ആദര്‍ശവീഥിയിലെ രക്തസാക്ഷി


പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കല്ലാങ്കുഴി പള്ളത്ത് തറവാട്. ആരവങ്ങളോ ചരികളോ ഇല്ലാത്ത ആ വീടിനും അന്തരീക്ഷത്തിനും ചോരയുടെ ഗന്ധമാണുള്ളത്. മൗനവും ദുഖവും തളം കെട്ടി നില്‍ക്കുന്ന വീടിന്‍റെ ഉമ്മറക്കോലായിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുകയാണ് വീട്ടിലെ ചെറിയ മോള്‍ ആയിശ ഫൈഹ. വല്യുമ്മ തിത്തുമ്മ നന്നേ ക്ഷീണിച്ചവശയായിട്ടുണ്ട്. ഫൈഹമോള്‍ക്കൊപ്പം ചിരിക്കാന്‍ അവര്‍ക്കാവുന്നില്ല. ഉമ്മച്ചിക്കും ഈയിടെയായി തീരെ മിണ്ടാട്ടമില്ല. ഏതു സമയത്തും പുറത്തിറങ്ങാതെ റൂമിനകത്ത് കയറിയിരിപ്പാണ്.ഇടക്കിടെ വീട്ടില്‍ ആരൊക്കെയോ വന്നു പോകുന്നുണ്ട്. ഉസ്താദുമാരും നാട്ടുകാരുമായി പലരും വന്നുപോകുമ്പോള്‍ തന്‍റെ ഉപ്പച്ചി എവിടെയാണ് പോയിരിക്കുന്നത്?. പാവപ്പെട്ട കുറേയാളുകള്‍ പൈസക്കും ഭക്ഷണത്തിനുമായി വീട്ടില്‍ വരുമ്പോള്‍ ഉപ്പച്ചിയെ കാണിച്ചുകൊടുത്തിരുന്നത് താനായിരുന്നു. പക്ഷേ,തന്‍റെ ഉപ്പച്ചിയെ ഇപ്പോള്‍ എവിടെയും കാണാനേയില്ല. ഉമ്മച്ചിയോട് പലതവണ ചോദിച്ചിട്ടും തേങ്ങിക്കരച്ചിലാണ് മറുപടിയായി കിട്ടിയത്. അപ്പോഴൊക്കെയും ആരൊക്കെയോ എടുത്തുകൊണ്ടുപോയി മിഠായികള്‍ നല്‍കിയെങ്കിലും ഉപ്പച്ചി കൊണ്ടുവരുന്ന മില്‍കിബാറിന്‍റെ രുചി ഒന്നിനും തോന്നിയില്ല. ഉപ്പച്ചി ഇങ്ങോട്ട് വരട്ടെ, ഫൈഹ മോള് മിണ്ടാന്‍ പോകൂലാ. ഇത്താത്തയോട് ചോദിക്കാം. ഫൈഹമോള്‍ എണീറ്റ് ഇത്താത്ത ഫിദയുടെ അടുത്തേക്ക് ചെന്നു ചോദിച്ചു. ഇത്താത്താ..ഉപ്പച്ചി എവിടേക്കാ പോയത്? കൊറേ ആളുകള് പുറത്ത് നിക്ക്ണ് ണ്ട്. ഉപ്പച്ചിയോട് വേഗം വരാന്‍ പറ. നമ്മുടെ ഉപ്പച്ചി മരിച്ചുപോയി മോളൂ..ഏഴുവയസ്സുള്ള ഫിദയുടെ വാക്കുകള്‍ കേട്ട് ഫൈഹക്കൊന്നും മനസ്സിലായില്ലെങ്കിലും വീടിനകത്തുനിന്നും വിങ്ങിപ്പൊട്ടുന്ന ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നു.
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴക്കാര്‍ക്ക് മുഹമ്മദ് ഹാജിയെന്നു വെച്ചാല്‍ ജീവനാണ്. അത്രയ്ക്കും സ്വീകാര്യനും ധനികനും ധര്‍മ്മിഷ്ടനുമായിരുന്നു പള്ളത്ത് മുഹമ്മദ് ഹാജി. ധനികരാവുക സ്വാഭാവികമാണ്, എന്നാല്‍ ജീവകാരുണ്യമുള്ളവനാവാനാണ് പ്രയാസം. പള്ളത്ത് വീട്ടില്‍ ദിവസവും സഹായമഭ്യര്‍ത്ഥിച്ച് എത്തുന്ന ആളുകളുടെ നിര കണ്ടാല്‍ തന്നെ അദ്ദേഹത്തിന്‍റെ ധര്‍മത്തെ നമുക്ക് മനസ്സിലാക്കാനാവും. മൂന്ന് ആണ്‍മക്കളുള്ള ആ കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞുപോന്നെങ്കിലും ഖോജരാജാവായ തമ്പുരാന്‍റെ വിധിക്കുത്തരം നല്‍കി മുഹമ്മദ് ഹാജി യാത്രയായി.
മൂന്നു മക്കളില്‍ ഇളയവനായിരുന്നു നൂറുദ്ദീന്‍. ഉപ്പയുടെ മരണശേഷം മൂത്ത ജ്യേഷ്ടന്‍ കുഞ്ഞിഹംസയായിരുന്നു നൂറുവിന് താങ്ങും തണലും. ഉപ്പയുടെ ധര്‍മനിഷ്ഠയും സ്വഭാവവും അതേപടി നൂറുവില്‍ സമ്മേളിച്ചിരുന്നു. മൃദുഭാഷിയും, മര്യാദക്കാരനും, അന്തര്‍മുഖനുമായിരുന്നു നൂറുദ്ദീന്‍ മറ്റുപലരില്‍ നിന്നും വ്യത്യസ്തനായി ജീവിച്ചു. പാരമ്പര്യമായി ലഭിച്ച സമ്പത്തുകൊണ്ട് ധനികനായി ജീവിക്കാമായിരുന്നിട്ടും ലാളിത്യമായിരുന്നു നൂറിവിന്‍റെ ജീവിതശൈലി. എളിമയും വിനയവും ഇപ്പോള്‍ നില്‍ക്കുന്ന പളളത്ത് വീടിന്‍റെ ചിത്രം കണ്ടാല്‍ തന്നെ മനസ്സിലാക്കിത്തരും. തികഞ്ഞ സുന്നികുടുംബമായിരുന്നു പള്ളത്ത് തറവാട്. മക്കളെ അഹ്ലുസ്സുന്നയോടൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ മുഹമ്മദ് ഹാജി കാണിച്ച നിര്‍ബന്ധം അണുവ്യത്യാസമില്ലാതെ മൂന്നുമക്കളും ശിരസാവഹിച്ചവരായിരുന്നു. അതുകൊണ്ടുതന്നെയാണ് നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് മര്‍കസ് ആര്‍ട്സ് കോളേജിലേക്ക് ചേരാന്‍ നൂറുവിനെ പ്രേരിപ്പിച്ചതും. ആദര്‍ശകൈരളിയുടെ അമരക്കാരന്‍ ശൈഖുനാ കാന്തപുരം ഉസ്താദിന്‍റെ സാമീപ്യത്തില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത് ജീവിതത്തിലെ വലിയ അഭിലാഷമായി അവനു തോന്നിയതും അതുകൊണ്ടാണ്. തന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതവെച്ച് ഭൗതിക മേഖലയിലെ ഏതു പ്രൊഫഷനും തെരഞ്ഞെടുക്കാമായിരുന്നിട്ടും അഹ്ലുസ്സുന്നയുടെ വക്താവായി ജീവിച്ചുപോരാന്‍ മറ്റൊരു കാരണവും കൂടി അവന്‍ കണ്ടെത്തിയിരുന്നു. തന്‍റെ മരണശേഷമുള്ള പരലോക ജീവിതത്തെകുറിച്ചുള്ള ചിന്തയായിരുന്നു അത്. സാമ്പത്തിക ഉന്നമനത്തിന് ആദര്‍ശം പണയം വെക്കുന്നവരും വിദ്വേഷവും വിരോധവും മൂത്ത് ഏത് നിഷ്ഠൂരമായ പ്രവര്‍ത്തിക്കും കൂട്ടുനില്‍ക്കുന്നവരും തിന്മയിലും അശ്ലീലങ്ങളിലും മുഴുകി ജീവിതം നയിച്ചവരും പരാജിതരാകുന്ന പരലോക ജീവിതത്തില്‍ തനിക്ക് ജയിക്കണമെങ്കില്‍ സുന്നികൈരളിയോടൊപ്പം അണിചേരണമെന്ന് നൂറുവിന് ചെറുപ്പത്തിലേ അറിവുണ്ടായിരുന്നു.
ശൈഖുനയുടെ ആത്മീയ ശിക്ഷണവും ഭൗതിക വിദ്യാഭ്യാസവും നേടി മര്‍കസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മണ്ണാര്‍ക്കാട് എം. ഇ.എസ് കോളേജില്‍ ബിഎ ഇസ്ലാമിക് ഹിസ്റ്ററിയില്‍ പഠിക്കാനാണ് നൂറുദ്ദീന്‍ തീരുമാനിച്ചത്. ആര്‍ട്സ് കോളേജിലെ പല കൂട്ടുകാരും തുടര്‍പഠനത്തിന് അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നാട്ടില്‍ തന്നെ ജീവിക്കണമെന്ന് നൂറുവിനെ പ്രേരിപ്പിച്ചത് മാതാപിതാക്കള്‍ക്ക് സേവനം ചെയ്യാനും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുമായിരുന്നു.
നൂറുവിന് 24 വയസ്സ് കഴിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി ജീവിതം പറിച്ചു നടപ്പെട്ടിരിക്കുന്നു. ഇനിയാണ് യഥാര്‍ത്ഥ ജീവിതം തുടങ്ങാന്‍ പോകുന്നത്. ഉപ്പയെ കണ്ടു വളര്‍ന്ന നൂറുവിന് ബിസിനസ് കൈകാര്യം ചെയ്യാന്‍ നന്നായറിയാമായിരുന്നു. നല്ലൊരു കച്ചവടക്കാരനുംകൂടിയായ നൂറുവിന് പക്ഷേ, കാര്‍ഷികവൃത്തിയോടായിരുന്നു കൂടുതല്‍ താല്പര്യം. അങ്ങനെയിരിക്കെയാണ് ഉപ്പയും ജ്യേഷ്ടനും ഒരു കല്യാണക്കാര്യവുമായി വരുന്നത്. വളാഞ്ചേരിക്കടുത്ത് ധനികനും നാട്ടുപ്രമാണിയുമായ കുടുംബത്തിലെ പെണ്‍കുട്ടിയാണ് വധു. പേര് ശരീഫ.
സാമ്പത്തിക ഭദ്രതയുണ്ടായിട്ടും ദീനീ ചുറ്റുപാടില്‍ ഒതുങ്ങിക്കൂടി ജീവിക്കുന്ന പാവം പെണ്‍കുട്ടിയായിരുന്നു അവള്‍. തന്‍റെ ജീവിതത്തിലെ വലിയൊരു ശരിയായിരുന്നു തന്‍റെ പ്രിയ സഖിയെന്ന് നൂറുവിന് തന്നെ പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.
കാലം അതിവേഗം ചലിച്ചുകൊണ്ടിരുന്നു. സന്തോഷത്തോടെ കഴിയുന്ന ആ ദാമ്പത്യബന്ധത്തിലേക്ക് അതിഥിയായി ഫഹീം, ഫിദാന്‍, ഫിദ, ആയിശാ ഫൈഹ എന്നീ നാലുമക്കള്‍ കൂടി വന്നുചേര്‍ന്നു. ആയിടയ്ക്കാണ് അത് സംഭവിക്കുന്നത്. സുന്നി പ്രസ്ഥാനത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടുതുടങ്ങിയിരിക്കുന്നു. അതിന്‍റെ പ്രതിഫലനമെന്നോണം തന്‍റെ കുഗ്രാമമായ കല്ലാങ്കുഴിയിലും എത്തിയതായി പലരുടെയും പെരുമാറ്റം കണ്ടപ്പോള്‍ നൂറുവിന് മനസ്സിലായി. അലനല്ലൂര്‍ അബ്ദുല്ല മുസ്ലിയാരും എ.വി മാനുപ്പ മുസ്ലിയാരുമടങ്ങുന്ന നേതൃത്വത്തെ ധിക്കരിക്കാന്‍ നൂറുവിനും ജ്യേഷ്ടന്‍ കുഞ്ഞുഹംസക്കുമായില്ല. എന്തുവന്നാലും യഥാര്‍ത്ഥ സുന്നിപ്രസ്ഥാനത്തോടൊപ്പം നില്‍ക്കാന്‍ തന്നെ ആ സഹോദരങ്ങള്‍ തീരുമാനിച്ചിരുന്നു. നാട്ടില്‍ ദീനീ സംവിധാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുമ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ അവര്‍ക്കായില്ല. നെറികേടുകള്‍ക്കെതിരെ ശബ്ദിക്കാന്‍ ധൈര്യം കാണിച്ച അവര്‍ക്കു മുന്നില്‍ ശത്രുക്കള്‍ കുമിഞ്ഞുകൂടി. തങ്ങളുടെ ചെയ്തികള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ആ സഹോദരങ്ങളെ വകവരുത്താന്‍ തന്നെ ശത്രുപക്ഷം തീരുമാനമെടുത്തു.
2013 നവംബര്‍ 20. സമയം രാത്രി 10 മണിയോടടുത്തിരിക്കുന്നു. പള്ളിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാകുന്നതില്‍ ഏറെ വേദന നൂറുവിനെ അലട്ടിയിരുന്നു. പക്ഷേ, പള്ളി പിടിച്ചെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്കെതിരെ എങ്ങിനെ പ്രതികരിക്കാതിരിക്കും. ഉപ്പയടക്കമുള്ള മുന്‍ഗാമികള്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയതാണീ പള്ളി. പള്ളി പ്രശ്നം ഒത്തുതീര്‍പ്പാക്കാനായി യോഗത്തിനുവരാനുള്ള കോള്‍ നൂറുവിനെ വല്ലാതെ സന്തോഷിപ്പിച്ചു. ഈ പ്രശ്നത്തിന് ഇനിയെങ്കിലും ഒരു പരിഹാരമാവുമെന്ന് അവന്‍ പ്രത്യാശിച്ചു. എതിര്‍പാര്‍ട്ടിയില്‍ പെട്ട ഒരു തങ്ങളുടെ വീട്ടില്‍ വെച്ചായിരുന്നു യോഗം. ജ്യേഷ്ടനേയുംകൂട്ടി നിസ്ക്കരിച്ചു യോഗത്തിന് യാത്രചെയ്യവേ കുറേ ചെറുപ്പക്കാര്‍ ചുറ്റും വളഞ്ഞു. നാട്ടില്‍വെച്ച് പരസ്പരം കണ്ട് പരിചയിച്ച മുഖങ്ങളാണോരോന്നും. മകളുടെ കല്യാണത്തിന് സഹായം വാങ്ങിയവരും ഗള്‍ഫില്‍ പോകാന്‍ പണം ചോദിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. നാഥനു മുമ്പില്‍ സുജൂദ് ചെയ്തെണീറ്റ് ദുആയിരന്ന ആ മനസ്സുകളില്‍ ചെറിയ ഭയം തോന്നി. വളഞ്ഞു നില്‍ക്കുന്ന ചെറുപ്പക്കാര്‍ അവരുടെ ഒളിപ്പിച്ച കരങ്ങള്‍ പുറത്തെടുത്തു. വാളുകളും വടികളും ബള്‍ബ് വെളിച്ചത്തില്‍ മിന്നിക്കൊണ്ടിരിക്കെ ആ ജ്യേഷ്ടസഹോദരങ്ങളുടെ തലയില്‍ ശരീരത്തിലുമായി വടിവാളുകള്‍ ആഴ്ന്നിറങ്ങുകയായിരുന്നു പിന്നീട്. രാത്രിയുടെ ശാന്തതയില്‍ ഉറങ്ങിക്കിടന്നവര്‍ നിലവിളികേട്ട് ഭയവിഹ്വലരായി. തെറിച്ചുവീണ രക്തത്തുള്ളികള്‍ മണ്ണിലൂടെ ചാലിട്ടൊഴുകി. കിടന്നുപിടയുന്ന അവരുടെ വേദനകളോ രോദനങ്ങളോ പൈശാചിക രൂപത്തിലെത്തിയ പഴയ കൂട്ടുകാര്‍ക്ക് കേള്‍ക്കാനാവില്ലായിരുന്നു. ജീവന്‍റെ അവസാന തുടിപ്പുകളില്‍ വെള്ളം ചോദിച്ച് അടുത്ത വീടുകളില്‍ ചെന്നെങ്കിലും കാരുണ്യമില്ലാത്ത മനുഷ്യക്കോലങ്ങലായിരുന്നു ആ വീടുകളിലെ സ്ത്രീകള്‍ക്ക്. മരണപ്പെട്ടിട്ടും കാപാലികരുടെ വിദ്വേഷം അടങ്ങിയില്ല, അടുത്തുള്ള പെട്ടിക്കടയിലേക്ക് വലിച്ചെറിഞ്ഞ് നൂറുവിന്‍റെ ശരീരത്തില്‍ നിന്നും രക്തത്തോടൊപ്പം മാംസക്കഷ്ണങ്ങളും തെറിച്ചുവീണു..ഇന്നാലില്ലാഹ്..
ഇനിയും ഞങ്ങള്‍ക്കിടയില്‍ നൂറുദ്ദീനും കുഞ്ഞുഹംസയുമുണ്ട്. സത്യത്തില്‍ ഉറച്ചുനിന്നതിന്‍റെ പേരില്‍ ശത്രുക്കളുടെ പീഡനങ്ങളും അക്രമങ്ങളും ഏറ്റുവാങ്ങിയ മുത്തുനബിയുടെയും സ്വഹാബത്തിന്‍റെയും പിന്‍തലമുറക്കാരാണ് ഞങ്ങള്‍. വിദ്വേഷത്തിന്‍റയോ വൈരാഗ്യത്തിന്‍റയോ ശൈലി ഞങ്ങള്‍ക്കന്യമാണ്. നെഞ്ചുറപ്പുണ്ടോ നേരിന്‍റ പക്ഷത്തു നില്‍ക്കാനെന്ന് ഉച്ചയിസ്ഥം വിളിച്ചു പറഞ്ഞവരാണ് ഞങ്ങള്‍. ആയുധങ്ങള്‍ കണ്ട് പത്തി മടക്കി ആദര്‍ശം പണയപ്പെടുത്താനല്ല, പകരം പരലോക വിജയം പുല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്.

Post a Comment