നല്ല ആരോഗ്യത്തിന് 10 ശീലങ്ങള്‍ | 10 Health tips malayalam

ആരോഗ്യം,health,health tips, ആരോഗ്യ ശീലങ്ങള്‍,

ഹോട്ടലില്‍ ദോശക്ക് ഓര്‍ഡര്‍ ചെയ്താല്‍ പ്ലേറ്റില്‍ ഒരു വട കൂടി ഉണ്ടാകും. കൊണ്ടുവന്നുവെച്ചതല്ലേ കരുതി കഴിച്ചേക്കാം എന്ന മട്ടിലാണ് പലരും വട കഴിക്കുന്നത്. എന്നാല്‍ ഒരു വട കഴിച്ചാല്‍ 270 കാലറിയും ദോശകഴിച്ചാല്‍ 85 കാലറിയുമാണ് ശരീരത്തിന് ലഭിക്കുന്നത്. ഒരു വട കഴിക്കുന്നതും 3 ദോശ കഴിക്കുന്നതിനു തുല്യമെന്നര്‍ത്ഥം. 

ഏത് പ്രായക്കാര്‍ക്കും ചേരുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകുന്നേരമോ നടക്കാം. പതുക്കെ നടന്നു തുടങ്ങുക. പത്തുമിനിറ്റിനുള്ളില്‍ വേഗം കൂട്ടുക. 15 മിനിറ്റ് അതേ വേഗത്തില്‍ നടന്നതിനു ശേഷം വേഗം കുറക്കുക. ഒരാഴ്ച കഴിഞ്ഞാല്‍ കാല്‍ കിലോ മീറ്റര്‍ ഓരോ ആഴ്ചയും കൂട്ടി നടക്കാം. 

നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കൂടും. ഇതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. വ്യായാമം ഇല്ലാത്തവര്‍ കാലറി കുറവുള്ള ആഹാരം കഴിക്കുന്നതാണ് നല്ലത്. കൂടുതല്‍ കാലറിയടങ്ങുന്ന ഭക്ഷണം കുറഞ്ഞ അളവില്‍ കഴിച്ചാലും തൂക്കം കൂടും. അമിതഭാരം കുറച്ച് രോഗങ്ങള്‍ അകറ്റി നിര്‍ത്താനുള്ള ചില മാര്‍ഗങ്ങള്‍.

ആരോഗ്യ ശീലങ്ങള്‍

1. മുപ്പതു വയസ്സ് കഴിഞ്ഞാല്‍ ഭക്ഷണ കാര്യത്തിലും വ്യായാമത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ശരീര ഭാരം കൂടുന്നത് അറിയുന്നുണ്ടെങ്കിലും വിശപ്പിന് ശമനമില്ലാത്തവരാണ് അധികവും. ഇങ്ങനെയുള്ളവര്‍ ഭക്ഷണത്തിന് മുമ്പ് മോര്, നാരങ്ങാവെള്ളം, ചൂടുവെള്ളം എന്നിവയില്‍ ഏതെങ്കിലും കുടിക്കുക.

2. രാവിലെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം മാറ്റാന്‍ ശ്രമിക്കുക. പകരം രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുക.

3. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ മറ്റു ഭക്ഷണങ്ങള്‍ കഴിക്കരുത്. വിശപ്പ് കൂടുതലാണെങ്കില്‍ വെജിറ്റബിള്‍ സാലഡോ പഴങ്ങളോ കഴിക്കാം. 

4. സാലഡില്‍ നാരങ്ങാനീര്, ഒലിവ് ഓയില്‍, വിനാഗിരി ഇവയിലേതെങ്കിലും ചേര്‍ക്കുക. മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള സാലഡ് പോഷക സമൃദ്ധമാണ്.

5. നാരുകള്‍ കൂടുതലടങ്ങിയ ധാന്യങ്ങള്‍, പയര്‍ പരിപ്പ് വര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ മുതലായവ ധാരാളം കഴിക്കാം. ഇലക്കറികളിലും കുമ്പളങ്ങ, മുരിങ്ങക്ക, കപ്പളങ്ങ തുടങ്ങിയവയിലും നാരിന്റെ അംശം കൂടുതലുണ്ട്. ഒരാള്‍ ദിവസം 100 മുതല്‍ 150 ഗ്രാം വരെ പഴങ്ങളും 200 ഗ്രാം പച്ചക്കറികളും കഴിക്കണം.

6. ആന്റി ഓക്‌സിഡന്റ്‌സ് കൂടുതലുള്ള പഴുത്ത മാങ്ങ, പപ്പായ, പൈനാപ്പിള്‍,. മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, തണ്ണിമത്തന്‍ ഇവയിലേതെങ്കിലും ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണം.

7. ഇറച്ചിയോ മുട്ടയോ ആഴ്ചയില്‍ ഒരുദിവസം മാത്രം ഉപയോഗിക്കുക. മീന്‍ ആഴ്ചയില്‍ നാലു ദിവസം വരെ ആകാം. കാത്സ്യവും നാരുകളും കൂടുതലുള്ള സോയാബീന്‍ ദിവസവും കഴിക്കാം.

8. ഫൈറ്റോകെമിക്കല്‍സ് അടങ്ങിയ വെളുത്തുള്ളി, ചെറിയ ഉള്ളി, ഓട്‌സ്, സോയാബീന്‍, മഞ്ഞള്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പെടുത്തണം.

9. കാച്ചിയ പാല്‍ കുറേ സമയം ഫ്രിഡ്ജില്‍ വെച്ചിരുന്നാല്‍ കട്ടി പാട മുകളില്‍ കിട്ടും. ഈ പാട മാറ്റിയ ശേഷം വേണം പാല്‍ ഉപയോഗിക്കാന്‍. സസ്യഭുക്കുകള്‍ ഭക്ഷണത്തില്‍ പരിപ്പ് വര്‍ഗങ്ങള്‍ ഉള്‍പെടുത്തണം.

10. പാചക എണ്ണ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കണം. 

Post a Comment

Previous Post Next Post

News

Breaking Posts