ങള്‍ മുന്പും ഉണ്ടായിട്ടുണ്ട്. ഷാര്‍ലി എബ്ദോ പോലുള്ള മാസികകള്‍ വന്നും പോയുമിരിക്കും. ശത്രുക്കള്‍ക്കിടയില്‍ പോലും ഇത്രയും നീതിമാനായി ജീവിതം നയിച്ച മുത്തുനബിയല്ലാതെ മറ്റാരാണ് നമുക്ക് മാതൃക.
إرسال تعليق