നെറ്റ് ന്യൂട്രാലിറ്റി; ട്രായുടെ പച്ചക്കൊടി...?

tonnalukal



മനുഷ്യ ജീവിതത്തിന്‍റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഇന്‍റര്‍നെറ്റ് എന്ന മാധ്യമത്തിന്‍റെ സ്ഥാനം തീര്‍ത്തും പ്രസക്തമാണ്. ജീവിതത്തില്‍ മാറ്റിനിര്‍ത്താനാവാത്ത വിധം ഇന്‍റര്‍നെറ്റ് സ്വാധീനം ചെലുത്തിയെന്നതാണ് വസ്തുത.1957ലെ റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്‍റെ വിക്ഷേപണമാണ് ഈയൊരു വിപ്ലവത്തിനു തുടക്കം കുറിക്കാന്‍ കാരണമായത്. സ്പുട്നിക്കിന്‍റെ വിക്ഷേപണം അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് തലവേദന സൃഷ്ടിച്ചു. അങ്ങനെ അവര്‍ സൈനികാവശ്യങ്ങള്‍ക്കു വേണ്ടി അര്‍പാനെറ്റ്(അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രോജക്ട് ഏജന്‍സി)നു രൂപം നല്‍കി. ഈയൊരു നെറ്റ്വര്‍ക്ക് ശൃംഖല 1969ലാണ് കടന്നുവരുന്നത്. അര്‍പാനെറ്റ് പിന്നീട് വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍ 1983ല്‍ മില്‍നെറ്റ് എന്ന പുതിയ നെറ്റ്വര്‍ക്ക് പിറവിയെടുത്തു. ഡാര്‍പ്പാ എന്നൊരു ഘടകവും അര്‍പാനെറ്റിനുണ്ടായിരുന്നു. ഇങ്ങനെ പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഇന്ന് കാണുന്ന വിധത്തില്‍ ആഗോള ശൃംഖലയായി വളര്‍ന്നു പന്തലിച്ച ഇന്‍റര്‍നെറ്റ് മേഖല നിലവില്‍ വരുന്നത്
.
വിനോദ വിജ്ഞാന ആവശ്യങ്ങള്‍ക്കും മറ്റുമായി വളരെ പ്രയോജനപ്രദവും ആശ്രയ കേന്ദ്രവുമാണ് ഇന്‍റര്‍നെറ്റ് എന്ന മാധ്യമം. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ ആര്‍ക്കും ഏത് സൈറ്റിലും യഥേഷ്ടം വിഹരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. ലോകജനസംഖ്യയുടെ പകുതിയും ഈ വര്‍ഷത്തോടെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളാകുമെന്നാണ് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇ മാര്‍ക്കറ്റര്‍ പുറത്തു വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നുവെച്ചാല്‍ ഈ വര്‍ഷത്തോടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 300 കോടി കവിയുമെന്നാണ്. മാത്രവുമല്ല, മൊബൈല്‍ വഴി നെറ്റെടുക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ജനുവരില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്, മൊബൈല്‍ ബില്ലിനു വേണ്ടി ഒരാള്‍ ചെലവഴിക്കുന്നതിന്‍റെ 54%വും നെറ്റിനു വേണ്ടിയാണെന്നുള്ളതാണ്.ഇന്‍റര്‍നെറ്റിന്‍റെ ഏറ്റവും വലിയ സവിശേഷതയായ സര്‍വ സ്വാതന്ത്ര്യം ഏത് സൈറ്റുകളും എപ്പോഴും ബ്രൗസ് ചെയ്യാമെന്നുള്ളതാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈയൊരു സ്വാതന്ത്രയത്തിനു നെറ്റ് ന്യൂട്രാലിറ്റി എന്നാണു പറയുന്നത്. 2003ല്‍ കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ മീഡിയ ലോ പ്രൊഫസറായ ടിം വൂ ആണ് ഈയൊരു പേരിട്ടു വിളിച്ചത്.
എന്നാല്‍ വോഡാഫോണ്‍, എയര്‍ടെല്‍ പോലുള്ള നെറ്റ് വര്‍ക്ക് ഓപറേറ്റേഴ്സ് ഈ നിക്ഷ്പക്ഷതക്ക് കൂച്ചുവിലങ്ങ് ഏര്‍പെടുത്താനുള്ള കഠിന ശ്രമത്തിലാണ്. ചില സൈറ്റുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കി ഉപഭോക്താക്കളുടെ പോക്കറ്റ് ഇനിയും കൊള്ളയടിക്കാനുള്ള ശ്രമത്തിന് ടെലികോം നിയന്ത്രണ അതോറിറ്റി ട്രായ് മൗന സമ്മതം നല്‍കിയതായാണ്  അന്തപുരത്തെ പുതിയ വിശേഷങ്ങള്‍. ഈയൊരു കരിനിയമം നിലവില്‍ വന്നാല്‍ ജനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍, സകൈപ്, വാട്ട്സപ്പ് തുടങ്ങിയ സോഷ്യല്‍ സൈറ്റുകളെല്ലാം പെയ്ഡ് സൈറ്റുകളാകും. ഉപയോഗിക്കാന്‍ പ്രത്യേക ചാര്‍ജ് നല്‍കേണ്ടിവരുമെന്നര്‍ഥം. ഫ്ലിപ്കാര്‍ട്ട് ഈയൊരുദ്യമത്തില്‍ നിന്ന് എയര്‍ടെല്ലിനോട് നിസഹകരം പ്രഖ്യാപിച്ചത് നല്ല വാര്‍ത്തയാണ്.
സോഷ്യല്‍ നെറ്റുവര്‍ക്കു സൈറ്റുകളുടെ കടന്നുവരവോടെ നഷ്ടമുണ്ടായെന്നു കാണിച്ച് മുമ്പ് ഡാറ്റാ സേവനങ്ങള്‍ക്ക് 30മുതല്‍ 60ശതമാനം വരെ ചാര്‍ജ് വര്‍ധിപ്പിച്ചതിനു പുറമേയാണ് ഈയൊരു ഉപദ്രവം. സേവനദാതാക്കള്‍ക്കു നഷ്ടമുണ്ടായെന്നു പറയുന്ന വാദത്തിനു പക്ഷേ തീരെ വസ്തുതയില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഡാറ്റാ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതോടെ തന്നെ ഇരട്ടിയിലധികം വരുമാനം കമ്പനികള്‍ക്കുണ്ടായിട്ടുണ്ട്. ട്രായ്, ഉപഭോക്താക്കള്‍ക്കു വേണ്ടി അവരുടെ സൈറ്റില്‍ 118 പേജുള്ള രേഖ പുറപ്പെടുവിച്ച് അവസാനം രേഖയെക്കുറിച്ചു പറയാന്‍ 20 ചോദ്യങ്ങളും നല്‍കിയെങ്കിലും ഈ ചോദ്യങ്ങളെല്ലാം തന്നെ സാധാരണക്കാരന് പ്രയാസമേറിയതും അവ്യക്തമായതുമാണ്. ശേഷം ഇന്നലെ ട്രായ് ചെയര്‍മാന്‍ രാഹുല്‍ ഖുല്ലാറിന്‍റെ 'കോലാഹലമുണ്ടാക്കിയിട്ടു കാര്യമില്ലെന്ന'ഒരു താക്കീതും. ഓപറേറ്റര്‍മാരുടെ നഷ്ടത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് മോഡിയുടെ കര്‍ഷകര്‍ക്കു വേണ്ടിയുള്ള ഗവണ്‍മെന്‍റാണിതെന്ന പ്രസ്തവാവനക്കെതിരായി ഒരു പൗരന്‍റെ പരാമര്‍ശം ഒരിടത്ത് വായിച്ചത് ഓര്‍ക്കുന്നത്. '44000 കോടി ആസ്തിയുള്ള അദ്വാനിയെന്ന ദരിദ്ര കര്‍ഷകനു വേണ്ടിയുള്ള ഗവണ്‍മെന്‍റ്' എന്ന നര്‍മം കലര്‍ന്ന സത്യം  പോലെയുള്ള കമന്‍റുകള്‍ മൊബൈല്‍ ഓപറേറ്റര്‍മാരുടെ നഷ്ടക്കണക്കിന് ചുവട്ടിലും ചേര്‍ക്കുന്നത് ഉചിതമായിരിക്കും. ട്രായുടെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നീക്കം ഇപ്പോള്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കാത്തതു കൊണ്ടുതന്നെ പുതിയൊരു ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ്. സേവ് ഇന്‍റര്‍നെറ്റ് എന്ന പേരില്‍ ആരംഭിച്ച ക്യാമ്പിയിന് നാനാഭാഗത്തുനിന്നും നല്ല പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ് നിക്ഷ്പക്ഷത നില നിര്‍ത്തുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ മുഴുവന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഇതിനകം തന്നെ അനവധി മെയിലുകള്‍ ട്രായ്ക്ക് അയച്ചു കഴിഞ്ഞു. സോഷ്യല്‍ സൈറ്റുകള്‍ വഴി നടത്തുന്ന പ്രചാരങ്ങള്‍ ട്രായുടെ കണ്ണുതുറപ്പിച്ചെങ്കില്‍....

Post a Comment

Previous Post Next Post

News

Breaking Posts