കുടുംബ ബന്ധം നന്നായിരിക്കല്‍ ജീവിത സന്തോഷത്തിനും വളര്‍ച്ചക്കും അനിവാര്യമായ ഘടകമാണ്. പ്രത്യേകിച്ചും ഭാര്യ ഭര്‍ത്തൃ ബന്ധം. ദാമ്പത്യ ബന്ധം നന്നാക്കിയെടുക്കുന്നിതില്‍ ഭര്‍ത്താവിനുള്ള പങ്ക് ചെറുതല്ല. ഇന്ന് ഡൈവോഴ്‌സ് കേസുകളും ദാമ്പത്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചിരിക്കുകയാണ്. വിവാഹ ബന്ധം കഴിഞ്ഞ് ഒരു ആഴ്ചയും ഒരു മാസവും വരെ മാത്രം ജീവിച്ച് പിരിഞ്ഞ ബന്ധങ്ങളുടെ കഥകള്‍ ധാരാളം നാം കേട്ട് കൊണ്ടിരിക്കുകയാണ്. ഒരു ഭര്‍ത്താവ് താന്‍ ശ്രദ്ധിക്കേണ്ട പാലിച്ചിരിക്കേണ്ട മര്യാദകളും കടപ്പാടുകളും കൃത്യമായി നിര്‍വഹിക്കുകയാണെങ്കില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഒരുപാട് ഒഴിവാക്കാന്‍ സാധിക്കും. ഭാര്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. അത് മറ്റൊരു പോസ്റ്റിലൂടെ നമുക്ക് വിശദീകരിക്കാം. ഇവിടെ ഭര്‍ത്താവ് ചെയ്തിരിക്കേണ്ട ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് നല്‍കുന്നത്.
ആദ്യമായി ഭാര്യാഭര്‍തൃ ബന്ധത്തിന്റെ അടിസ്ഥാന കാര്യം വിശ്വാസം തന്നെയാണ്. രണ്ട് പേര്‍ക്കും പൂര്‍ണ വിശ്വാസം ഉണ്ടായിരിക്കണം. അതിന് എല്ലാ കാര്യങ്ങളിലും ഭര്‍ത്താവ് സത്യ സന്ധനായിരിക്കണം. തമാശക്കു പോലും കളവ് പറയാതിരിക്കുകയും വേണം. ഭര്‍ത്താവ് സത്യ സന്ധനായിരിക്കുമ്പോള്‍ ഭാര്യക്ക് ഭര്‍ത്താവില്‍ വിശ്വാസം ഉണ്ടാവുകയും ഭര്‍ത്താവിനോട് ആദരവും ബഹുമാനവും സ്‌നേഹവും വര്‍ധിക്കാന്‍ അത് കാരണമാവുകയും ചെയ്യും.
ഭാര്യമാരെ ചേര്‍ത്തു പിടിക്കലാണ് മറ്റൊന്ന്. സ്ത്രീകള്‍ പൊതുവേ നിഷ്‌ക്കളങ്കരും ലോല മനസ്സിനുടമകളുമാണ്. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ തളര്‍ന്ന് പോകുന്നവരും സങ്കടപ്പെടുന്നവരുമാണ്. അവര്‍ക്ക് സംരക്ഷണം നല്‍കുകയും പ്രതിസന്ധികളില്‍ അവര്‍ക്ക് സംരക്ഷണമേകുകയും തണലായി മാറാനും ആശ്വാസമായി കൂടെ നില്‍ക്കാനും ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. എന്ത് പ്രതിസന്ധികളുണ്ടായാലും തന്റെ ഭര്‍ത്താവ് കൂടെയുണ്ടാകുമെന്ന വിശ്വാസം അവര്‍ക്ക് നല്ല ധൈര്യം പകരും.
പ്രവര്‍ത്തനങ്ങളിലും പെരുമാറ്റത്തിലും സംസാരത്തിലും ഭര്‍ത്താവ് മാന്യത പുലര്‍ത്തണം. കാരണം പൊതുസമൂഹത്തിലോ മറ്റുള്ളവര്‍ക്കിടയിലോ തന്റെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നത് ഒരു ഭാര്യക്കും സഹിക്കാന്‍ പറ്റില്ല.
ഭാര്യമാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും മോശമായ കാര്യങ്ങളെ നല്ല രീതിയില്‍ ഉപദേശിക്കുകയും ചെയ്യുക. പലപ്പോഴും ചെറിയ കാര്യങ്ങളില്‍ പല ഭര്‍ത്താക്കന്മാരും ഭാര്യമാരെ കുറ്റപ്പെടുത്തുന്നവരാണ്. കുറവുകള്‍ കാണാതിരിക്കുകയോ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുകയോ ചെയ്ത് നല്ല വശങ്ങള്‍ പ്രോത്സാഹിപ്പിക്കുക. എന്നാല്‍ എല്ലാ കാര്യങ്ങളെയും പാടെ അവഗണിച്ച് വിടുന്നത് ഭാര്യമാര്‍ വഴിതെറ്റാന്‍ ഇടവരുത്തും. മോശമായ കാര്യങ്ങള്‍ കാണുമ്പോള്‍ ദേഷ്യപ്പെട്ട് കുറ്റപ്പെടുത്താതെ കിടപ്പറയിലോ നല്ല അവസരങ്ങളിലോ നല്ല ഉപദേശങ്ങള്‍ നല്‍കുക. അല്ലെങ്കില്‍ ഭര്‍ത്താവിനോട് ചെറിയ രീതിയിലുളള വെറുപ്പുകള്‍ ഭാര്യമാരുടെ മനസ്സില്‍ വളര്‍ന്ന് വരാന്‍ ഇടയാകുകയും ക്രമേണ വര്‍ധിച്ച് വരികയും ചെയ്യും.
ഭര്‍ത്താവിന്റെ സ്‌നേഹവും വാത്സല്യവും ആഗ്രഹിക്കുന്നവരാണ് ഭാര്യമാര്‍. സ്‌നേഹം പുറത്തു കാണിക്കാതെ ഉള്ളിലൊളിപ്പിക്കുന്ന ചില ഭര്‍ത്താക്കന്മാരുണ്ട്. സ്‌നേഹം പ്രകടിപ്പിക്കുകയും സ്‌നേഹം അവരെ അറിയിക്കുകയും വേണം. ഒഴിവ് വേളകള്‍ ഭാര്യയോടൊപ്പം ഇരിക്കുകയും സംസാരിക്കുകയും ആനന്ദ സന്തോഷ കാര്യങ്ങളിലേര്‍പ്പെടുകയും വേണം. വീട്ടുജോലികളില്‍ സഹായിക്കുകുയം വേണം. ഭാര്യയുടെ മനസ്സ് തിരിച്ചറിയുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും വേണം. പലപ്പോഴും ഭാര്യമാര്‍ അവരുടെ ആഗ്രഹങ്ങള്‍ തുറന്ന് പറയാത്തവരാണ്. നിര്‍ബന്ധമായ കടപ്പാടുകള്‍ വീട്ടുന്നതിനെ കുറിച്ചല്ല പറയുന്നത്. ഇഷ്ടമുള്ള ആഗ്രഹമുള്ള പല കാര്യങ്ങളുമുണ്ടാകും. കണ്ടറിഞ്ഞ് അവര്‍ പറയാതെ തന്നെ ചെയ്ത് കൊടുക്കാന്‍ സാധിച്ചാല്‍ ഭാര്യമാരുടെ സ്‌നേഹം ഇരട്ടിയായി മാറും. ഭാര്യമാരുടെ അഭിപ്രായങ്ങളെ മാനിക്കുകയും പറ്റാവുന്നതാണെങ്കില്‍ അംഗീകരിക്കുകയും വേണം. അവള്‍ പറയുന്നത് കേട്ടിരിക്കാനുള്ള മനസ്സും ഭര്‍ത്താവ് കാണിക്കണം. അവളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത് ആവാം. പക്ഷേ, അഭിപ്രായത്തെ മാനിക്കുന്നത് നല്ലതാണ്.
മക്കളെയും നന്നായി സ്‌നേഹിക്കണം. മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും അവരൊടൊപ്പം കളികളില്‍ ഏര്‍പ്പെടുകയും വേണം. മക്കള്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരെയാണ് ഭാര്യമാര്‍ ആഗ്രഹിക്കുന്നത്.
ഭര്‍ത്താവ് തന്റെ പക്കല്‍ നിന്നുണ്ടാകുന്ന വീഴ്ചകളെ ന്യായീകരിച്ച് നല്ല പിള്ള ചമയാന്‍ പാടില്ല. വിശ്വാസ്യത ഇല്ലാതാകാന്‍ അത് കാരണമാകും. തുറന്ന് പറച്ചിലുകളും സംസാരങ്ങളും ദാമ്പത്യ ബന്ധത്തിന്റെ അനിവാര്യ ഘടകമാണ്. ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് ഒളിപ്പിച്ച് വെക്കുകയോ കളവ് പറഞ്ഞ് ഭാര്യയെ പറ്റിക്കാനോ ശ്രമിക്കരുത്.
ഭര്‍ത്താവ് തന്റെ ജോലിയെ കുറിച്ചും സാമ്പത്തിക പ്രശ്‌നങ്ങള്‍ അറിയിക്കുന്നതും നല്ലതാണ്. സാമ്പത്തികമായ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന ഭാര്യമാരുണ്ട്. ധൂര്‍ത്തായി പണം ചെലവഴിക്കുന്നതും അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പൈസ ചെലവാക്കുന്നത് കുറക്കാനും സാധിക്കും. മാത്രമല്ല, മിച്ചം വരുന്നത് സൂക്ഷിക്കാനും ഭാര്യമാര്‍ തുടങ്ങും.
إرسال تعليق