വിസ്മയിപ്പക്കുന്ന നിര്‍മിതികള്‍ ഏറെയുണ്ട് നമ്മുടെ ഭാരതത്തില്‍. പൗരാണിക കാലം മുതല്‍ നിര്‍മിക്കപ്പെട്ടവയില്‍ പലതും ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ നശിക്കാതെ നിലകൊള്ളുന്നു. അതിലൊന്നാണ് താജ്മഹലും. മറ്റേതിനേക്കാളും താജ്മഹലിനെ വേറിട്ടതാക്കുന്നത് അതിനു പിന്നില്‍ ഒളിഞ്ഞു കിടക്കുന്ന ചില നിഗൂഡതകള്‍ കൊണ്ടാണ്. ചരിത്രത്തിലും കെട്ടുകഥകളിലും താജ്മഹല്‍ ഒരു നിഗൂഢ വിസ്മയമാണ്. താജ്മഹലിനെ കുറിച്ച് പറയുമ്പോള്‍ ചില നാടോടി കഥകളിലെന്ന പോലെ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയ കഥയാണ് പറയപ്പെടുന്നത്. മുംതാസിന്റെ ഓര്‍മ്മക്കായി ഷാജഹാന്‍ നിര്‍മിച്ച ഓര്‍മ സ്മാരകമാണ് താജ്മഹല്‍. ഇതൊരു പക്ഷേ, കെട്ടുകഥയോ ചരിത്രമോ ആവാം. പക്ഷേ, യമുനാ നദിയുടെ തീരത്ത് വെണ്ണക്കല്ലില്‍ തീര്‍ത്ത ആ മാര്‍ബിള്‍ സ്മാരകം എന്നും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന വിസ്മയം തന്നെയാണ്. ഏവരെയും ആകര്‍ഷിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒളിപ്പിച്ച വിസ്മയം.
ലോകത്തിലെ ഏഴല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിര്‍മാണം 1631 ല്‍ ആരംഭിച്ച് 1653 ല്‍ പൂര്‍ത്തിയാക്കി എന്നതാണ് ചരിത്രം പറയുന്നത്. താജ്മഹല്‍ എന്ന നിര്‍മാണ വിസ്മയത്തിന്റെ കൗതുകം നോക്കാം.
വെള്ള മാര്‍ബിളില്‍ പണികഴിപ്പിച്ച താജ്മഹലിന്റെ നിറമെന്താണെന്നു ചോദിച്ചാല്‍ വെള്ള എന്നായിരിക്കും ഉത്തരം. എന്നാല്‍ സ്വര്‍ണ നിറത്തിലും താജ്മഹലിനെ കാണാനാവും. നിലാവുള്ള രാത്രിയില്‍ താജ്മഹല്‍ സ്വര്‍ണ നിറത്തിലായിരിക്കും. അതിരാവിലെ പിങ്ക് നിറത്തിലുള്ള താജ്മഹലായിരിക്കും കാണാനാവുക. സ്ത്രീകളുടെ വ്യത്യസ്ത സ്വഭാവമാണ് ഈ നിറ മാറ്റത്തിലൂടെ സൂചിപ്പിക്കുന്നെതന്ന് പറപ്പെടുന്നു. 22 എന്ന സംഖ്യയും താജ്മഹലും തമ്മില്‍ ഒരു ബന്ധമുണ്ട്. താജ്മഹല്‍ പൂര്‍ണമായും പണി തീര്‍ക്കാന്‍ 22 വര്‍ഷമെടുത്തു എന്നതാണ് ചരിത്രം. 22000 തൊഴിലാളികള്‍ ചേര്‍ന്നാണേ്രത താജ്മഹല്‍ പണികഴിച്ചത്. കൂടാതെ 1000 ആനകളെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു.
താജ്മഹലിന്റെ ചുറ്റുമായി നാല് മിനാരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണത്താല്‍ മിനാരങ്ങള്‍ തകര്‍ന്നാല്‍ അത് മൂലം താജ്മഹലിന് നാശം സംഭവിക്കരുതെന്ന രീതിയില്‍ പുറത്തേക്ക് ചെരിച്ചാണ് ഇവ പണി കഴിപ്പിച്ചിട്ടുള്ളത്. നാല് വ്യത്യസ്ത വാസ്തു നിര്‍മാണ ശൈലിയിലാണ് താജ്മഹല്‍ നിര്‍മിച്ചത്. പേര്‍ഷ്യന്‍, തുര്‍ക്കി, ഇന്ത്യന്‍, ഇസ്ലാമിക് വാസ്തു വിദ്യ താജ്മഹലിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. താജ്മഹലിന്റെ നിര്‍മാണത്തിന് ചില ചൈനീസ് ബന്ധങ്ങളുമുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ക്രിസ്റ്റലുകളാണ് അലങ്കാര പണികള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത്. ശ്രീലങ്കയില്‍ നിന്നും ടിബറ്റില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ചില വിലപിടിപ്പുള്ള കല്ലുകള്‍ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
താജ്മഹല്‍ പണികഴിപ്പിച്ച ശേഷം ഷാജഹാന്റെ മനസ്സില്‍ തോന്നിയത്രേ, ഇത്‌പോലൊരു നിര്‍മിതി ലോകത്ത് ഉണ്ടാകാന്‍ പാടില്ലെന്ന്. നിര്‍മിതി ഇനി ഉണ്ടാകാതിരിക്കാന്‍ താജ്മഹല്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്ത ഉസ്താദ് ഈസയുടെയും തൊഴിലാളികളുടെയും കൈവെട്ടി മാറ്റാന്‍ ഷാജഹാന്‍ ഉത്തരവിട്ടു എന്ന് പറയപ്പെടുന്നുണ്ട്. ഈ ഉത്തരവ് നേരത്തെ തന്നെ അറിഞ്ഞ ഉസ്താദ് ഈസ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പടയാളികള്‍ നടപ്പാക്കുന്നതിന് മുമ്പ് താജ്മഹല്‍ അവസാനമായി തനിക്ക് കാണണമെന്ന് പറഞ്ഞതും ഇതിന് ശേഷം ഒരു ചുറ്റികയും വലിയ ആണിയുമായി താജ്മഹലിന്റെ ഉള്ളിലേക്ക് പോവുകയും താജ്മഹലിന്റെ ഏതോ ഒരു ഭാഗത്ത് ആണിയടിക്കുകയും ചെയ്തു എന്നും അതേ തുടര്‍ന്ന് ഓരോ വര്‍ഷവും കണ്ണുനീര്‍ തുള്ളി പോലെ ഒരു വെള്ളം മുംതാസിന്റെ ശവകുടീരത്തിന് മേല്‍ വീഴുമെന്നും പറയപ്പെടുന്നു.
കറുത്ത നിറത്തില്‍ മറ്റൊരു താജ്മഹല്‍ പണിയാന്‍ ഷാജഹാന്‍ ഒരുങ്ങി എന്നും പറയപ്പെടുന്നുണ്ട്. യമുനാ നദിയുടെ മറുകരയില്‍ താജ്മഹലിന് അഭിമുഖമായി ഒരു കറുത്ത താജ്മഹല്‍ പണിയാന്‍ ഷാജഹാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് കഥ. വെള്ള താജ്മഹലില്‍ മുംതാസിന്റെ ശവകുടീരവും കറുത്ത താജ്മഹലില്‍ തന്റെ ശവകുടീരവും സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അപ്പോഴേക്കും മകന്‍ ഔറംഗസീബ് ഷാജഹാനെ തടവിലാക്കി എന്നും കഥകളുണ്ട്. താജ്മഹലിന്റെ അടി ഭാഗത്തേക്ക് നിരവധി അറകളും വാതിലുകളും വഴികളുമുണ്ട്. താജ്മഹലിന്റെ അടിത്തട്ട് പൂര്‍ണമായും തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നും യമുനാ നദിയുടെ ഈര്‍പ്പം കൊണ്ടാണ് ഇത് നിലനില്‍ക്കുന്നതെന്നും പറയപ്പെടുന്നു.
Post a Comment