പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' യ്ക്ക് പകരം'ഭാരത്' എന്നാക്കാന്‍ എന്‍.സി.ഇ.ആര്‍.ടി പാനല്‍ ശുപാര്‍ശ. എന്‍.സി.ഇ.ആര്‍.ടി.സോഷ്യല്‍സയന്‍സ് പാനല്‍ ആണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സി.ഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടി ഏഴംഗ ഉന്നതതല സമിതി ഐകകണ്ഠ്യേനയാണ് ശുപാര്‍ശ നല്‍കിയതെന്നും പാനല്‍ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനല്‍ പൊസിഷന്‍ പേപ്പറിലും ഇക്കാര്യം പരാമര്‍ശിച്ചതായും ഐസക് പറഞ്ഞു.
''ഇന്ത്യ' എന്ന വാക്കിന് 5,000-ത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ 'ഇന്ത്യ' എന്ന പദം സാധാരണയായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ്. ഈ പശ്ചാത്തലത്തിലാണ് ഏഴംഗസമിതി എല്ലാ ക്ലാസുകളിലേയും പാഠപുസ്തകത്തില്‍ പേരുമാറ്റ നിര്‍ദേശം മുന്നോട്ട് വെച്ചത്'; സി.ഐ ഐസക് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു
മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നുപയോഗിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ആസിയാന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ആറിന് പുറത്തിറക്കിയ കുറിപ്പില്‍ 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നും സെപ്റ്റംബര്‍ ഒന്‍പതിന് ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നും രേഖപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകങ്ങളില്‍ പേരുമാറ്റ നിര്‍ദേശം വന്നിരിക്കുന്നത്
അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ പേരുമാറ്റം കൊണ്ടുവരാനാണ് ശുപാര്‍ശ. എന്നാല്‍ പാനല്‍ ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ നിലവില്‍ തീരുമാനമായിട്ടില്ലെന്നും എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ പറഞ്ഞു.
إرسال تعليق