അപകടമുണ്ടായാല്‍ ആദ്യം ചെയ്യേണ്ടത് | First aid

അറിവ്,ആരോഗ്യം,രോഗങ്ങള്‍,health,disease,first aid, fist aid tips,

അപകടങ്ങള്‍ ആകസ്മികമാണ്. ഭയവും വെപ്രാളവും പരിഭ്രാന്തിയും അപകടത്തെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഏത് അപകടമുണ്ടായാലും നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. 

നായ കടിച്ചാല്‍

നായ കടിച്ചാല്‍ വാക്‌സിനെടുക്കുക, കുത്തിവയ്‌പെടുക്കുക എന്നിവയാണ് ചെയ്യുക. എത്രയും പെട്ടെന്ന് തന്നെ ചികിത്സ തേടണം. ഇതിന് മുമ്പ് നല്ലതു പോലെ കഴുകണം. ഇമ്യൂണോഗ്ലോബിന്‍ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. നായ കടിച്ചാല്‍ ഈ ഭക്ഷണം നല്‍കരുത്, അത് നല്‍കരുത് എന്ന് പലരും പറഞ്ഞ് കേള്‍ക്കാം. ഇത്തരത്തില്‍ യാതൊരു വിലക്കുകളുമില്ല. ഇതു പോലെ വളര്‍ത്തു നായ്ക്കളെങ്കില്‍പ്പോഴും ചെറിയ കടിയാണെങ്കിലും ഇത് അവഗണിയ്ക്കാതെ എത്രയും പെട്ടെന്ന് മെഡിക്കല്‍ സഹായം തേടുക. വീട്ടിലെ നായ്ക്കള്‍ക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തുക. ഇതിനായി ഇവയ്ക്ക് വാക്‌സിനെടുക്കുക.

പൊള്ളലേറ്റാല്‍

ധരിച്ചിരിക്കുന്ന വസ്ത്രത്തിനു തീപിടിച്ചാല്‍ ഒരു കാരണവശാലും ഓടരുത്. കട്ടിയുള്ള തുണിയോ പുതപ്പോ കൊണ്ടു പുതപ്പിച്ച ശേഷം തറയില്‍ കിടന്ന് ഉരുളണം. തീ അണയും. പൊള്ളലേറ്റ ശരീര ഭാഗത്ത് പച്ചവെള്ളം ഒഴിക്കുക. ഐസ് വെള്ളം ഒഴിച്ചാല്‍ രക്തക്കുഴലുകള്‍ പെട്ടെന്ന് ചുരുങ്ങാനിടയാകും. എണ്ണ, നെയ്യ്, തേന്‍ തുടങ്ങിയവ പുരട്ടിയാല്‍ പൊള്ളലേറ്റ ഭാഗത്തെ ചൂട് പുറത്തേക്ക് വമിക്കുന്നതിന് തടസമുണ്ടാവും.

നനഞ്ഞതും കരിഞ്ഞതുമായ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. ഉരുകി ശരീരത്തില്‍ പിടിക്കുന്ന വസ്ത്രങ്ങള്‍ വസ്ത്രങ്ങളാണെങ്കില്‍ തൊലി കൂടി പൊളിഞ്ഞു വരാനിടയാകും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം വസ്ത്രം മാറ്റാന്‍. പൊള്ളലേറ്റ ഭാഗം നീരുവെച്ചു വീര്‍ക്കാന്‍ സാധ്യതയുള്ളത് കൊണ്ട് വളയും മറ്റു ആഭരണങ്ങളും ഊരി മാറ്റണം. എത്രയും വേഗം വൈദ്യസഹായം നല്‍കുക.

വെള്ളത്തില്‍ മുങ്ങിയാല്‍

കുഞ്ഞിനെ കമിഴ്ത്തി കിടത്തി പുറത്തും വയറിനു പുറകിലുമായി അമര്‍ത്തുക. കുടിച്ച വെള്ളം കുറെയൊക്കെ പുറത്തു പോകും. ശ്വാസം എടുക്കുന്നില്ലെങ്കില്‍ കുഞ്ഞിന്റെ വായിലേക്ക് ശക്തിയായി വായു ഊതിക്കൊടുക്കുക.

നീലനിറം, അബോധാവസ്ഥ, തണുത്ത് മരവിപ്പ്, ചലനം നിലയ്ക്കല്‍ തുടങ്ങിയവെയെല്ലാം ഗുരുതരാവസ്ഥയെ കാണിക്കുന്നു. ഹൃദയമിടിപ്പ് നിലച്ചതായി തോന്നിയാല്‍ ഉറപ്പുള്ള പ്രതലത്തില്‍ കിടത്തി നെഞ്ചിന്റെ മധ്യഭാഗത്ത് ശക്തിയായി അമര്‍ത്തുക. ശരീരം കമ്പിളി കൊണ്ട് പൊതിഞ്ഞു വേണം ആശുപത്രിയില്‍ കൊണ്ടു പോകാന്‍. ആശുപത്രിയിലേക്കുള്ള യാത്രയിലും നെഞ്ചില്‍ അമര്‍ത്തി ഹൃദയമിടിപ്പ് പിടിച്ചു നിര്‍ത്തണം. 


നാണയവും മറ്റു വിഴുങ്ങിയാല്‍

നാണയം, കല്ല്, ഗോലി, ബട്ടന്‍ തുടങ്ങി കയ്യില്‍ കിട്ടുന്നതെല്ലാം വായിലിടുന്നത് കുഞ്ഞുങ്ങളുടെ ശീലമാണ്. ചെറിയ വസ്തുക്കള്‍ വിരലിട്ട് എടുക്കാന്‍ ശ്രമിക്കരുത്. കുഞ്ഞിനെ പെട്ടെന്ന് കമിഴ്ത്തി കിടത്തി പുറത്തു തട്ടുക. വിഴുങ്ങിയ സാധനങ്ങള്‍ തെറിച്ചു പൊയ്‌ക്കോളും. വലിയ വസ്തുക്കളാണെങ്കില്‍ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടാന്‍ സാധ്യതയുണ്ട്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം. 


മരുന്നു മാറി കഴിച്ചാല്‍

രക്തസമ്മര്‍ദം, ഡയബറ്റിസ് തുടങ്ങിയവയ്ക്കുള്ള ഗുളികകള്‍, സിറപ് തുടങ്ങിയ മരുന്നുകള്‍ എന്നിവയില്‍ ഏത് കഴിച്ചാലും കുട്ടിയെ ഉടന്‍ തന്നെ ഛര്‍ദിപ്പിക്കണം. ട്യൂബിട്ട് വയറു കഴുകുന്നതോടെ പ്രശ്‌നം തീരാനിടയുണ്ട്. എന്നാല്‍ ചില മരുന്നുകള്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കും. ഡയബറ്റിസ് ഗുളിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കും. ബിപിക്കുള്ള ഗുളിക കഴിച്ചാല്‍ രക്തസമ്മര്‍ദം താഴും. ഉറക്ക ഗുളിക കഴിച്ചാല്‍ ശ്വാസതടസവും ഹൃദയസ്ഥംഭനവുമുണ്ടാവും. മാനസിക രോഗികളുടെ മരുന്നു മാറി കഴിച്ചാല്‍ മയക്കം, ബലംപിടുത്തം, ഉമിനീര്‍, ഒലിച്ചിറങ്ങല്‍, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. 

അപകടകാരിയായ മരുന്നു കഴിച്ചാല്‍ ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. ഇഷ്ടഭക്ഷണവും ഒ ആര്‍ എസ് ലായനിയും കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക. കഴിച്ച മരുന്നിന്റെ സാമ്പിള്‍ കൂടി ഡോക്ടറെ കാണിക്കുന്നത് ചികിത്സ എളുപ്പമാവും.

ഉയരത്തില്‍ നിന്ന് വീണാല്‍

വീഴ്ചകള്‍ ഒരിക്കലും അവഗണിക്കരുത്. തലയടിച്ചുള്ള വീഴ്ച പ്രത്യേകിച്ചും ക്ഷതമേറ്റ ഭാഗം നന്നായി തിരുമ്മണം. മുഴച്ചിട്ടുണ്ടെങ്കില്‍ ഐസ് പായ്ക്ക് വയ്ക്കണം. തലപൊട്ടിയിട്ടുണ്ടെങ്കിലും വേദനയുണ്ടെന്ന് കുഞ്ഞു പറയുന്നുണ്ടെങ്കിലും ഉടനെ ആശുപത്രിയില്‍ എത്തിക്കണം. വീണ് ആറു മണിക്കൂറിനുള്ളില്‍ ഛര്‍ദി, ഓര്‍മക്കുറവ്, ഫിറ്റ്‌സ്, മൂക്കിലൂടെ ചോരയൊലിക്കല്‍, മയക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ കൂടുതല്‍ സൂക്ഷിക്കണം. തലയ്ക്കു സ്‌കാന്‍ ചെയ്യേണ്ടിവരും. തല പൊട്ടിയിട്ടുണ്ടെങ്കില്‍ പഞ്ഞിയില്‍ അണുനാശിനി മുക്കി തുടച്ച് തുണികൊണ്ട് കെട്ടിവെയ്ക്കണം. നെഞ്ചടിച്ചുള്ള വീഴ്ച ഗുരുതരമാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു പോകും. റോഡപകടങ്ങളിലാണ് ഇത്തരം മരണസാധ്യത കൂടുതല്‍.


ഭക്ഷണം കഴിക്കുമ്പോള്‍

മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞു മുതല്‍ മുതിര്‍ന്നവര്‍ വരെ ഭക്ഷണം കഴിക്കുന്നതിനിടെ വിക്കാനിടയുണ്ട്. പാലും മറ്റു ഭക്ഷണസാധനങ്ങളും അന്നനാളത്തിലേക്ക് കടക്കുന്നതിന് പകരം ശ്വാസനാളത്തിലേക്ക് കടക്കുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. കുഞ്ഞിന്റെ തല താഴ്ത്തിവെച്ചു വലതു വശം കമിഴ്ത്തികിടത്തി പതിയെ പുറത്തു തട്ടുക. പാല്‍ തനിയെ ഒലിച്ചു പൊയക്കോളും. മുലപ്പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ തല അമ്മയുടെ കൈത്തണ്ടയില്‍ ഉയര്‍ന്നിരിക്കണം. കുഞ്ഞിന്റെ വയറ് അമ്മയുടെ നെഞ്ചിനോടും ചേര്‍ന്നിരിക്കണം. കുറുക്ക് കൊടുക്കുമ്പോള്‍ കിടത്തി കൊടുക്കരുത്. തലയിണയില്‍ തല ഉയര്‍ത്തി വയ്ക്കുക. മടിയിലിരുത്തി കൊടുക്കുന്നതാണ് ഉത്തമം.


മണ്ണെണ്ണ കുടിച്ചാല്‍

ആസിഡ്, ആല്‍ക്കലി, മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയവ കുടിച്ച കുഞ്ഞിനെ ഒരിക്കലും ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്. ഇവ ശ്വാസകോശത്തിലേക്ക് കടന്ന് ന്യൂമോണിയ എന്ന രോഗം വരും. വെള്ളം ധാരാളം കുടിപ്പിക്കുക. മണ്ണെണ്ണയുടെയും മറ്റും ശക്തി കുറക്കാന്‍ ഇത് നല്ലതാണ്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക. വയര്‍ ട്യൂബിട്ട് കഴുകേണ്ട ആവശ്യമില്ല. ചുമയും ശ്വാസംമുട്ടലും ഉണ്ടെങ്കില്‍ അതിന് ചികിത്സിച്ചാല്‍ മതിയാവും. രണ്ടു ദിവസമെങ്കിലും കുഞ്ഞിനെ നിരീക്ഷിക്കണം.

കുഞ്ഞ് ആസിഡാണ് കുടിച്ചതെങ്കില്‍ ജെലൂസില്‍ പോലോത്ത അന്റാസിഡുകള്‍ നല്‍കാം. തണുത്ത പാല്‍ കുടിപ്പിക്കാം. മുട്ടയുടെ വെള്ള പതച്ചു നല്‍കുകയും എന്തെങ്കിലും കഴിപ്പിക്കുകയും ചെയ്യുക. 

Post a Comment

Previous Post Next Post

News

Breaking Posts